എൺപത്തഞ്ചിന്‍റെ ചുറുചുറുക്കിലും വായന കൈവിടാതെ കെ.പി. കുഞ്ഞു മുഹമ്മദ്

സമദ് കല്ലടിക്കോട്
Friday, June 19, 2020

പാലക്കാട്: ശരീരത്തില്‍ വാർദ്ധക്യത്തിന്റെ വിവശതയുണ്ട്. എങ്കിലും വായനയിലും ചുറുചുറുക്കിലും ഓര്‍മശക്തിയിലും കെ.പി.കുഞ്ഞു മുഹമ്മദ് ചെറുപ്പമാണ്. വായനയെന്നാൽപത്ര വായനയും പുസ്തകവായനയും മാത്രമായിരുന്ന കാലംമുതൽ, കയ്യിൽ കിട്ടുന്നതെന്തും വായിക്കുന്ന ശീലമായിരുന്നു കല്ലടിക്കോട് ടി.ബി.സെന്ററിലെ കെ.പി. കുഞ്ഞുമുഹമ്മദിന്.ഇപ്പോൾ എല്ലാവരും ഡിജിറ്റൽ വായനയിലേക്ക് അതിവേ​ഗം എത്തിച്ചേർന്നിരിക്കുകയാണ്.

എന്നാലും പരിചയക്കാരിൽ നിന്നും പുസ്തകം വാങ്ങിയും, പത്രങ്ങൾ തേടിപിടിച്ചും വായിച്ച്, സൂക്ഷിച്ചു വയ്ക്കുന്നതിന്റെ സന്തോഷം ഇപ്പോഴും അനുഭവിക്കുകയാണ് ഈ എൺപത്തഞ്ചുകാരൻ.അല്പം ആരോഗ്യപ്രതിസന്ധികൾക്കിടയിലും പുസ്തകങ്ങളെയും വായനയെയും ചേർത്തുപിടിക്കുന്ന അപൂർവ്വം വ്യക്തി.

രാവിലെ പാൽവാങ്ങി മടങ്ങി വരുമ്പോഴാണ് പത്രവായന.കടത്തിണ്ണയിലും ലൈബ്രറിയിലും കയറി ദിവസവും വിവിധ പത്രങ്ങൾ വായിക്കും.എന്ത് ആവശ്യത്തിനു പുറത്തിറങ്ങേണ്ടി വന്നാലും നടന്നാണ് പോവുക. വായിക്കാൻ ഈ പ്രായത്തിലും കണ്ണട ഉപയോഗിക്കാറില്ല. എട്ടാമത്തെ വയസ്സിൽ തൊഴിലാളികൾക്കിടയിലിരുന്ന് അവർക്ക് പത്രം വായിച്ചു കൊടുക്കുന്നതാണ് കുഞ്ഞുമുഹമ്മദിന്റെ, വായന ഓർമ്മ.

ദാരിദ്ര്യത്തിന്റെപങ്കപ്പാടിനാൽ നാലാം ക്ലാസിൽ പഠനം നിർത്തേണ്ടിവന്നു. പിന്നീട് പല തൊഴിലും ചെയ്ത് ജീവിതം തുടങ്ങി. അതിനിടെ കുറച്ചൊക്കെ പൊതു പ്രവർത്തനവും.ഗാന്ധിയൻ മൂല്യങ്ങളോടായിരുന്നു താല്പര്യം. എല്ലാ തിരക്കിനിടയിലും പത്രങ്ങളും പുസ്തകവും വായിക്കാൻ മറന്നില്ല.ഇതിനിടെ സ്വല്പം നാട്ടുവൈദ്യവും പഠിച്ചു.ആദ്യമൊക്കെ പരന്ന വായന ശീലമുണ്ടായിരുന്നു.

നിരന്തര വായനയും എഴുത്തും കഥ പറച്ചിലും കണ്ട്,പലരും കളിയാക്കിയിരുന്നു.പത്രങ്ങളിൽ പ്രതികരണവും കവിതയും എഴുതിയിരുന്നു.കല്ലടിക്കോട് ടി.ബി സെന്ററിൽ പരിമിതമായ സൗകര്യത്തിലാണ് താമസം. ഭാര്യയും മൂന്നുമക്കളും പേര കുട്ടികളുമായി കഴിയുന്ന കെ.പി.കുഞ്ഞു മുഹമ്മദ് വായിച്ചു വളരാനാണ് പുതിയ തലമുറയോട് ഉപദേശിക്കുന്നത്.

വായന നൽകുന്ന ഉൾക്കാഴ്ചയും പരിജ്ഞാനവും മറ്റൊന്നിനും നൽകാനാവില്ല.വീട്ടിലിരുന്നും സമീപത്തെ ഫ്രണ്ട്സ് ലൈബ്രറിയിൽ പോയും പുസ്തകം വായിച്ച് യുവതലമുറയ്ക്കുള്‍പ്പെടെ മാതൃകയായ ഈ പഴമക്കാരന്‍ വായന ദിനത്തിൽ വായന മരിക്കുന്നില്ലെന്ന സന്ദേശവും സമൂഹത്തിന് പകരുകയാണ്.

×