Advertisment

വീട് മഴയെടുത്തപ്പോള്‍ ദുരിതാശ്വാസ ക്യാമ്പിലാക്കിയ രണ്ടു കുടുംബങ്ങള്‍ വെള്ളം താഴ്ന്നിട്ടും ക്യാമ്പായ സ്കൂളില്‍ നിന്നും വിട്ടുപോകുന്നില്ല. സ്കൂള്‍ തുറക്കാന്‍ നിര്‍വ്വാഹമില്ലാതെ അധികൃതര്‍. സ്കൂളിന് അവധി നീട്ടിനല്‍കി

author-image
സുനില്‍ പാലാ
New Update

publive-image

Advertisment

പാലാ:  വെള്ളപ്പൊക്കക്കെടുതിയില്‍ വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടിയ മലവേടർ കുടുംബങ്ങൾ സ്കൂൾ വിട്ടുപോകാൻ തയാറാകാത്തത് വിവാദമാകുന്നു. ഇന്ന് ക്ലാസ്സുകൾ തുടങ്ങാനിരിക്കെ കുടുംബങ്ങൾ സ്കൂൾ ഒഴിയാത്തത് പ്രതിസന്ധി രൂക്ഷമാക്കും താമസിക്കാന്‍ കൂരയില്ലാതെ തങ്ങള്‍ എവിടെപ്പോകുമെന്ന ചോദ്യമാണിവര്‍ അധികാരികള്‍ക്ക് മുന്നില്‍ ഉയര്‍ത്തുന്നത്.

അതേ സമയം ക്യാമ്പിൽ അഭയം തേടിയവരെ പെരുവഴിയിലേക്ക് ഇറക്കിവിടാൻ അനുവദിക്കില്ലെന്ന നിലപാടുമായി ബി.ജെ.പി.യും രംഗത്തെത്തി. മീനച്ചില്‍ താലൂക്കില്‍ രാമപുരം പഞ്ചായത്തിലെ ഏഴാച്ചേരി വലിയതോടിന് സമീപം താമസിച്ചിരുന്ന മൂന്ന് കുടുംബങ്ങളെയാണ് തോട്ടില്‍ വെള്ളമുയര്‍ന്ന് വീട് നഷ്ടപ്പെട്ടതോടെ ഏഴാച്ചേരി ചിറ്റേട്ട് എന്‍.എസ്.എസ്. ജി.എല്‍.പി. സ്‌കൂളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത്.

പഞ്ചായത്ത് മെമ്പര്‍ എം.ഒ. ശ്രീക്കുട്ടന്റെയും റവന്യൂ അധികാരികളുടെയും നേതൃത്വത്തിലായിരുന്നു ഇവരെ മാറ്റിപ്പാര്‍പ്പിച്ചത്. സ്ത്രീകളും വിദ്യാര്‍ത്ഥികളുമുള്‍പ്പെടെ മൂന്ന് കുടുംബത്തില്‍ നിന്നായി പതിമൂന്ന് പേര്‍ കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ ക്യാമ്പില്‍ കഴിയുകയാണ്. രാജന്‍, ജയന്‍, ലീല രാമചന്ദ്രന്‍ എന്നിവരുടെ കുടുംബങ്ങളാണിവിടെ കഴിയുന്നത്.

publive-image

സര്‍ക്കാരില്‍ നിന്നും അരിയുംമറ്റും ലഭിച്ചെങ്കിലും ഇവര്‍ക്കുവേണ്ട ഭക്ഷണവസ്തുക്കളും മറ്റു സൗകര്യങ്ങളും ഒരുക്കിക്കൊടുത്തത് ബി.ജെ.പി. നേതാക്കളായ ജയന്‍ കരുണാകരന്‍, സുരേഷ് ഏഴാച്ചേരി, പഞ്ചായത്ത് മെമ്പര്‍ എം.ഒ. ശ്രീക്കുട്ടന്‍ എന്നിവരുടെ നേതൃത്വത്തിലാണ്. നാട്ടില്‍ പിരിവെടുത്തും മറ്റുമാണ് ബി.ജെ.പി. നേതാക്കള്‍ ഇതിനുള്ള തുക സമാഹരിച്ചത്. വെള്ളപ്പൊക്കത്തില്‍ ഒരു കുടുംബത്തിന്റെ വീട് പൂര്‍ണ്ണമായും തകരുകയും രണ്ടു വീടുകള്‍ ഉപയോഗശൂന്യമാവുകയും ചെയ്തിരുന്നു.

ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്നതിനാല്‍ കഴിഞ്ഞ രണ്ടുദിവസവും സ്‌കൂളിന് അവധിയായിരുന്നു. എന്നാല്‍ തോട്ടില്‍ വെള്ളം താഴ്ന്നതോടെ ഇവരോട് മാറിത്താമസിക്കാന്‍ റവന്യൂ അധികൃതര്‍ ആവശ്യപ്പെട്ടെങ്കിലും വീടില്ലാതെ തങ്ങള്‍ക്ക് പോകാന്‍ കഴിയില്ലെന്ന നിലപാടില്‍ ഇവര്‍ ഉറച്ച് നില്‍ക്കുകയാണ്.

പൊതുവഴിയിലേക്ക് ഇവരെ ഇറക്കിവിടാന്‍ അനുവദിക്കില്ലെന്ന നിലപാടുമായി ബി.ജെ.പിയും രംഗത്തെത്തിയതോടെ സംഭവം വിവാദമായി. റവന്യൂ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടും കുടുംബങ്ങള്‍ സ്‌കൂള്‍ വിടാന്‍ തയ്യാറാകാതെ വന്ന സാഹചര്യത്തില്‍ രാമപുരം സി.ഐ. ജോയി മാത്യു, എസ്.ഐ. ജെര്‍ലിന്‍ സ്‌കറിയ എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് സംഘവും സ്ഥലത്തെത്തി. ഇതോടെ സ്കൂളിന് മൂന്ന്‍ ദിവസം കൂടി അവധി നല്‍കിയിരിക്കുകയാണ്.

publive-image

ഇതിനിടെ രാമപുരം പോലീസ് വിവരം , പാലാ ഡി.വൈ.എസ്.പി, കോട്ടയം പോലീസ് ചീഫ്, ജില്ലാ കളക്ടര്‍, എ.ഡി.എം എന്നിവരെ അറിയിച്ചു. പുറമ്പോക്കില്‍ താമസിച്ചിരുന്ന കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന്‍ നിയമപരമായി ബുദ്ധിമുട്ട് ഉണ്ടെന്നാണ് റവന്യു ഉദ്യോഗസ്ഥര്‍ പറയുന്നത്. വെള്ളപ്പൊക്കക്കെടുതി തീര്‍ന്നതിനാല്‍ കുടുംബങ്ങള്‍ എത്രയും വേഗം സ്‌കൂള്‍ വിട്ട് പോകണമെന്നും റവന്യു അധികാരികള്‍ ആവശ്യപ്പെടുന്നു.

എന്നാല്‍ പകരം വാസസ്ഥലമില്ലാതെ തങ്ങള്‍ സ്‌കൂള്‍ വിട്ട് പോകില്ലെന്ന് കുടുംബാംഗങ്ങള്‍ പറയുന്നു. ഇവരെ ബലമായി ഇറക്കിവിട്ടാല്‍ ശക്തമായി പ്രതികരിക്കുമെന്ന് ബി.ജെ.പി. നേതാക്കളും മുന്നറിയിപ്പ് നല്‍കുന്നു. ഇന്ന് ക്ലാസ് തുടങ്ങുമെന്ന് സ്‌കൂള്‍ അധികാരികള്‍ രക്ഷാകര്‍ത്താക്കളെ അറിയിച്ചിട്ടുണ്ട്. പ്രശ്ന പരിഹാരത്തിനായി റവന്യൂ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ ഇന്ന് കുടുംബങ്ങളുമായി ചർച്ച നടത്തും.

Advertisment