Advertisment

ദീര്‍ഘകാല പുനരധിവാസം അടിയന്തിര പ്രാധാന്യത്തോടെ പരിഗണിക്കണം - കെ. ഫ്രാന്‍സീസ്‌ ജോര്‍ജ്‌

New Update

കോട്ടയം:  കേരളം കണ്ട മഹാ ദുരന്തം നേരിടുന്നതിനും അതിജീവിക്കുന്നതിനും ഒരു പരിധി വരെ വിജയിച്ചിരിക്കുകയാണ്‌. ഇത്‌ സാധ്യമായത്‌ സര്‍ക്കാര്‍ സംവിധാനങ്ങളുടെ ജാഗ്രതയോടെയുള്ള ഇടപെടലും, വിവിധ സന്നദ്ധ സംഘടനകളുടെയും ജനങ്ങളുടെ പൊതുവിലുള്ള സഹകരണവും സഹായവും മൂലമാണെന്ന്‌ ജനാധിപത്യ കേരള കോണ്‍ഗ്രസ്സ്‌ ചെയര്‍മാന്‍ കെ. ഫ്രാന്‍സീസ്‌ ജോര്‍ജ്‌.

Advertisment

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിവിധ സമുദായങ്ങളുടെ പങ്കാളിത്വം വളരെ മാതൃകാപരമായിരുന്നു. പുനരധിവാസ പ്രവര്‍ത്തനങ്ങളിലും സാമുദായിക പ്രസ്ഥാനങ്ങളുടെ പങ്കാളിത്വം ഉറപ്പാക്കുന്നതിലൂടെ ഫലപ്രദമായ തലത്തില്‍ ആ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുവാന്‍ കഴിയും. ഇനി നമ്മള്‍ ശ്രദ്ധിക്കേണ്ടത്‌ ദുരിതബാധിതരായ നമ്മുടെ സഹോദരങ്ങളുടെ സമ്പൂര്‍ണ്ണമായ പുനരധിവാസത്തെക്കുറിച്ചാണ്‌.

ഭവനങ്ങളും, കൃഷിയും, ഉറ്റവരെയും നഷ്‌ടപ്പെട്ട ജനങ്ങള്‍ നേരിടുന്നത്‌ വളരെ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളാണ്‌. ഈ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങളെ വില്ലേജ്‌ അടിസ്ഥാനത്തില്‍ വിലയിരുത്തി കണക്കെടുത്ത്‌ സമഗ്രമായ പുനരധിവാസത്തിനുള്ള പദ്ധതി തയ്യാറാക്കി സമയബന്ധിതമായി നടപ്പിലാക്കുകയാണ്‌ വേണ്ടത്‌. അതിന്‌ വിവാദങ്ങളൊഴിവാക്കി എല്ലാവരും സഹകരിക്കുകയാണ്‌ വേണ്ടത്‌.

ലഭ്യമായിട്ടുള്ളതും ലഭ്യമാക്കാവുന്നതുമായ എല്ലാ സഹായങ്ങളും സ്വീകരിച്ച്‌ സമഗ്ര പുനരധിവാസം ഉറപ്പാക്കണം. ദുരഭിമാനവും സാങ്കേതികത്വവും വെടിഞ്ഞ്‌ യാഥാര്‍ത്ഥ്യ ബോധത്തോടെ ഈ ദുരന്തത്തില്‍ നിന്ന്‌ കരകയറാനുള്ള നടപടികളാണ്‌ വേണ്ടത്‌. കാര്‍ഷിക മേഖലയുടെ പുനരധിവാസത്തിന്‌ ദീര്‍ഘകാല പദ്ധതിയാണ്‌ വേണ്ടത്‌.

കാര്‍ഷിക കടങ്ങള്‍ക്കുള്ള മോറൊട്ടോറിയം, പലിശ എഴുതി തള്ളല്‍ എന്നീ നടപടികള്‍ സഹകരണ ബാങ്കുകള്‍ക്കും ബാധകമാക്കണം. കാരണം കാര്‍ഷിക മേഖലയുടെ തകര്‍ച്ചയുടെ രൂക്ഷത വരും വര്‍ഷങ്ങളിലാണ്‌ ഏറ്റവും കൂടുതല്‍ അനുഭവപ്പെടാന്‍ പോകുന്നത്‌. ചെറുകിട വ്യാപാരികളും കര്‍ഷകരും ഏറ്റവും കൂടുതല്‍ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി ബന്ധപ്പെടുന്നത്‌ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ടാണ്‌.

കര്‍ഷകര്‍ എടുത്തിട്ടുള്ള മുഴുവന്‍ കടങ്ങള്‍ക്കും സംസ്ഥാനത്തെ സഹകരണ ബാങ്കുകള്‍ ഉള്‍പ്പെടെ എല്ലാ ബാങ്കുകളെയും മോറൊട്ടോറിയത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.

Advertisment