കുവൈറ്റ്: കുവൈറ്റിന്റെ പുതിയ അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു. ഇന്നലെയാണ് അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹമ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് അന്തരിച്ചത്. തുടര്‍ന്ന് രാജ്യത്തിന്റെ പതിനാറാമത് അമീറായി ഷെയ്ഖ് നവാഫ് സത്യ പ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുകയായിരുന്നു. അന്തരിച്ച അമീർ ഷൈഖ് സബാഹ് അൽ അഹമദ് അൽ സബാഹിന്റെ അർദ്ധ സഹോദരനാണു 83 കാരനായ പുതിയ അമീർ.
പാർലമെന്റിൽ ഇന്ന് നടത്തിയ പ്രത്യേക സമ്മേളനത്തിലാണു സത്യ പ്രതിജ്ഞ ചടങ്ങുകൾ നടന്നത്. “ഭരണഘടനയെയും ഭരണകൂട നിയമങ്ങളെയും ബഹുമാനിക്കുമെന്നും രാജ്യത്തിന്റെയും ജനങ്ങളുടെയും സ്വാതന്ത്ര്യവും താൽപ്പര്യങ്ങളും സംരക്ഷിക്കുന്നതിനും ഞാൻ സർവ്വശക്തനായ ദൈവത്തിന്റെ നാമത്തിൽ സത്യ പ്രതിജ്ഞ ചെയ്യുന്നു.
അന്തരിച്ച അമീർ ഷെയ്ഖ് സബാഹ് അൽ അഹ്മദ് തന്റെ മാതൃരാജ്യത്തിനു വേണ്ടി നിരവധി പ്രവർത്തനങ്ങൾ നടത്തി നമ്മെ വിട്ടു പോയിരിക്കുന്നു. നമ്മുടെ മഹത്തായ പൈതൃകത്തിന്റെ ഉന്നതമായ പ്രതീകമായിരുന്നു അദ്ദേഹം.അദ്ദേഹത്തിന്റെ ഉന്നതമായ പ്രവർത്തനങ്ങൾ നമുക്ക് എന്നും വഴി കാട്ടിയായി തുടരും.
രാജ്യത്തിന്റെ സുരക്ഷയ്ക്കും സുസ്ഥിരതയ്ക്കും വേണ്ടി പരമാവധി ശ്രമിക്കുമെന്ന് ഞാൻ നിങ്ങളോട് പ്രതിജ്ഞ ചെയ്യുന്നു." അമീർ പറഞ്ഞു.