Advertisment

ആനവണ്ടിയും ആപ്പീസറന്മാരും…

author-image
vincent nellikunnel
New Update

publive-image

Advertisment

ഇന്ന് മനോരമയുടെ രണ്ടാം പേജിൽ "ഒടുവിൽ ആ സർട്ടിഫിക്കറ്റുകൾക്ക് അവകാശി എത്തി" എന്ന തലക്കെട്ടോടുകൂടി വന്ന വാർത്ത വായിച്ചപ്പോഴാണ് ഇങ്ങനെ ഒന്ന് എഴുതണമെന്ന് തോന്നിയത്.

2012 ൽ ബസ്സിൽ കളഞ്ഞുകിട്ടിയ ആരുടെയോ സ്കൂൾ-കോളേജ് സർട്ടിഫിക്കറ്റുകൾ ഏതോ ഒരു യാത്രക്കാരൻ അല്ലെങ്കിൽ ഏതെങ്കിലും കെഎസ്ആർടിസി ജീവനക്കാരൻ ചങ്ങനാശ്ശേരി ഡിപ്പോയിൽ ഏൽപ്പിച്ചു.

പക്ഷേ അത് കൈപ്പറ്റിയ ഉദ്യോഗസ്ഥൻ ഉത്തരവാദിത്വത്തോടെ പെരുമാറാതെ അത് ഓഫീസിൽ വച്ചുകൊണ്ടിരുന്നു. പിന്നെ അത് മറ്റുള്ള ഫയലുകളുടെ കൂട്ടത്തിൽ അവഗണിക്കപ്പെട്ടു.

എട്ടുവർഷത്തിനുശേഷം2020 ഒക്ടോബർ 2 ഗാന്ധി ജയന്തിയുമായി ബന്ധപ്പെട്ട ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയ ജീവനക്കാർക്കാണ് കെഎസ്ആർടിസി യുമായി ബന്ധമില്ലാത്ത ആ ഫയൽ കണ്ടുകിട്ടിയത്.

അവർ ആ രേഖകൾ പരിശോധിച്ച് ഉടമസ്ഥന് തിരിച്ചു കൊടുക്കുവാൻ വേണ്ടി ശ്രമിക്കുകയും സാമൂഹ്യമാധ്യമങ്ങൾ വഴി പ്രസിദ്ധപ്പെടുത്തി ഉടമസ്ഥന് കൈപ്പറ്റുവാനുള്ള അവസരമൊരുക്കുകയും ചെയ്തു.

ഇതിന് പിന്നിൽ പ്രവർത്തിച്ചത് ട്രാഫിക് കൺട്രോൾ ഇൻസ്പെക്ടർമാരായ ശ്രീനിവാസൻ എ കെ കമലാസനൻ സി വിജയകുമാർ ഡ്രൈവർ കെ കെ സന്തോഷ്എന്നിവരാണ്. അവർക്കുള്ള അഭിനന്ദനങ്ങൾ അറിയിക്കുന്നു.

2012 ൽ ആർമി റിക്രൂട്ട്മെൻറ് റാലികഴിഞ്ഞ് തിരിച്ചു വരുന്ന വഴിയാണ് പാലാ സ്വദേശിയായ സുധീഷിന് സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടത്. അന്ന് സുധീഷിന് ജോലി കിട്ടിയിരുന്നുവെങ്കിൽ സമയബന്ധിതമായി സർട്ടിഫിക്കറ്റുകൾ ഹാജരാക്കാൻ കഴിയില്ലായിരുന്നു.

അങ്ങനെ ആ ജോലി നഷ്ടപ്പെടുകയും ചെയ്യുമായിരുന്നു. ഇങ്ങനെയൊരു പ്രധാനപ്പെട്ട രേഖ കൈപ്പറ്റിയ ഉദ്യോഗസ്ഥന് തൻറെ അലംഭാവം കാരണം ഉദ്യോഗാർഥിക്ക് ലഭിക്കാമായിരുന്ന ഒരു ജോലി നഷ്ടപ്പെടുകയായിരുന്നുവെങ്കിൽ എന്ത് പരിഹാരം ചെയ്തു കൊടുക്കാൻ കഴിയുമായിരുന്നു.

അക്ഷരാഭ്യാസമില്ലാത്ത ഒരു സാധാരണക്കാരന് ആണ് അത് ലഭിച്ചിരുന്നെങ്കിൽ അതിൽ ഒരു ന്യായമുണ്ടായിരുന്നു. ഒരു ക്വാളിഫൈഡ് ആയിട്ടുള്ള ഒരു ഉദ്യോഗസ്ഥന് അതിൻറെ പ്രാധാന്യം അറിയില്ല എന്ന് കരുതുന്നത് അംഗീകരിക്കാൻ കഴിയില്ല.

നമ്മൾ ഇതിൽ നിന്നെല്ലാം മനസ്സിലാക്കേണ്ടത് ഇതെൻറെ ജോലിയല്ല ഇത് ചെയ്യേണ്ട കാര്യം എനിക്കില്ല എന്നുള്ള ചിലരുടെ മനോഭാവമാണ്. നഷ്ടത്തിൽ നിന്നും നഷ്ടത്തിലേക്ക് കൂപ്പുകുത്തുന്ന വെള്ളാന എന്നൊക്കെ ആരോപണങ്ങൾ ഉണ്ടെങ്കിലും എത്രയോ കുടുംബങ്ങളുടെ അന്നദാതാവ് ആണ് ആ പ്രസ്ഥാനം.

പലയിടത്തു നിന്നും ലോണെടുത്തും തിരിച്ചും മറിച്ചും ഒക്കെയാ പ്രസ്ഥാനത്തെ നിലനിർത്തുവാൻ പെടാപ്പാട് പെടുകയാണ് മാറിമാറിവരുന്ന സർക്കാരുകൾ. അതിൻറെ ശമ്പളം പറ്റുന്ന ഒരു ഉദ്യോഗസ്ഥൻ, ഒരു ജോലിയുടെ വില നന്നായി അറിയാവുന്ന ആൾ, സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട വ്യക്തി എന്ന നിലയിലെങ്കിലും അയാളുടെ അവസ്ഥ മനസ്സിലാക്കി, ഒരു 50 പൈസയുടെസ്റ്റാമ്പൊട്ടിച്ച് ആ കാണുന്ന മേൽവിലാസത്തിൽ ഒരു പോസ്റ്റ് കാർഡ് അയച്ചിരുന്നുവെങ്കിൽ അയാൾക്കത് അന്നേ തിരികെ ലഭിക്കുമായിരുന്നു.

അല്ലെങ്കിൽ സർട്ടിഫിക്കറ്റുകൾ അതേ അഡ്രസ്സിൽ അയച്ചു കൊടുത്താൽ അയാൾതന്നെ പണം കൊടുത്ത് അത് കൈപ്പറ്റുന്ന ഒരു സിസ്റ്റവും പോസ്റ്റ് ഓഫീസിൽ നിലവിലുണ്ട് എന്നും നമ്മൾ മനസ്സിലാക്കണം.

തിരിച്ചു കൊടുക്കാൻ ആയിരുന്നെങ്കിൽ മറ്റ് എന്തെല്ലാം വഴികൾ ഉണ്ടായിരുന്നു. ഒരു സാമൂഹിക പ്രതിബദ്ധതയും ഇല്ലാത്തഇത്തരം ഉദ്യോഗസ്ഥന്മാരുടെ മനോഭാവമാണ് പല പ്രസ്ഥാനങ്ങളെയും നഷ്ടത്തിലേക്ക് കൂപ്പുകുത്തിക്കുന്നത് എന്നാണ് എനിക്ക് പറയുവാനുള്ളത്.

ഗവൺമെൻറ് സെർവൻറ്സ് ആയ ഇത്തരം ഉദ്യോഗസ്ഥരുടെ നിഷേധാത്മക മനോഭാവങ്ങൾ ആണ് പൊതുജനങ്ങൾക്ക് ഗവൺമെൻറ്നോടുള്ള പ്രതിഷേധനിലപാടുകളുടെവലിയൊരു ഘടകം.

അയാളുടെ മക്കൾക്ക് ആണ് ഈ അവസ്ഥ വന്നിരുന്നതെങ്കിലോ? ഒരുളുപ്പുമില്ലാതെ ഒരു ധാർമികതയും ഇല്ലാതെ, ആ സർട്ടിഫിക്കറ്റുകൾ തിരിച്ചു കൊടുക്കാൻ ഒരു ചെറുവിരൽ പോലും അനക്കാതെ ഇരുന്നആ ഉദ്യോഗസ്ഥനോട് ഉള്ള കടുത്ത അമർഷം ഞാനിവിടെ നിങ്ങളുമായി പങ്കുവയ്ക്കുന്നു.

സുധീഷുമായി ബന്ധപ്പെട്ട് 2012 നടന്ന റാലിയുടെ ഡേറ്റ് അറിഞ്ഞ് ആ സമയത്ത് സ്റ്റേഷന്റെ ഉത്തരവാദിത്വം ഉണ്ടായിരുന്ന ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തുവാൻ എങ്കിലും കെഎസ്ആർടിസിയുടെ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെൻറ് തയ്യാറാകണമെന്നും കൂടി എനിക്ക് ഒരു അഭിപ്രായം ഉണ്ട്.

എങ്കിൽ മാത്രമേ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കൂ. ഇയാളൊക്കെ റോഡിൽ വണ്ടി ഇടിച്ചു കിടന്നാൽ ഇത് എൻറെ ഡ്യൂട്ടി അല്ല എന്ന് പറഞ്ഞ് കാണുന്നവർ തിരിഞ്ഞു നോക്കാതെ ഇരുന്നാൽ അയാളുടെ അവസ്ഥ എന്തായിരിക്കും.

നമ്മൾ പ്രതിഫലം ആഗ്രഹിച്ച് ഒന്നും ചെയ്യേണ്ട കാര്യമില്ല. ഞാൻ എൻറെ ജോലിയുമായി ബന്ധപ്പെട്ട് സ്ഥിരമായി രാത്രിയാത്ര നടത്തുന്നയാളാണ്. നിരവധി പേരെ ഞാൻ അപകടത്തിൽ പെട്ട് കിടക്കുന്ന അവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്.

അതിനുശേഷം അവർ ബന്ധുക്കളെ വിളിച്ച് അറിയിച് അവർ വന്നതിനു ശേഷം മാത്രമാണ് ഞാൻ അവിടെനിന്നും പോരുക. പലരും അപ്പോഴത്തെ ഒരു നന്ദി പ്രകടനത്തിന് ശേഷം ബന്ധപ്പെടാൻ ശ്രമിക്കാറില്ല എന്നുള്ളതാണ് വാസ്തവം.

എനിക്കതിൽ പരിഭവവുമില്ല. നമ്മൾ ചെയ്യേണ്ട നമ്മുടേതല്ലാത്ത ഒരു ഡ്യൂട്ടി ആവശ്യമുള്ള സമയത്ത് ചെയ്തു എന്നതുകൊണ്ട് ഇവിടെ ഒന്നു സംഭവിക്കാനില്ല. പക്ഷേ ഒരു പൗരൻ എന്ന നിലയിൽ നാം ഇടപഴകുന്ന നമ്മുടെ സമൂഹത്തോട് ചെയ്തു കൊടുക്കേണ്ട ചില കർത്തവ്യങ്ങൾ ഉണ്ട്.

വഴിയിൽ ഒരു ടാപ്പ് തുറന്നു കിടന്ന് വെള്ളം നഷ്ടപ്പെടുമ്പോൾ അത് ഒന്ന് അടച്ച് വയ്ക്കുന്നതിലൂടെ വരുംതലമുറക്ക് വേണ്ടി നാം ചെയ്തു കൊടുക്കുന്ന ഒരു കരുതലും, സോഷ്യൽ കമ്മിറ്റ്മെന്റും കൂടി ആണ് ഇതുംഎന്ന് സൂചിപ്പിച്ചുകൊണ്ട്, അർദ്ധരാത്രിയിൽ ഹൈവേയിൽ ഇറങ്ങിയപ്പോൾ കൂട്ടിക്കൊണ്ടുപോകാൻ ആളില്ലാതെ വന്ന പെൺകുട്ടിക്ക് കൂട്ടാൾ വരാൻ വേണ്ടി വെയിറ്റ് ചെയ്ത കെഎസ്ആർടിസി ജീവനക്കാരെയും, അവർക്കുവേണ്ടി ബസ് തിരിച്ചുവിട്ട ജീവനക്കാരെയും, ബാംഗ്ലൂരിൽ വെച്ച് ഹോസ്പിറ്റലിൽ ആകേണ്ടി വന്ന യാത്രക്കാരിക്കു വേണ്ടി ബന്ധുക്കൾ വരുന്നതുവരെ ആശുപത്രിയിൽ കൂട്ടിരുന്ന അവിനാശി ബസ് അപകടത്തിൽ നമുക്ക് നഷ്ടപ്പെട്ട ജീവനക്കാരെയും നന്ദിയോടെ സ്മരിച്ചു കൊണ്ട് അവസാനിപ്പിക്കുന്നു.

-പ്രദീപ് ഇടമറ്റം

voices
Advertisment