Advertisment

സംസ്ഥാന സർക്കാരിന്റെ അവാർഡ് നേടിയ ബേക്കറി: കടബാധ്യതയിൽ ബൈസൺവാലിയുടെ ‘ഫേമസ്’

നാൾക്കുനാൾ വളർന്നുവന്ന ബേക്കറിക്ക് കുടുംബശ്രീയുടെ മികച്ച സംരംഭത്തിനുള്ള 2018-ലെ സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചു. അതുവരെ എല്ലാം നന്നായി പോയി. രണ്ട് ബാങ്കുകളിലായി ഒരുകോടിയിലധികം രൂപയുടെ ബാധ്യതയാണ് ബേക്കറിക്ക് ഉള്ളത്. ബേക്കറി തുടങ്ങിയപ്പോൾ യന്ത്രങ്ങളും മറ്റ് സ്ഥാപിക്കുന്നതിനായി എടുത്തതാണ്.

author-image
ഷാനവാസ് കാരിമറ്റം
Updated On
New Update
Femas Bakery

ഫേമസ് ബേക്കറിക്കുവേണ്ടി പഞ്ചായത്ത് നിർമിച്ചുനൽകിയ കെട്ടിടം

ഇടുക്കി:  മായംചേർക്കാത്ത ഭക്ഷ്യവസ്തുക്കൾ കുറഞ്ഞചെലവിൽ ലഭിക്കുന്ന സ്ഥാപനം. ഇതായിരുന്നു ഇടുക്കി

ബൈസൺവാലിയിലെ ‘ഫേമസ് ബേക്കറി’. കുടുംബശ്രീ പ്രവർത്തകർ നടത്തിയിരുന്ന സ്ഥാപനം ഒരാഴ്ചയായി അടച്ചിട്ടിരിക്കുകയാണ്. മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന ബേക്കറി ഇപ്പോൾ കടബാധ്യതയിലാണ്.ബേക്കറിയുടെ ഈ അവസ്ഥയ്ക്ക് കാരണം അഴിമതിയും കെടുകാര്യസ്ഥതയും മൂലമാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.

എന്നാൽ, ജീവനക്കാരെ മാറ്റുന്നതിനാണ് ബേക്കറി അടച്ചതെന്നും ഈ ആഴ്ച തന്നെ ബേക്കറി തുറക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് ബൈജു കൃഷ്ണൻകുട്ടി പറയുന്നു. ബേക്കറി സാധനങ്ങളുടെ ഗുണനിലവാരം ഉറപ്പുവരുത്താൻ പുതിയ പാചകക്കാരെ ഉൾപ്പെടെയാണ് നിയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബൈസൺവാലി പഞ്ചായത്തും സി.ഡി.എസും ചേർന്ന് പഞ്ചായത്തിന് സമീപത്ത് ഫേമസ് ബേക്കറി. ബേക്കറിക്കു വേണ്ടി 80 ലക്ഷം രൂപ ‌‌ചെലവഴിച്ച് കെട്ടിടവും പഞ്ചായത്ത് നിർമിച്ചു നൽകി. 

തിരഞ്ഞെടുത്ത 20 കുടുംബശ്രീ പ്രവർത്തകരായിരുന്നു ജീവനക്കാർ. ൈകപ്പുണ്യംകൊണ്ട് ‘ഫേമസ് ബേക്കറിയെ’ ഫേമസാക്കിയത് ഇവരാണ്.

ബേക്കറിയുടെ മാനേജർ, സൂപ്പർവൈസർ തുടങ്ങിയവരുടെ നിർദേശ പ്രകാരമായിരുന്നു ജോലിചെയ്തിരുന്നത്. മേൽനോട്ടത്തിനായി പഞ്ചായത്തിലെ ഒരു ഉദ്യോഗസ്ഥന് ചാർജും നൽകിയിരുന്നു.

ജീവനക്കാർ മായവും രാസവസ്തുക്കളും ചേർക്കാതെ രുചികരമായ ഭക്ഷ്യവസ്തുക്കൾ നിർമിച്ചു. അവരുടെ കൈപ്പുണ്യം നാടെങ്ങും പരന്നു.

അതിർത്തി ഗ്രാമങ്ങളായ മറയൂർ, കാന്തല്ലൂർ തുടങ്ങിയിടങ്ങളിൽനിന്നുപോലും ബേക്കറിയിലേക്ക് ആളുകളെത്തി.

നാൾക്കുനാൾ വളർന്നുവന്ന ബേക്കറിക്ക് കുടുംബശ്രീയുടെ മികച്ച സംരംഭത്തിനുള്ള 2018-ലെ സംസ്ഥാന സർക്കാരിന്റെ അവാർഡ് ലഭിച്ചു. അതുവരെ എല്ലാം നന്നായി പോയി.

രണ്ട് ബാങ്കുകളിലായി ഒരുകോടിയിലധികം രൂപയുടെ ബാധ്യതയാണ് ബേക്കറിക്ക് ഉള്ളത്. ബേക്കറി തുടങ്ങിയപ്പോൾ യന്ത്രങ്ങളും മറ്റ് സ്ഥാപിക്കുന്നതിനായി എടുത്തതാണ്.

എന്നാൽ, ഇത്രകാലമായിട്ടും കാര്യമായ തിരിച്ചടവ് ഉണ്ടായിട്ടില്ല. കുടുംബശ്രീ പ്രവർത്തകരായ ഇരുപത് ജീവനക്കാരുടെ പേരിൽ ആളൊന്നിന് 63,000 രൂപ വീതം പൊട്ടൻകാട് സർവീസ് സഹകരണ ബാങ്കിൽനിന്ന് വായ്പ എടുത്തിട്ടുണ്ട്.

ബേക്കറിയിൽ സൗകര്യം ഒരുക്കുന്നതിനായാണ് ഈ പണം ചെലവാക്കിയിരിക്കുന്നത്.

മൈദ, പഞ്ചസാരപോലെയുള്ള പലചരക്കുസാധനങ്ങൾ വാങ്ങിയ ഇനത്തിൽ ഇരുപതേക്കർ, ആനച്ചാൽ, അടിമാലി എന്നിവിടങ്ങളിലെ വിവിധ വ്യാപാരസ്ഥാപനങ്ങളിൽ 20 ലക്ഷത്തിലധികം രൂപ വ്യാപാരികൾക്ക് നൽകാനുണ്ട്.

ഇരുപതേക്കറിലെ ഒരു വ്യാപാരസ്ഥാപനത്തിൽ തന്നെ പത്തുലക്ഷം രൂപയിൽ അധികം നൽകാനുണ്ട്.

വരവ് നോക്കാതെ ചെലവാക്കിയതാണ് ബേക്കറിയുടെ ദുരവസ്ഥയ്ക്ക് കാരണമെന്ന് ആരോപണം ഉയരുന്നുണ്ട്.

സാധനങ്ങളുടെ പാക്കറ്റിൽ ഒട്ടിക്കുന്ന സ്റ്റിക്കറുകൾ 50 പൈസയ്ക്ക് ലഭിക്കുമെന്നിരിക്കെ ഒരെണ്ണത്തിന് 3.50 പൈസ എന്ന നിരക്കിലാണ് ബേക്കറി വാങ്ങികൊണ്ടിരുന്നത്. സാധനങ്ങൾ വാങ്ങിയതിലും അഴിമതിയുണ്ടെന്നാണ് ആരോപണം.

ജീവനക്കാരുടെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായി എന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്‌.

ആവശ്യത്തിൽ കൂടുതൽ സാധനങ്ങൾ നിർമിക്കുകയും തീയതിയാകുന്നതിന് മുൻപ് കേടാകുകയുംചെയ്ത സംഭവമുണ്ട്. സെപ്റ്റംബറിൽ ഇങ്ങനെ ഒന്നര ലക്ഷം രൂപയോളം നഷ്ടംവന്നു. ഇതിനാലാണ് ജീവനക്കാരെ മാറ്റുന്നതെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്.

എന്നാൽ, മേൽനോട്ടം നടത്തേണ്ട പഞ്ചായത്ത് വേണ്ടരീതിയിൽ ബേക്കറിയെ ശ്രദ്ധിക്കാത്തതാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും ആരോപണമുണ്ട്.

idukki bisonvally Femas bakery
Advertisment