എ പി അബ്ദുള്ളക്കുട്ടിയെ സംരക്ഷിക്കണമെന്ന് കെപിസിസിയ്ക്ക് ഹൈക്കമാന്റ് നിര്‍ദ്ദേശം. കാസര്‍കോഡ് സ്ഥാനാര്‍ഥിയാക്കാനും സാധ്യത ! സിപിഎമ്മില്‍ കരുണാകരന് പകരം സതീശ് ചന്ദ്രന് സാധ്യത !

ജെ സി ജോസഫ്
Wednesday, June 27, 2018

ഡല്‍ഹി:  സി പി എമ്മില്‍ നിന്നും കോണ്‍ഗ്രസിലെത്തിയ എസ് എഫ് ഐ മുന്‍ സംസ്ഥാന അധ്യക്ഷനും എം എല്‍ എയും എം പിയുമായിരുന്ന എ പി അബ്ദുള്ളക്കുട്ടിയെ മാന്യമായ പരിഗണന നല്‍കി സംരക്ഷിക്കണമെന്ന് കെ പി സി സിയ്ക്ക് എ ഐ സി സിയുടെ നിര്‍ദ്ദേശം.

സോളാര്‍ കേസില്‍ ആരോപണ വിധേയനാക്കി സി പി എം കരുതിക്കൂട്ടി അബ്ദുള്ളക്കുട്ടിയെ അപമാനിക്കാന്‍ ശ്രമിച്ചപ്പോള്‍ ഗ്രൂപ്പ് വൈരത്തിന്റെ പേരില്‍ കണ്ണൂരിലെ കോണ്‍ഗ്രസുകാരും അബ്ദുള്ളക്കുട്ടിക്ക് അയിത്തം കല്പ്പിച്ചെന്ന പരാതി ഹൈക്കമാന്റിന് മുന്നിലുണ്ട്. പിന്നീട് സംസ്ഥാനത്ത് നിന്ന് താമസം മാറ്റാന്‍ വരെ ആലോചിച്ച അബ്ദുള്ളക്കുട്ടിയെ എന്ത് വിലകൊടുത്തും സംരക്ഷിക്കണമെന്ന നിര്‍ദ്ദേശമാണ് ഹൈക്കമാന്റ് നല്‍കിയിരിക്കുന്നത്.

അതിനൊപ്പം അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടിയെ കാസര്‍കോഡ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയാക്കുന്നതിനുള്ള സാധ്യതകളും ഹൈക്കമാന്റ് തേടിയിട്ടുണ്ട്. ഉമ്മന്‍ചാണ്ടി അടക്കമുള്ള പല പ്രമുഖ നേതാക്കള്‍ക്കും അബ്ദുള്ളക്കുട്ടി മത്സരിച്ചാല്‍ കാസര്‍കോഡ് തിരിച്ചുപിടിക്കാം എന്ന അഭിപ്രായമാണുള്ളത്.

മറ്റ്‌ പാര്‍ട്ടികളില്‍ നിന്നും കോണ്‍ഗ്രസിലെത്തുന്ന നേതാക്കളെ കേരളത്തിലെ പാര്‍ട്ടി പിന്നീട് അവഗണിക്കുകയാണെന്നും സംരക്ഷിക്കുന്നില്ലെന്നുമുള്ള പരാതി നാളുകളായി കോണ്‍ഗ്രസ് ഹൈക്കമാന്റിന് മുന്നിലുണ്ട്. അതേസമയം, സി പി എം ആണെങ്കില്‍ കോണ്‍ഗ്രസില്‍ നിന്നും ലീഗില്‍ നിന്നും പാര്‍ട്ടിയിലെത്തുന്നവര്‍ക്ക് പ്രഥമ പരിഗണന തന്നെയാണ് നല്‍കുന്നത്. അതിനാല്‍ ഈ രീതി മാറ്റണമെന്നാണ് എ ഐ സി സിയുടെ നിലപാട്.

അതേസമയം, കാസര്‍കോഡ് സിറ്റിംഗ് എംപി പി കരുണാകരനെ മാറ്റി നിലവിലെ ജില്ലാ സെക്രട്ടറി കെ പി സതീശ് ചന്ദ്രനെ സി പി എം സ്ഥാനാര്‍ഥിയാക്കുമെന്ന അഭ്യൂഹവും ശക്തമാണ്. മുന്‍ എം എല്‍ എയും ജനപ്രിയ നേതാവുമാണ് സതീശ് ചന്ദ്രന്‍.

×