Advertisment

ലോകത്തെ ഏറ്റവും വലിയ കയ്യെഴുത്ത് മലയാളം ബൈബിള്‍ ഒരുക്കിയ നാലംഗ പ്രവാസി മലയാളി കുടുംബം യു.ആർ.എഫ് വേൾഡ്  റെക്കോര്‍ഡിന് അർഹരായി

New Update
yyy

തിരുവല്ല:ലോകത്തെ ഏറ്റവും വലിയ കയ്യെഴുത്ത് മലയാളം ബൈബിള്‍   ഒരുക്കിയ നാലംഗ പ്രവാസി മലയാളി കുടുംബം യു.ആർ.എഫ് വേൾഡ്  റെക്കോര്‍ഡിന് അർഹരായി. ദുബായി മാർത്തോമ ഇടവക  അംഗങ്ങളായ തിരുവല്ല അഴിയിടത്തുചിറ കുഴിക്കാട്ട് വീട്ടിൽ  മനോജ്‌ എസ്സ് വര്‍ഗീസും അദ്ദേഹത്തിന്റെ ഭാര്യ ഡോ.സൂസനും മക്കളായ കരുണും കൃപയും ചേര്‍ന്ന് 417 ദിവസം കൊണ്ടാണ് ബൈബിളിന്റെ ലോകത്തെ ഏറ്റവും വലിയ മലയാളത്തിലുള്ള കയ്യെഴുത്ത് കോപ്പി തയ്യാറാക്കിയിരിക്കുന്നത്.

Advertisment

ആഗസ്റ്റ് 18ന് വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് തിരുവല്ല വേങ്ങൽ ശാലേം മാർത്തോമ പള്ളിയിൽ നടക്കുന്ന  ചടങ്ങില്‍ വെച്ച് മാർത്തോമ സഭാ കുന്നംകുളം - മലബാർ  ഭദ്രാസനം അധിപൻ റൈറ്റ്. റവ.ഡോ.തോമസ് മാർ തീത്തോസ് എപ്പിസ്കോപ്പ പ്രകാശന കർമ്മം നിർവഹിക്കും. യു.ആർ.എഫ് വേൾഡ്  റെക്കോര്‍ഡ് അന്താരാഷ്ട്ര ജൂറി ഗിന്നസ് ഡോ.സുനിൽ ജോസഫ് സർട്ടിഫിക്കറ്റും അംഗികാര മുദ്രയും സമ്മാനിക്കും.

36 കിലോഗ്രാം ഭാരമുള്ള 'എ2' പേപ്പര്‍ സൈസില്‍ 70ൽ പരം പേജുകളിൽ ചിത്രങ്ങളും ഉൾപെടുത്തി എഴുതിയുണ്ടാക്കിയ ഈ ഭീമന്‍ ബൈബിളില്‍ 1795  പേജുകളാണുള്ളത്.  65.5 സെ.മീറ്റർ നീളവും, 48.5 സെ.മീറ്റർ വീതിയുമുള്ള ബൈബിള്‍ കയ്യെഴുത്ത്പ്രതി ദുബായിലെ ട്രൂലൈൻ കമ്പനിയാണ് ബൈൻഡ് ചെയ്തത്.പുറംചട്ട നിർമ്മിച്ചിരിക്കുന്നത് ഇറ്റാലിയൻ ലതറിൽ  ആണ്.മനോജും കുടുംബവും എഴുതുന്ന വീഡിയോകളും മറ്റ് രേഖകളും യു.ആർ.എഫ് വേൾഡ്  റെക്കോര്‍ഡ് ജൂറി ഡോ.ജോൺസൺ വി. ഇടിക്കുളയ്ക്ക്  അയച്ചുകൊടുത്തിരുന്നു.

ഇതിന് മുമ്പ് 2020ൽ മനോജും കുടുംബവും തയ്യാറാക്കിയ ബൈബിളിൻ്റെ ഇംഗ്ലീഷിലുള്ള കൈയെഴുത്ത് പ്രതി ഗിന്നസ് വേൾഡ് റെക്കോര്‍ഡും,  യു.ആർ.എഫ് വേൾഡ് റെക്കോർഡിലും ഇടം പിടിച്ചിരുന്നു.മക്കള്‍ക്ക് സമ്മാനമായി നല്‍കുന്നതിന് വേണ്ടി സാധാരണ സൈസിലുള്ള പേജില്‍ എഴുതുവാനാണ് ആദ്യം ഡോ.സൂസൻ  തീരുമാനിച്ചത്. ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം നടത്തുന്ന മനോജ്‌ എസ്സ് വര്‍ഗീസാണ് മതിയായ അന്വേഷണങ്ങള്‍ക്ക് ശേഷം നിലവിലുള്ളതിലും വലിയ സൈസിലുള്ള ബൈബിള്‍ എഴുതുവാന്‍ കുടുംബത്തിന് പ്രചോദനമേകിയത്. കുടുംബത്തിലെ എല്ലാവരേയും പങ്കെടുപ്പിക്കുന്നതിനായി ദൗത്യം പലര്‍ക്കുമായി വീതിച്ചു നല്‍കി. 

മനോജും കുടുംബവും തങ്ങളുടെ മാതൃ ഇടവകയ്ക്ക് ബൈബിള്‍ കൈമാറും.അവിടെ പ്രത്യേക പേടകത്തില്‍ ഈ ബൈബിള്‍ പ്രദര്‍ശിപ്പിക്കുവാനാണ് പദ്ധതി.

Advertisment