Advertisment

കോടിയേരി കൊടുത്ത വടി വാങ്ങി തിരിച്ചടിച്ച ചെന്നിത്തലയ്ക്ക് ലൈക്കടിച്ച് കോൺഗ്രസ് പോരാളികൾ ? അനുകൂലമായും പ്രതികൂലമായും വീണ്ടും ചർച്ചയായി ആ വാക്ക് ?

author-image
ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update

publive-image

Advertisment

തിരുവനന്തപുരം: ശത്രുക്കൾക്കെതിരെ തിരിച്ചടിക്കാൻ ആയുധം കൈയിലില്ലാത്ത സ്ഥിതിയിലാണ് സിപിഎമ്മും അവരുടെ സൈബർ പോരാളികളും.

സ്വപ്ന സുരേഷ് പ്രതിയായ നയതന്ത്ര സ്വർണക്കടത്ത് പിണറായി സർക്കാരിന് മേൽ പതിച്ചത് പ്രതിച്ഛായ പാരമ്യത്തിൽ നിൽക്കുന്ന അവസരത്തിലാണ്. അതും സോളാർ കേസിന്റെ പുനരാവിഷ്‌കാരം അതിന്റെ 100 ഇരട്ടി ശോഭയിൽ കളം നിറഞ്ഞു നിൽക്കുമ്പോൾ .

മൂന്നാഴ്ച മുമ്പുവരെ തുടർ ഭരണം ഉറപ്പാക്കി അസാമാന്യ പ്രതിച്ഛായയിൽ മുന്നേറ്റം നടത്തിയിടത്തുനിന്നാണ് സർക്കാർ നയതന്ത്ര സ്വർണക്കടത്തു കേസിൽ കൂപ്പുകുത്തിയിരിക്കുന്നത്.

ഇതോടെ സിപിഎമ്മിനെ ആക്രമിക്കുന്ന കോൺഗ്രസ്, ബിജെപി സൈബർ പോരാളികൾക്കു മുമ്പിൽ സർക്കാർ പോരാളികൾക്ക് ഉത്തരം മുട്ടുകയാണ്. ആ ജാള്യത മറയ്ക്കാൻ പഴയ സോളാർ കേസിലെ ചിത്രങ്ങളൊക്കെ റീപോസ്റ്റ് ചെയ്ത് സായൂജ്യമടയുകയാണ് സിപിഎമ്മിന്റെ സൈബർ പോരാളികൾ.

അതിനിടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ആവശ്യമില്ലാത്ത ഒരു പരാമർശം നടത്തി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വടി കൊടുത്ത് അടി വാങ്ങി.

രമേശ് ചെന്നിത്തല മുഖ്യമന്ത്രിയായി കാണാനാണ് ബിജെപിയ്ക്ക് ആഗ്രഹമെന്ന കോടിയേരിയുടെ പരാമർശം ചെന്നിത്തലയ്ക്കും പിടിവള്ളിയായി.

പച്ച വർഗീയതയാണ് കോടിയേരി നടത്തുന്നതെന്നും എന്റെ ഡിഎൻഎ കേരളജനതയ്ക്ക് അറിയാമെന്നും ചെന്നിത്തല തിരിച്ചടിച്ചു. പതിവ് ശൈലി വിട്ട് കോടിയേരിയെ കടന്നാക്രമിച്ച ചെന്നിത്തല, താൻ 40 വർഷത്തോളമായി ഈ തൊഴിൽ തുടങ്ങിയിട്ടെന്നും എന്നെകൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്നും കോടിയേരിക്ക് മുന്നറിയിപ്പ് നൽകാനും മറന്നില്ല.

എന്തായാലും ചെന്നിത്തല യുടെ മറുപടി കോൺഗ്രസിന്റെ അണികൾക്ക് നന്നായി ഇഷ്ടപ്പെട്ടു, ഇന്ന് യുഡിഫിന്റെ സൈബർ ഇടങ്ങളിലെല്ലാം വൈറലായിരിക്കുന്നത് ചെന്നിത്തലയുടെ ആ മറുപടിയാണ്. മാത്രമല്ല, മുസ്ലിംലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി ഉൾപ്പെടെയുള്ളവർ ചെന്നിത്തലയ്ക്ക് പിന്തുണയുമായി രംഗത്ത് വരികയും ചെയ്തു.

രമേശ് ചെന്നിത്തലയ്ക്ക് ഭൂരിപക്ഷ വർഗീയതയുടെ തൂവൽ ചാർത്തി കൊടുക്കാൻ സിപിഎം പോരാളികൾ ഒളിഞ്ഞും തെളിഞ്ഞും ശ്രമം തുടങ്ങിയിട്ട് നാളുകളായി. അതൊടുവിൽ ചെന്നിത്തലയ്ക്ക് ഗുണം ചെയ്യുമെന്നതാണ് രാഷ്ട്രീയ സാഹചര്യം എന്ന് വിലയിരുത്തുന്നവർ ഏറെയാണ്.

ഭൂരിപക്ഷ സമുദായങ്ങൾക്കിടയിൽ ചെന്നിത്തലയ്ക്ക് സ്വീകാര്യത വർധിക്കുകയാണോ എന്ന് സിപിഎമ്മുകാർ തന്നെ പരിശോധിക്കേണ്ടി വരുമെന്നാണ് ചില നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.

എന്തായാലും ഇന്ന് കോടിയേരിക്ക് ചെന്നിത്തല നൽകിയ മറുപടിയും അത് പറഞ്ഞ ശൈലിയുമൊക്കെ യുഡിഎഫ് അണികൾക്ക് നന്നേ ബോധിച്ചു. ഒപ്പം സംസ്ഥാന രാഷ്ട്രീയത്തിൽ ഡിഎൻഎ വീണ്ടും ചർച്ചയായി.

ramesh chennitha
Advertisment