കോഴിക്കോട് : കോഴിക്കോട് വെള്ളയില്‍ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് വീട്ടിലേക്ക് പാഞ്ഞുകയറി നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്. വിനോദയാത്രക്കായി കണ്ണൂര്‍ ഷേണായീസ് ഹയര്‍സെക്കന്ററി സ്‌കൂളില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ്സാണ് അപകടത്തില്‍പ്പെട്ടത്.
പഠനയാത്രയുടെ ഭാഗമായി ഇവര്‍ കോഴിക്കോട് ബീച്ചിലെത്തി തിരിച്ചുമടങ്ങവേ പുതിയാപ്പയില്‍വെച്ച് ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് മതിലിനിടിക്കുകയും തൊട്ടടുത്തുള്ള വീട്ടുവളപ്പിലേക്ക് പാഞ്ഞുകയറുകയുമായിരുന്നു.
വിദ്യാര്‍ത്ഥികളില്‍ എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. ഇവരെ ബീച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ മറ്റു വിദ്യാര്‍ത്ഥികള്‍ ബേബി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയ ആശുപത്രികളില്‍ ചികിത്സയിലാണ്.