Advertisment

ലോകം കാത്തിരിക്കുന്ന ക്രിക്കറ്റ് യുദ്ധം ഇന്ന്. ഇന്ത്യാ- പാകിസ്ഥാൻ പോരാട്ടം ശ്രീലങ്കയിലെ പല്ലക്കിലെ സ്റ്റേഡിയത്തിൽ. 4വർഷത്തിനു ശേഷമുള്ള ഏകദിന പോരാട്ടത്തിൽ പ്രതീക്ഷിക്കുന്നത് റെക്കോർഡ് കാണികളെ. ഇരുടീമുകളും തമ്മിലുള്ള അവസാന അഞ്ച് ഏകദിനങ്ങളിൽ നാലിലും വിജയിച്ചത് ഇന്ത്യ. ലോക ഒന്നാം റാങ്കിൽ തിളങ്ങി പാകിസ്ഥാൻ. നേർക്കുനേർ പോരാട്ടങ്ങളിൽ പാകിസ്ഥാനെ തറപറ്റിച്ച ആത്മവിശ്വാസത്തിൽ ഇന്ത്യ

ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരെന്നതാണ് പാകിസ്ഥാന്റെ ആത്മവിശ്വാസം. എന്നാൽ നേർക്കുനേർ പോരാടിയപ്പോൾ കൂടുതൽ തവണയും പാകിസ്ഥാനെ കീഴടക്കിയതാണ് ഇന്ത്യയുടെ ആത്മവിശ്വാസം. കണക്കുകളും ഇന്ത്യയ്ക്ക് അനുകൂലമാണ്

New Update
gyuguijkjoguyygu

കൊളംബോ: ലോകം കാത്തിരിക്കുന്ന ക്രിക്കറ്റ് യുദ്ധം ഇന്നാണ്. ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഇന്ന് നേർക്കുനേർ.  ശ്രീലങ്കയിലെ പല്ലക്കിലെ സ്റ്റേഡിയമാണ് വേദി. പാകിസ്ഥാനിലേക്ക് ഇന്ത്യ ക്രിക്കറ്റ് മത്സരത്തിന് പോവില്ലെന്നതടക്കം രാഷ്ട്രീയ പ്രാധാന്യമുള്ള ഏറെ വിവാദങ്ങൾക്കൊടുവിലാണ് ശ്രീലങ്കയിൽ ഇരു ടീമുകളും ഏറ്റുമുട്ടുന്നത്. ഏകദിന ഫോർമാറ്റിൽ നാലുവർഷത്തിന് ശേഷമുള്ള ഇന്ത്യ -പാക് പോരാണിത്. റെക്കാർഡ് കാണികളെയാണ് പ്രതീക്ഷിക്കുന്നത്.

Advertisment

ഏകദിന റാങ്കിംഗിലെ ഒന്നാം സ്ഥാനക്കാരെന്നതാണ് പാകിസ്ഥാന്റെ ആത്മവിശ്വാസം. എന്നാൽ നേർക്കുനേർ പോരാടിയപ്പോൾ കൂടുതൽ തവണയും പാകിസ്ഥാനെ കീഴടക്കിയതാണ് ഇന്ത്യയുടെ ആത്മവിശ്വാസം. കണക്കുകളും ഇന്ത്യയ്ക്ക് അനുകൂലമാണ്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ നടന്ന അവസാന അഞ്ച് ഏകദിനങ്ങളിൽ നാലിലും വിജയിച്ചത് ഇന്ത്യയാണ്. 2019 ഏകദിന ലോകകപ്പിലായിരുന്നു അവസാന ഏറ്റുമുട്ടൽ. അന്ന് ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം 89 റൺസിനായിരുന്നു ഇന്ത്യൻ ജയം. 2017 ചാമ്പ്യൻസ് ട്രോഫിയിലാണ് അവസാനമായി പാകിസ്ഥാൻ ഏകദിനത്തിൽ ഇന്ത്യയെ തോൽപ്പിച്ചത്. 13 മത്സരങ്ങളിലാണ് ഏഷ്യാകപ്പിൽ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. ഇതിൽ 7 മത്സരങ്ങളിൽ വിജയം നേടിയത് ഇന്ത്യയാണ്. 5 കളികളിൽ ജയിച്ചത് പാകിസ്ഥാനും. ഒരു മത്സരം ഫലമില്ലാതെ ഉപക്ഷിച്ചു.

ലോകകപ്പിനുള്ള ടീമിനെ രൂപപ്പെടുത്താനാണ് ഇന്ത്യൻ കോച്ച് രാഹുൽ ദ്രാവിഡ് 17 അംഗ സംഘവുമായി ലങ്കയിലെത്തിയിരിക്കുന്നത്. എന്നാൽ പരിക്ക് മാറി ടീമിലെ‌ത്തിയ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എൽ രാഹുലിന് വീണ്ടും പരിക്കേറ്റത് ചെറിയ നിരാശയായിരിക്കുകയാണ്. ആദ്യ രണ്ട് മത്സരങ്ങളിൽ രാഹുൽ കളിക്കില്ലെന്ന് ഉറപ്പായിക്കഴിഞ്ഞു. എന്നാൽ ടൂർണമെന്റിൽ നിന്ന് രാഹുലിനെ ഒഴിവാക്കിയാലേ റിസർവായി കൂട്ടിയിരിക്കുന്ന മലയാളി താരം സഞ്ജു സാംസണിനെ കളിപ്പിക്കാൻ അനുമതി ലഭിക്കുകയുള്ളൂ.

സീനിയർ താരങ്ങളായ രോഹിത് ശർമ്മ,വിരാട് കൊഹ്‌ലി എന്നിവരുടെ സാന്നിദ്ധ്യമാണ് ഇന്ത്യയുടെ ഏറ്റവും വലിയ കരുത്ത്. പാകിസ്ഥാനെതിരെ മികച്ച ട്രാക്ക് റെക്കാഡുള്ള ഇവർക്ക് സമ്മർദ്ദത്തെ മറിക‌ടക്കാൻ കഴിഞ്ഞാൽ അത് ടീമിലെ യുവനിരയ്ക്കും പ്രചോദനമാകും. ശുഭ്മാൻ ഗില്ലും ഇഷാൻ കിഷനും മികച്ച ഫോമിലാണ്. പരിക്ക് മാറി ടീമിലേക്ക് മടങ്ങിയെത്തുന്ന ശ്രേയസ്അയ്യരെയോ സൂര്യകുമാർ യാദവിനെയോ ആകും മദ്ധ്യനിരയിൽ കളിപ്പിക്കുക. മദ്ധ്യനിരയുടെ കാര്യത്തിലാണ് ഇന്ത്യൻ ടീമിൽ ആശയക്കുഴപ്പമുള്ളത്.

ആൾറൗണ്ടർമാരായി ഹാർദിക് പാണ്ഡ്യയും രവീന്ദ്ര ജഡേജയുമാണുള്ളത്. ഹാർദിക് നാലാം പേസറുടെ സ്ഥാനത്ത് കൃത്യമാണ്. ജഡേജ ബാറ്റിംഗ് ഓർഡറിന് ശക്തിപകരുന്നു. വിൻഡീസ് പര്യടനത്തിൽ പഴയ വീര്യവുമായി തിരിച്ചെത്തിയ ജസ്പ്രീത് ബുംറയുടെയും മുഹമ്മദ് ഷമിയു‌ടെയും സാന്നിദ്ധ്യം പേസ് നിരയ്ക്ക് വീര്യമേകും. പിച്ചിന്റെ സ്വഭാവം അനുസരിച്ചാകും സിറാജിനെ നാലാം പേസറായി ഉൾപ്പെ‌ടുത്തണോ അക്ഷർ പട്ടേലിനെ സ്പിൻ ആൾറൗണ്ടറായി കളിപ്പിക്കണോ എന്നതിൽ തീരുമാനമെ‌ടുക്കുക.

ടീമെന്ന നിലയിൽ പാകിസ്ഥാന്റെ ഒരുമയും സമീപകാലത്തെ മികച്ച ഫോമുമാണ് ഇന്ത്യ നേരി‌ടുന്ന വലിയ വെല്ലുവിളി. ബാബറിനെയും ഇഫ്തിഖറിനെയും കൂടാതെ ഫഖാർ സമാൻ,ഇമാം ഉൽഹഖ്,റിസ്‌വാൻ തുടങ്ങിയ പരിചയ സമ്പന്നരായ ബാറ്റർമാർ പാക് നിരയിലുണ്ട്. ഷഹീൻ,നവാസ്,റവൂഫ്, നസീം ഷാ തുട്ിയവർ അണിനിരക്കുന്ന ബൗളിംഗ് നിരയും മോശമല്ല. ടൂർണമെന്റിലെ ആദ്യ മത്സരത്തിൽ ദുർബലരായ നേപ്പാളിനെതിരെ 238 റൺസിന്റെ വിജയം നേടിയതിന്റെ വീര്യത്തിലാണ് പാകിസ്ഥാൻ. വൈകിട്ട് 3മുതൽ സ്റ്റാർ സ്പോർട്സിലും ഡിസ്നി ഹോട്ട്സ്റ്റാറിലും ലൈവ് കാണാം.

 സാദ്ധ്യതാ ഇലവനുകൾ

ഇന്ത്യ : രോഹിത് ശർമ്മ(ക്യാപ്ടൻ),ശുഭ്മാൻ ഗിൽ,വിരാട് കൊഹ്‌ലി, ശ്രേയസ് അയ്യർ/സൂര്യകുമാർ,ഇഷാൻ കിഷൻ,ഹാർദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ,മുഹമ്മദ് ഷമി/ശാർദ്ദൂൽ താക്കൂർ,കുൽദീപ് യാദവ്,മുഹമ്മദ് സിറാജ്,ജസ്പ്രീത് ബുംറ.

പാകിസ്ഥാൻ : ഫഖാർ സമാൻ,ഇമാം ഉൽ ഹഖ്,ബാബർ അസം(ക്യാപ്ടൻ),മുഹമ്മദ് റിസ്‌വാൻ,ആഘ സൽമാൻ,ഇഫ്തിഖർ അഹമ്മദ്,ഷദാബ് ഖാൻ,മുഹമ്മദ് നവാസ്,ഷഹീൻ ഷാ അഫ്രീദി,നസീം ഷാ,ഹാരീസ് റവൂഫ്

india-pak asia cup
Advertisment