Advertisment

"അമ്പതിന്റെ നിറവിൽ മലപ്പുറം ജില്ല" ആവേശം തുടിച്ച കെ.എം.സി.സി സെമിനാർ

New Update

ജിദ്ദ: ഇന്ത്യൻ മുസൽമാന്റെ കാര്യം നോക്കാൻ ഇന്ത്യയിലെ നേതാക്കൾ തന്നെ പ്രാപ്തമാണ് എന്ന് ഇന്ത്യാ വിഭജന കാലത്ത് ഖാഇദെമില്ലത്ത് മുഹമ്മദ് ഇസ്മായിൽ പ്രഖ്യാപിച്ചതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മലപ്പുറം ജില്ല എന്ന് പ്രമുഖ സാഹിത്യകാരനും എഴുത്തുകാരനുമായ ഗോപി നെടുങ്ങാടി അഭിപ്രായപ്പെട്ടു.

Advertisment

publive-image

മലപ്പുറം ജില്ല കെഎംസിസി നടത്തിയ "അമ്പതിന്റെ നിറവിൽ മലപ്പുറം ജില്ല" സെമിനാറിൽ ശ്രീ.ഗോപി നെടുങ്ങാടി സംസാരിക്കുന്നു.

ജിദ്ദാ മലപ്പുറം ജില്ലാ കെ.എം.സി.സി നടത്തിയ "അമ്പതിന്റെ നിറവിൽ മലപ്പുറം ജില്ല" എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ കെ.എം.സി.സി പ്രസിഡണ്ട് വി.പി.മുസ്തഫയുടെ അദ്ധ്യക്ഷതയിൽ നടന്ന സെമിനാർ ചെയർമാൻ സയ്യിദ് ഉബൈദുല്ല തങ്ങൾ ഉദ്ഘാടനം ചെയ്തു.

“മാപ്പിളസ്ഥാന്‍”, “കുട്ടിപ്പാകിസ്താന്‍“ തുടങ്ങി പരിഹാസങ്ങളും വെല്ലുവിളികളുമായി ജനസംഘം മുതല്‍ കേരള ഗാന്ധി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കെ. കേളപ്പന്‍ അടക്കമുള്ള സര്‍വ്വോദയക്കാരും “ദേശീയ വാദി”കളും, മന്ത്രി സഭയിലെ അംഗങ്ങള്‍ ഉള്‍പ്പെടെ രാഷ്ട്രീയ നേതൃത്വത്തത്തിലെ പ്രമുഖരും, മാധ്യമ ഭീമന്മാരും അന്തരീക്ഷം സംഘര്‍ഷപൂരിതമാക്കിയപ്പോളും, മലപ്പുറം രൂപീകരിച്ചാല്‍ 1921 ആവര്‍ത്തിക്കുമെന്നും മലപ്പുറത്ത് മാപ്പിള ആധിപത്യം വരുമെന്നുവരെ കേന്ദ്ര ജനസംഘം നേതാക്കളെ കൊണ്ടുവന്ന് പ്രസംഗിപ്പിച്ചപ്പോഴും സമാനതകളില്ലാത്ത സമചിത്തതയോടെ ഒരു ജനത അവരുടെ നാടിന്റെ പുരോഗതിയുടെ കല്‍പ്പടവ്‌ പണിയുകയായിരുന്നു.

publive-image

അവികസിത പ്രദേശങ്ങളുടെ പുരോഗതിയായിരുന്നു ജില്ലാ രൂപീകരണത്തിന്റെ ലക്ഷ്യമെന്നും അത് പൂര്‍ണമായും സഫലമായിരിക്കുന്നുവെന്നതിന് ജില്ലയുടെ ഇപ്പോഴത്തെ പ്രഭാവം തന്നെയാണ് സാക്ഷി എന്നും, എല്ലാ കുപ്രചാരണങ്ങളെയും അതിജീവിച്ചു കേരളത്തിലെ മറ്റെല്ലാ ജില്ലകൾക്കും മാതൃകയായി മത സഹിഷ്ണുതയും സാഹോദര്യവും മലപ്പുറം ജില്ല അതിന്റെ മുഖമുദ്രയാക്കി, ബാബരി മസ്ജിദ് തകര്‍ച്ചയും രാമക്ഷേത്ര പ്രക്ഷോഭവും ആയി ബന്ധപെട്ടു കേരളത്തില്‍ അങ്ങിങ് ചില അസ്വസ്ഥതകൾ നിലനിന്നുവെങ്കിലും മലപ്പുറം ഇന്നും സ്തുത്യർഹമായ അതിന്റെ സഹിഷ്ണുതാ പാരമ്പര്യം മുറുകെ പിടിക്കുന്നുവെന്നും സെമിനാറിൽ സംസാരിച്ച ജിദ്ദയിലെ വിവിധ സംഘടന നേതാക്കൾ അഭിപ്രായപ്പെട്ടു.

മുസ്‌ലിംലീഗ് ജില്ലക്ക് വേണ്ടി പറഞ്ഞതും ജില്ല നേടിയെടുത്തതും ന്യായമായിരുന്നുവെന്ന് ഈ അഞ്ചു ദശകങ്ങൾക്കിടയിൽ ക്രമാനുഗതമായി ജില്ല നേടിയ വളര്‍ച്ച നമ്മെ ബോധ്യപ്പെടുത്തുന്നു. കുടിപ്പള്ളിക്കൂടങ്ങള്‍ പോലും ഇല്ലാതിരുന്ന മലപ്പുറത്ത് ഇന്ന് ആറു യൂനിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നു. മലപ്പുറം ജില്ലക്കാര്‍ ഇന്നു വിദ്യാഭ്യാസപരമായി ഒട്ടേറെ മുന്നിലെത്തിയിരിക്കുന്നു. ആകാശഗംഗയില്‍ പുതിയ ഗ്രഹം കണ്ടെത്തിയ നിലമ്പൂര്‍ സ്വദേശിനി നസ്‌റിയ അടക്കമുള്ള നിരവധി പ്രതിഭകള്‍ ഇവിടെനിന്ന് ഉയര്‍ന്നുവന്നു കഴിഞ്ഞെന്നും വിഷയമാവാതിരിപ്പിച്ചു സംസാരിച്ച മുസ്തഫ വാക്കാലൂർ പറഞ്ഞു.

രാജ്യരക്ഷയുടെയും വര്‍ഗീയതയുടെയും സാമ്പത്തിക ബാധ്യതയുടെയും പേരില്‍ അന്ന് ജില്ലാ രൂപീകരണത്തെ എതിര്‍ത്തവരും അവരുടെ പിന്‍മുറക്കാരും ഇന്ന് നിരാശരും ജില്ലക്കെതിരെ കെട്ടിപ്പൊക്കിയ മുഴുവൻ നുണക്കോട്ടകളും തകര്‍ന്നുപോയതിന്റെ ജാള്യതയിലുമാണ്. ഭൗതിക സാഹചര്യങ്ങളിലും ജനങ്ങളുടെ ജീവിത നിലവാരത്തിലും മലപ്പുറം ജില്ലയിലുണ്ടായ അഭൂതപൂര്‍വമായ വളര്‍ച്ച ഒരു യാഥാര്‍ത്ഥ്യമായി മാറിയപ്പോള്‍ ജില്ലാ രൂപീകരണത്തെ തള്ളിപ്പറഞ്ഞവര്‍ ഇന്ന് ജില്ലയെ വാരിപ്പുണരാന്‍ മത്സരിക്കുകയാണെന്നും മോഡറേറ്റർ ആയ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര പറഞ്ഞു.

സെമിനാറിൽ വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു വി.കെ.അബ്ദുറഊഫ്, സക്കീർ ഹുസൈൻ എടവണ്ണ, ബഷീർ വള്ളിക്കുന്ന്, മുസ്തഫ ഹുദവി കൊടക്കാട്, ഇസ്മായിൽ കല്ലായി, നാസർ വെളിയങ്കോട് എന്നിവർ സംസാരിച്ചു. ജില്ലാ ഓർഗനൈസിന് സെക്രട്ടറി ലത്തീഫ് മുസ്ലിയാരങ്ങാടി സ്വാഗതവും സെക്രട്ടറി ഇല്യാസ് കല്ലിങ്ങൽ നന്ദിയും പറഞ്ഞു.

ജില്ലാ ഭാരവാഹികളായ പി.എം.എ.ഗഫൂർ പട്ടിക്കാട്, പി.സി.എ.റഹ്‌മാൻ ഇണ്ണി, അബൂബക്കർ അരീക്കോട്, ജലാൽ തേഞ്ഞിപ്പലം, ലത്തീഫ് ചാപ്പനങ്ങാടി, മജീദ് അരിമ്പ്ര എന്നിവർ നേതൃത്വം നൽകി.

 

Advertisment