Advertisment

ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 12, 13 തീയതികളിൽ

author-image
admin
New Update

തിരുവനന്തപുരം:  ബാങ്ക് ലയനത്തിനുശേഷം നടക്കുന്ന ട്രാവൻകൂർ സ്‌റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സമ്മേളനം ഈ മാസം 12, 13 തീയതികളിൽ നടക്കും. തിരുവനന്തപുരം രാജധാനി ഓഡിറ്റോറിയം, ഗാന്ധി പാർക്ക് എന്നിവിടങ്ങളിലാണ് സമ്മേളനം നടക്കുന്നത്.

Advertisment

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആയിരത്തോളം പ്രതിനിധികൾ അസോസിയേഷന്റെ ഇരുപത്തിയൊമ്പതാം സമ്മേളനത്തിൽ പങ്കെടുക്കും.

publive-image

രാജ്യത്തെ ബാങ്കിങ്ങ് മേഖലയിലെ ഏറ്റവും വലിയ തൊഴിലാളി സംഘടനയായ ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ ഘടകമാണ് ട്രാവൻകൂർ സ്‌റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ.

മെയ് 12ന് രാവിലെ 8 മണിക്ക് ദീപശിഖാറാലിയോടെ ആരംഭിക്കുന്ന സംസ്ഥാന സമ്മേളനം പത്ത് മണിക്ക് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. പത്തരയ്ക്ക് ആരംഭിക്കുന്ന പ്രതിനിധി സമ്മേളനം എഐബിഇഎ ജനറൽ സെക്രട്ടറി സി എച്ച് വെങ്കടാചലം ഉദ്ഘാടനം ചെയ്യും. ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷൻ ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണ റിപ്പോർട്ട് അവതരിപ്പിക്കും.

വൈകുന്നേരം 4.45ന് പാളയം രക്തസാക്ഷി മണ്ഡപം മുതൽ ഗാന്ധിപാർക്ക് വരെ പ്രകടനം. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ മുൻ എംപി പന്ന്യൻ രവീന്ദ്രൻ സ്വാഗതം പറയും. ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി പി തിലോത്തമൻ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യും. എഐബിഇഎ ജനറൽ സെക്രട്ടറി സി എച്ച് വെങ്കടാചലം ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. സി ഡി ജോസൻ, എം ഡി ഗോപിനാഥ്, എസ് സുരേഷ്‌കുമാർ എന്നിവർ പ്രസംഗിക്കും. രാത്രി എട്ട് മണിക്ക് ജീവനക്കാരുടെ നേതൃത്വത്തിൽ സംഗീതനിശ.

രണ്ടാംദിവസം രാവിലെ മുതൽ പ്രതിനിധി സമ്മേളനവും ചർച്ചയും. എ.ഐ.ബി.ഇ.എ മുൻ വൈസ് പ്രസിഡന്റ് പി എസ് സുന്ദരേശൻ, എ.കെ.ബി.ഇ.എഫ് സംസ്ഥാന വനിതാ കൺവീനർ പി ഗീത എന്നിവർ ആശംസ അറിയിക്കും.

ആറ് പതിറ്റാണ്ടിലേറെയായി ട്രാവൻകൂർ ബാങ്ക്- സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ എന്നീ ബാങ്കുകളിൽ പ്രവർത്തിച്ച സംഘടന എസ്ബിടി-എസ്ബിഐ ലയനത്തിനുശേഷം ആൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷന്റെ ഘടകമായി പ്രവർത്തിക്കുകയാണ്. ബാങ്ക് ലയനത്തെ തുടക്കംമുതൽ തന്നെ എതിർത്ത് പോന്ന ടി.എസ്.ബി.ഇ.എ സംസ്ഥാന സമ്മേളനത്തെ ഏറെ പ്രതീക്ഷയോടെയാണ് പ്രതിനിധികൾ നോക്കി കാണുന്നതെന്ന് അസ്സോസിയേഷന്‍ പ്രസിഡന്റ് അനിയന്‍ മാത്യു പറഞ്ഞു.

സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽ വിവിധ വിഷയങ്ങളിലുള്ള പ്രഭാഷണങ്ങൾ, സെമിനാറുകൾ, ചിത്രപ്രദർശനങ്ങൾ, പ്രചരണജാഥകൾ, കലാ-സാഹിത്യ- ലേഖന മത്സരങ്ങൾ എന്നിവ സംഘടിപ്പിച്ചിരുന്നു.

എസ്.ബി.ഐയെ ആഗോള ബാങ്കായി മാറ്റാനുള്ള ശ്രമത്തിനിടയിൽ ശാഖകൾ അടച്ചുപൂട്ടുക, സേവനനിരക്കുകൾ വർദ്ധിപ്പിക്കുക, നിക്ഷേപ പലിശനിരക്ക് കുറയ്ക്കുക, മിനിമം ബാലൻസ് നിബന്ധനകൾ ചുമത്തുക, ചെറുകിട ഇടപാടുകാരെ അവഗണിക്കുക തുടങ്ങിയ ജനവിരുദ്ധ നയങ്ങളാണ് നടപ്പിലാക്കുന്നതെന്ന് ടി.എസ്.ബി.ഇ.എ ജനറൽ സെക്രട്ടറി കെ എസ് കൃഷ്ണ പറഞ്ഞു.

കോർപ്പറേറ്റുകൾക്ക് നൽകിയ വായ്പകൾ കിട്ടാക്കടങ്ങളായി മാറിയെന്നും കൃഷി, ചെറുകിട വ്യവസായം, സ്വയംതൊഴിൽ, ഗ്രാമവികസനം, വിദ്യാഭ്യാസം തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്ക് താങ്ങാവുന്ന പലിശനിരക്കുകളിൽ വായ്പകൾ നൽകാൻ എസ്ബിഐയ്ക്ക് താത്പര്യമില്ലെന്നും കെ എസ് കൃഷ്ണ ആരോപിച്ചു.

ലയനാനന്തരം എസ്ബിഐ നടപ്പിലാക്കുന്ന തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ ശക്തമായ നിലപാട് എടുക്കാൻ ട്രാവൻകൂർ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷന് സാധിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേർത്തു. ജനവിരുദ്ധ ബാങ്കിങ്ങ് നയങ്ങൾക്കെതിരെ പ്രക്ഷോഭം ശക്തമാക്കാനുള്ള തീരുമാനം സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

ട്രാവന്‍കൂര്‍ സ്റ്റേറ്റ് ബാങ്ക് എംപ്ലോയീസ് അസ്സോസിയേഷന്‍ പ്രസിഡന്റ് അനിയന്‍ മാത്യു, ജനറല്‍ സെക്രട്ടറി കെ എസ് കൃഷ്ണ, സെക്രട്ടറി ആര്‍ ചന്ദ്രശേഖരന്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എസ് സുരഷ്കുമാര്‍, സോണല്‍ സെക്രട്ടറി സയന്‍ ഡി ജോസഫ് എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Advertisment