Advertisment

കോട്ടയത്ത് പ്രളയ ദുരിതം രൂക്ഷം; സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാന്‍ കാത്തുനില്‍ക്കുന്നത് 8000 ത്തോളം പേര്‍; കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കുടിവെള്ള ക്ഷാമം; ആളുകളെ ആലപ്പുഴയിലേക്ക് മാറ്റാന്‍ തീരുമാനം

New Update

കോട്ടയം: കോട്ടയം ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളില്‍ പ്രളയ ദുരിതം രൂക്ഷമായി. ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാന്‍ ജില്ലാ ഭരണകൂടം അടിയന്തര നിര്‍ദേശം നല്‍കി. 8000 ത്തോളം പേരാണ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാന്‍ കാത്തുനില്‍ക്കുന്നത്. ഇതില്‍ കുമരകത്ത് 3000 പേരും തിരുവാര്‍പ്പില്‍ 5000 പേരുമാണ് കുടുങ്ങിക്കിടക്കുന്നതെന്നാണ് വിവരങ്ങള്‍.

Advertisment

90000 പേരാണ് കോട്ടയം ജില്ലയില്‍ ക്യാമ്ബുകളില്‍ കഴിയുന്നത്. ജില്ലയില്‍ പ്രളയക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം ആറായി. പാരിപ്പള്ളിക്കടവില്‍ വീണ് ഗോപാലകൃഷ്ണന്‍ എന്നയാള്‍ ഞായറാഴ്ച മരിച്ചു. ജില്ലയിലെ അഞ്ച് താലൂക്കുകളിലായി 406 ദുരിതാശ്വാസ ക്യാംപുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുമരകം, തിരുവാര്‍പ്പ് എന്നിവയ്ക്ക് പുറമെ വൈക്കം, കോട്ടയം നഗരസഭയുടെ പടിഞ്ഞാറന്‍ മേഖലകള്‍ എന്നിവിടങ്ങളില്‍ ദുരിതം രൂക്ഷമാണ്.

publive-image

കെഎസ്ആര്‍ടിസി കോട്ടയം ഡിപ്പോയിലെ 89ല്‍ 44 സര്‍വീസുകള്‍ നടത്തുന്നുണ്ട്. ബാക്കി സര്‍വീസ് ഉടന്‍ ആരംഭിക്കാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. വെള്ളപ്പൊക്കം കാരണം ജീവനക്കാര്‍ക്ക് ജോലിക്കെത്താന്‍ സാധിച്ചിട്ടില്ല. 17 കെഎസ്ആര്‍ടിസി ബസുകള്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിട്ടുനല്‍കിയിട്ടുണ്ട്. എംസി റോഡിലൂടെ സര്‍വീസ് ആരംഭിച്ചു. പലയിടത്തും സര്‍വീസ് നടത്താന്‍ സാധിക്കുന്ന സ്ഥലം വരെ ബസുകള്‍ പോകുന്നുണ്ട്. സ്വകാര്യ ബസുകള്‍ മിക്കതും സര്‍വീസ് ആരംഭിച്ചിട്ടില്ല.

അതേസമയം ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കടുത്ത കുടിവെള്ള ക്ഷാമം നേരിടുന്നു. ഭക്ഷണ സാധനങ്ങള്‍ ഇങ്ങോട്ടേക്ക് എത്തിക്കാനും കഴിയുന്നില്ല. ഇതോടെ ക്യാമ്പുകളില്‍ കഴിയുന്നവരെ കൂട്ടത്തോടെ ആലപ്പുഴയിലേക്ക് മാറ്റാനാണ് അധികൃതരുടെ തീരുമാനം. അതേ സമയം ക്യാമ്പുകള്‍ വിട്ട് പോകാന്‍ ജനങ്ങള്‍ തയ്യാറാകാത്തത് ജില്ലാ ഭരണകൂടത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ടോറസ് ലോറി മാത്രമാണ് ഇങ്ങോട്ടേക്കുള്ള ഏക യാത്രമാര്‍ഗം.

മലിനജലത്തില്‍ വെള്ളം പാകം ചെയ്യുന്നത് ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കും. ക്യാമ്പിലുള്ള ആര്‍ക്കെങ്കിലും അടിയന്തിര ചികിത്സയോ മറ്റോ വേണ്ടി വന്നാല്‍ സൗകര്യങ്ങളുള്ള ആശുപത്രികളിലേക്ക് മാറ്റാന്‍ വലിയ ബുദ്ധിമുട്ടാണ് നേരിടേണ്ടി വരിക. ശൗചാലയങ്ങള്‍ ഉപയോഗിക്കാന്‍ പറ്റാത്ത സ്ഥിതിയായിരിക്കുന്നു. വ്യാപാര സ്ഥാപനങ്ങളില്‍ സ്റ്റോക്ക് തീര്‍ന്നുവരികയാണ്.

Advertisment