Advertisment

അരുണാചലിനെയും ലഡാക്കിനെയും ചേർത്ത് ഭൂപടമിറക്കിയ ചൈനയെ വിറപ്പിക്കാൻ അതിർത്തിയിൽ കരുത്തുറ്ര വ്യോമാഭ്യാസത്തിന് ഇന്ത്യ. 'തൃശൂൽ' എന്ന അഭ്യാസത്തിൽ റാഫേൽ, മിറാഷ് 2000, സുഖോയ് അടക്കം യുദ്ധവിമാനങ്ങൾ 11ദിവസം ചൈനാ അതിർത്തി പ്രകമ്പനം കൊള്ളിക്കും. വ്യോമസേന ഒരുക്കുന്നത് വെറും അഭ്യാസമല്ല, യുദ്ധസന്നാഹം. അതിർത്തിയിലെ ശക്തിപ്രകടനം ജി- 20 ഉച്ചകോടി നടക്കുന്ന അതേ സമയത്ത്

ഇന്ത്യ - ചൈന അതിർത്തിയിലുടനീളം വൻ ശക്തിപ്രകടനം നടത്താനാണ്  വ്യോമസേനയുടെ പദ്ധതി. വെസ്റ്റേൺ എയർ കമാൻഡിന്റെ നേതൃത്വത്തിൽ സെപ്തംബർ നാല് മുതൽ 14 വരെയാണ് 'തൃശൂൽ' എന്ന് പേരിട്ടിരിക്കുന്ന വ്യോമാഭ്യാസ പ്രകടനം

New Update
jiyuftuxtyghk[][l[pjoi

ഡൽഹി: അരുണാചൽ പ്രദേശും അക്‌സായി ചിൻ മേഖലയും തങ്ങളുടെ പ്രദേശത്തിന്റെ ഭാഗമായി ഉൾപ്പെടുത്തി ചൈന ഔദ്യോഗിക ഭൂപടം പുറത്തിറക്കിയതിന് പിന്നാലെ ചൈനീസ് അതിർത്തിയിൽ 11ദിവസം നീളുന്ന വ്യോമാഭ്യാസ പ്രകടനം നടത്താൻ വ്യോമസേന. ഭൂപടം പ്രസിദ്ധീകരിച്ച് പ്രകോപനം സൃഷ്ടിക്കുന്ന ചൈനയ്ക്ക് ശക്തമായ താക്കീതാണ് തൃശൂൽ എന്ന് പേരിട്ടിരിക്കുന്ന ഈ വ്യോമാഭ്യാസം. ഭൂപടത്തെ എതിർത്ത് കൂടുതൽ രാജ്യങ്ങൾ ഇന്ത്യയ്ക്ക് പിന്നിൽ അണിനിരന്നത് വ്യോമാഭ്യാസത്തിന് ഇന്ത്യയ്ക്ക് കൂടുതൽ ഊർജ്ജം പകരുന്നതായി. ജി- 20 ഉച്ചകോടി സെപ്തംബർ 9, 10 തീയതികളിൽ ഡൽഹിയിൽ നടക്കുന്ന അതേസമയത്താണ് അതിർത്തിയിലെ ശക്തിപ്രകടനം.

Advertisment

ഇന്ത്യ - ചൈന അതിർത്തിയിലുടനീളം വൻ ശക്തിപ്രകടനം നടത്താനാണ്  വ്യോമസേനയുടെ പദ്ധതി. വെസ്റ്റേൺ എയർ കമാൻഡിന്റെ നേതൃത്വത്തിൽ സെപ്തംബർ നാല് മുതൽ 14 വരെയാണ് 'തൃശൂൽ' എന്ന് പേരിട്ടിരിക്കുന്ന വ്യോമാഭ്യാസ പ്രകടനം. രാജ്യത്തിന്റെ അഭിമാനമായ റാഫേൽ, മിറാഷ് 2000, സുഖോയ് 30 അടക്കം യുദ്ധവിമാനങ്ങൾ പങ്കെടുക്കും. വ്യോമസേനയുടെ വടക്ക് - പടിഞ്ഞാറ് സെക്ടറുകൾ എത്രത്തോളം യുദ്ധസന്നദ്ധമാണെന്ന് വിലയിരുത്താൻ സൈനിക അഭ്യാസം നടത്തുന്നെന്നാണ് സേനാവൃത്തങ്ങളുടെ വിശദീകരണം. കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് ചൈനയുടെ പ്രകൃതി വിഭവ മന്ത്രാലയം വിവാദ ഭൂപടം പുറത്തിറക്കിയത്. തൊട്ടടുത്ത തിങ്കളാഴ്ച്ച മുതൽ അതിർത്തിയിൽ വ്യോമാഭ്യാസം നടത്താൻ തീരുമാനിച്ചതിലൂടെ അതിരുവിട്ടാൽ തിരിച്ചടിയുണ്ടാവുമെന്ന വ്യക്തമായ സന്ദേശമാണ് ഇന്ത്യ ചൈനയ്ക്ക് നൽകുന്നത്.  

വ്യോമസേനയുടെ ഫൈറ്റിംഗ് - ട്രാൻസ്പോർട്ട് വിമാനങ്ങൾ യുദ്ധമുഖത്തെന്ന പോലെ ഇന്ത്യ - ചൈന അതിർത്തിയിലുടനീളം അണിനിരത്തും. ഇന്ത്യ - പാക് അതിർത്തിക്ക് സമീപവും യുദ്ധവിമാനങ്ങൾ ചീറിപായും. സർവസന്നാഹത്തോടെയുള്ള മിലിട്ടറി ഡ്രില്ലിൽ വ്യോമസേനയുടെ പ്രത്യേക വിഭാഗമായ ഗരുഡ് കമാൻഡോ ഫോഴ്സുമുണ്ടാകും. ലഡാക്, ഹിമാചൽ പ്രദേശ്, ജമ്മു കാശ്മീർ, പഞ്ചാബ് എയർ ബേസുകളിലെ സന്നാഹങ്ങൾ ഉപയോഗിക്കും.

2020ൽ ഇന്ത്യ - ചൈന അതിർത്തിയിലെ ഗാൽവൻ താഴ്‍വരയിലുണ്ടായ സംഘർഷത്തിന് തൊട്ടുപിന്നാലെ ഇന്ത്യ യുദ്ധസന്നാഹത്തോടെ നീക്കം നടത്തിയിരുന്നു. രാജ്യത്തെ വിവിധയിടങ്ങളിലായി വിന്യസിച്ചിരുന്ന കരസേനയിലെ 68000 സൈനികരെ മണിക്കൂറുകൾക്കകമാണ് കിഴക്കൻ ലഡാക്കിലെ നിയന്ത്രണരേഖയ്ക്ക് സമീപം വ്യോമസേന എത്തിച്ചത്. 90 ടാങ്കുകൾ, അത്യാധുനിക ആയുധങ്ങളും വെടിക്കോപ്പുകളും, 330 സൈനിക വാഹനങ്ങൾ, റഡാർ സംവിധാനങ്ങൾ തുടങ്ങിയവ അതിർത്തിയിലേക്ക് എയർലിഫ്റ്റ് ചെയ്തു. 9000 ടൺ യുദ്ധസാമഗ്രികളും വ്യോമസേന അന്ന് അതിർത്തിയിലെത്തിച്ചിരുന്നു.

ദക്ഷിണ ടിബറ്റ് എന്ന് ചൈന വിശേഷിപ്പിക്കുന്ന അരുണാചൽ പ്രദേശ്, 1962ലെ ഇന്ത്യ–ചൈന യുദ്ധത്തിൽ പിടിച്ചെടുത്ത അക്‌‍സായ് ചിൻ എന്നിവ തങ്ങളുടെ പ്രദേശമാണെന്ന് ചൈന അവകാശപ്പെടുന്നുണ്ട്. ഫിലിപ്പീൻസ്, മലേഷ്യ, തായ്‌വാൻ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളും ഇന്ത്യയ്ക്ക് പിന്നാലെ ചൈനയുടെ പുതിയ ഭൂപടത്തെ തള്ളി രംഗത്തെത്തി. ചൈനയുടെ നടപടിയോട് കടുത്ത ഭാഷയിലാണ് ഇന്ത്യ പ്രതികരിച്ചത്. ചൈനയുടെ അവകാശവാദം അസംബന്ധമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ പറഞ്ഞു. 

അതിർത്തിയെക്കുറിച്ച് ഇന്ത്യയ്ക്ക് കൃത്യമായ നിലപാടുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം നടപടികൾ ഇരു രാജ്യങ്ങളും തമ്മിലുള്ള വിഷയം കൂടുതൽ സങ്കീർണമാക്കുകയേയുള്ളൂവെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പ്രതികരിച്ചു. നേരത്തേ അരുണാചൽ പ്രദേശിലെ 11 സ്ഥലങ്ങളെ പുനർ നാമകരണം ചെയ്യാനുള്ള ചൈനയുടെ ശ്രമത്തെ ഇന്ത്യ തള്ളിയിരുന്നു. 2012ലും അരുണാചലും അക്സായ് ചിന്നും ഇ–പാസ്പോർട്ടിലെ ചൈനയുടെ ഭൂപടത്തിൽ ഉൾപ്പെടുത്തിയതു സമാനമായ പ്രതിഷേധത്തിനു വഴിവച്ചിരുന്നു.

india-china border airforce campaign
Advertisment