Advertisment

കേരള കോൺഗ്രസ് വിട്ടു പോകുമ്പോൾ കോട്ടയം പിടിച്ചെടുക്കാൻ ശക്തരായ സ്ഥാനാർഥികൾക്കായി എഐസിസി വിവരശേഖരണം തുടങ്ങി ! യുഡിഎഫ് കോട്ട കാക്കാൻ കരുത്തരെ കണ്ടെത്താൻ ഊർജ്ജിത നീക്കം ! അഡ്വ. ടോമി കല്ലാനി മുതൽ ലതികാ സുഭാഷ്, ഡോ. അജീസ് ബെൻ മാത്യുവരെ പരിഗണനയിലേക്ക് ! 

New Update

publive-image

Advertisment

കോട്ടയം: കേരളാ കോൺഗ്രസ്-എം യുഡിഎഫ് വിടുന്നതോടെ ഒഴിവു വരുന്ന നിയമസഭാ സീറ്റുകളിൽ ജയസാധ്യതയുള്ള കോൺഗ്രസ് സ്ഥാനാർഥികളെ തേടി എഐസിസി വിവരശേഖരണം തുടങ്ങി

കേരളാ കോൺഗ്രസിൻറെ ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസിൻറെ പഴയ പ്രതാപം വീണ്ടെടുക്കാൻ കഴിയുന്ന നേതൃനിരയെ കണ്ടെത്താൻ ലക്ഷ്യംവച്ചാണ് പുതിയ നീക്കം.

പ്രത്യേകിച്ച് ജോസ് കെ മാണി വിഭാഗത്തിന്‍റെ തട്ടകമായ കോട്ടയം ജില്ലയിൽ പാർട്ടിക്ക് ആധിപത്യം ഉറപ്പിക്കാൻ കഴിയുന്ന വിധമുള്ള സ്ഥാനാർഥികളെയും നേതൃനിരയെ യും സൃഷ്ടിച്ചെടുക്കാൻ ലക്ഷ്യമിട്ടാണ് എഐസിസിയുടെ സർവ്വേ. സ്വകാര്യ ഏജൻസി വഴിയാണ് വിവരശേഖരണം.

കേരള കോൺഗ്രസ്-എം മുന്നണി വിടുന്ന സാഹചര്യത്തിലും ജില്ലയിലെ ഒന്നാമത്തെ പാർട്ടിയാക്കി കോൺഗ്രസിനെ നിലനിർത്തണമെന്ന നിർബന്ധബുദ്ധി എഐസിസിയ്ക്കുണ്ട്.

കേരളപ്പിറവിക്കുശേഷം വലതുപക്ഷ രാഷ്ട്രീയത്തെ കൈയ്യൊഴിയാത്ത ജില്ലയാണ് കോട്ടയം. അതിനാൽ തന്നെ കോട്ടയത്തിന്‍റെ കാര്യത്തില്‍ എഐസിസി വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല.

ഇവിടെ ജോസ് കെ മാണി പക്ഷം കഴിഞ്ഞ തവണ ജയിച്ചതും മത്സരിച്ചതുമായ മുഴുവന്‍ സീറ്റുകളും ഇത്തവണ കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്നാണ് നിര്‍ദ്ദേശം.

മാത്രമല്ല, അണികളില്‍ മതിപ്പുളവാക്കാന്‍ പോന്ന സ്ഥാനാര്‍ത്ഥികളെ ഇവിടേയ്ക്ക് കണ്ടെത്തണമെന്നും നിര്‍ദ്ദേശമുണ്ട്. യുവത്വത്തിന് കൂടുതൽ പരിഗണന നൽകണമെന്നാണ് നിർദ്ദേശം.

സ്ഥാനാര്‍ഥി മോഹികളില്‍ യുവാക്കള്‍ മുതല്‍ നഗരസഭാ വാര്‍ഡില്‍ നാലാം സ്ഥാനത്തു പോയവര്‍ വരെ !

അതേസമയം കേരള കോൺഗ്രസ് ഒഴിഞ്ഞിട്ട സീറ്റുകള്‍ ലക്ഷ്യംവെച്ച് കോൺഗ്രസ് നേതാക്കളുടെ ഒരു പട തന്നെ രംഗത്തുണ്ട്. അതിൽ ജയിക്കുമെന്നുറപ്പുള്ളവർ തുടങ്ങി നഗരസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ച് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട മുതിർന്ന നേതാക്കൾ വരെയുണ്ട്.

സിറ്റിംഗ് സീറ്റായ കോട്ടയത്ത് തിരുവഞ്ചൂർ രാധാകൃഷ്ണനും പുതുപ്പള്ളിയിൽ ഉമ്മൻ ചാണ്ടിയുമെന്ന കാര്യത്തിൽ തർക്കമില്ല. പാലായിൽ സിറ്റിങ്ങ് എംഎൽഎ മാണി സി കാപ്പൻ നേതൃത്വം നൽകുന്ന എൻസിപി യിലെ ഒരു വിഭാഗം ഇടതുമുന്നണിയുമായി തെറ്റിയാൽ ഇവിടെ കാപ്പനെ തന്നെ മത്സരിപ്പിക്കാനാണ് യുഡിഎഫിന്‍റെ നീക്കം. അതിനാൽ കോൺഗ്രസ് നേതാക്കളാരും പാലായ്ക്ക് വേണ്ടി രംഗത്തില്ല.

കോട്ടയത്ത് കേരള കോൺഗ്രസ് ഒഴിയുന്ന ചില സീറ്റുകളെങ്കിലും തങ്ങൾക്ക് വേണമെന്ന കാര്യത്തിൽ ജോസഫ് വിഭാഗം ബലം പിടിക്കുമെങ്കിലും അംഗീകരിക്കില്ല.

ജോസഫിന് കോട്ടയത്ത് അണികളില്ലെന്ന് കോൺഗ്രസിനറിയാം. 50 വർഷത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും കോൺഗ്രസിൻറെ ചിലവിൽ ഇവിടെ ഘടകകക്ഷികളെ വാഴിയ്ക്കാൻ പ്രവർത്തകർ ഇനിയും തയ്യാറാകില്ല.

കടുത്തുരുത്തിയിലൊഴികെ 100 പ്രവർത്തകരെ തികച്ചെടുക്കാൻ കഴിയുന്ന സ്ഥിതി വേറൊരു നിയോജകമണ്ഡലത്തിലും ജോസഫ് വിഭാഗത്തിനില്ല. അതിനാൽ കടുത്തുരുത്തി ഒഴികെയുള്ള കേരള കോൺഗ്രസ് സീറ്റുകൾ കോൺഗ്രസ് ഏറ്റെടുക്കും.

ചങ്ങനാശ്ശേരിയിൽ പിന്തുടർച്ചയില്ല !

publive-image

ചങ്ങനാശ്ശേരി സീറ്റ് കോട്ടയത്ത് അഭിഭാഷകയായ തൻറെ മകൾക്ക് നൽകണമെന്ന ആഗ്രഹം സിഎഫ് തോമസ് ജോസഫിനെ അറിയിച്ചിട്ടുണ്ട്. പക്ഷേ നിലവിലെ സ്ഥിതിയിൽ അത് പ്രായോഗികമാകാനിടയില്ല. ഏതു വെല്ലുവിളിയും ഏറ്റെടുക്കാൻ പാകത്തിൽ അങ്ങനൊരു സഹതാപതരംഗവും ചങ്ങനാശ്ശേരിയിൽ ഉള്ളതായി കോൺഗ്രസ് കാണുന്നില്ല.

ജോസഫ് ഗ്രൂപ്പിന് ഒരു നഗരസഭാ വാർഡില്‍പോലും ആധിപത്യമുള്ള സ്ഥലമല്ല ചങ്ങനാശ്ശേരി. മാത്രമല്ല പണ്ടുമുതൽ കോൺഗ്രസാണ് ചങ്ങനാശ്ശേരിയിലെ ഒന്നാം പാർട്ടി.

ഇവിടെ യൂത്ത് കോൺഗ്രസ് മുൻ ജനറൽ സെക്രട്ടറിയും ബിസിഎം കോളേജ് അധ്യാപകനുമായ ഡോ. അജീസ് ബെന്‍ മാത്യൂസിനാണ് മുൻഗണ. നാട്ടുകാരനായ കെപിസിസി സെക്രട്ടറി ജോസി സെബാസ്റ്റ്യനും രംഗത്തുണ്ട്.

ഇരുവരും മണ്ഡലത്തിൽ സാധ്യതയുള്ള സ്ഥാനാർഥികളുമാണ്. കെ സി ജോസഫ് എംഎൽഎയാണ് ചങ്ങനാശ്ശേരി പ്രതീക്ഷിക്കുന്ന മറ്റൊരു ശക്തൻ.

ഏറ്റുമാനൂരിൽ പരീക്ഷണം !

മറ്റൊരു കോൺഗ്രസ് ശക്തികേന്ദ്രമാണ് ഏറ്റുമാനൂർ. കാലങ്ങളായി പഞ്ചായത്തും നഗരസഭയും കോൺഗ്രസാണ് ഭരിക്കുന്നത്. കെപിസിസി സെക്രട്ടറിമാരായ നാട്ടകം സുരേഷ്, ഫിലിപ്പ് ജോസഫ്, മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാ സുഭാഷ് എന്നിവർ സീറ്റിനായി രംഗത്തുണ്ട്.

ഇവിടെ പാർട്ടി ഘടകങ്ങൾ മുന്നോട്ടു വയ്ക്കുന്ന പേര് കെപിസിസി ജനറൽ സെക്രട്ടറിയും മുൻ ഡിസിസി അധ്യക്ഷനുമായിരുന്ന അഡ്വ. ടോമി കല്ലാനിയുടേതാണ്. ഏറ്റുമാനൂർ മുൻ നഗരസഭാധ്യക്ഷൻ ജെയിംസ് തോമസ് പ്ലാക്കിത്തൊട്ടിയും പരിഗണനയിലുണ്ട്.

കരുത്തരെ തേടി കാഞ്ഞിരപ്പള്ളി !

യുഡിഎഫിന്‍റെ ശക്തികേന്ദ്രമായ കാഞ്ഞിരപ്പള്ളിയിൽ ഇത്തവണ കോൺഗ്രസിന് വലിയ സാധ്യതകളാണുള്ളത്. മഹിളാ കോൺഗ്രസ് അധ്യക്ഷ ലതികാസുഭാഷിനാണ് ഇവിടെ മുൻതൂക്കം.

കേരള കോൺഗ്രസ് ഇടതുമുന്നണിയിലെത്തിയാലും സിപിഐയുടെ 'സഹകരണം' കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾക്കെതിരെ പ്രതീക്ഷിക്കുന്നതിൽ ഒന്നാമത്തെ മണ്ഡലമാണ് കാഞ്ഞിരപ്പള്ളി. സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍റെ നാട് ഈ മണ്ഡലത്തിലാണ്. ഡിസിസി പ്രസിഡൻറ് ജോഷി ഫിലിപ്പിനെയും ഇവിടെ പരിഗണിച്ചേക്കും.

ഇത്തവണ പൂഞ്ഞാറിൽ തീപാറും !

ഇത്തവണ കോൺഗ്രസ് ഏറ്റെടുക്കുമെന്ന് ഉറപ്പുള്ള മണ്ഡലമാണ് പൂഞ്ഞാർ. ജോസഫ് വിഭാഗം ഈ സീറ്റ് ആവശ്യപ്പെടുന്നുണ്ടെങ്കിലും പാറത്തോട് പഞ്ചായത്തിൽ ഒഴികെ മറ്റൊരു പഞ്ചായത്തിലും നാമമാത്ര പ്രവർത്തകർ പോലുമുള്ള പാർട്ടിയല്ല പൂഞ്ഞാറിൽ ജോസഫ് വിഭാഗം.

കെപിസിസി ജനറൽ സെക്രട്ടറി ടോമി കല്ലാനിയെ പ്രധാനമായും പരിഗണിക്കുന്ന മണ്ഡലം കൂടിയാണിത്. കോട്ടയം ജില്ലയിൽ കോൺഗ്രസിൻറെ സ്ഥാനാർഥി പരിഗണനയിൽ ഒന്നാം പേരുകാരൻ കൂടിയാണ് കല്ലാനി. കെപിസിസി സെക്രട്ടറി അഡ്വ. പി എ സലിമിനും പൂഞ്ഞാറിൽ താല്പര്യമുണ്ട്.

കടുത്തുരുത്തി ജോസഫ് ഗ്രൂപ്പിനുതന്നെ നൽകും. വൈക്കത്ത് കഴിഞ്ഞ തവണ മത്സരിച്ച വനിത നേതാവ് വീണ്ടും സ്ഥാനാർത്ഥിയാകും. കടുത്തുരുത്തിയും ഏറ്റുമാനൂരും തമ്മിൽ വച്ചുമാറണമെന്ന നിർദേശം ജോസഫ് ഗ്രൂപ്പ് മുന്നോട്ട് വയ്ക്കുമെന്ന് അഭ്യൂഹമുണ്ട്.

ജോസ് കെ മാണി വിഭാഗത്തിന്‍റെ ശക്തികേന്ദ്രമായ കടുത്തുരുത്തി യേക്കാൾ ഏറ്റുമാനൂരാണ് മോന്‍സ് ജോസഫിന് സുരക്ഷിത മണ്ഡലമായി ജോസഫ് വിഭാഗം കാണുന്നത്.

 

 

 

 

 

 

 

 

kerala congress
Advertisment