Advertisment

കായംകുളത്തെ കരംപിരിവ്‌ സസ്യമാര്‍ക്കറ്റ്‌ വക സ്‌ഥലത്തേ പാടുള്ളൂ - ഹൈക്കോടതി

author-image
ഇ.എം റഷീദ്
New Update
KAYAMKULAM MARKET

കായംകുളം: കായംകുളത്തെ മൊത്തവ്യാപാര കേന്ദ്രമായ ബാങ്ക്‌റോഡ്‌, വെജിറ്റബിള്‍ മാര്‍ക്കറ്റ്‌ റോഡ്‌, മേടമുക്ക്‌, ഫിഷ്‌ മാര്‍ക്കറ്റ്‌, എം.എസ്‌.എം സ്‌കൂള്‍ റോഡ്‌, വിഠോബ റോഡ്‌, കെ.പി റോഡ്‌, പ്രതാംഗമൂട്‌ എന്നിവിടങ്ങളില്‍ വാഹനങ്ങളില്‍ ചരക്കിറക്കുന്നതിനും കയറ്റുന്നതിനും കരം പിരിക്കാന്‍ അധികാരമില്ല. പൊതുമരാമത്ത്‌ റോഡിലും മറ്റു സ്വകാര്യ വ്യക്‌തികളുടെ ഗോഡൗണിലും സ്‌ഥാപനങ്ങളിലും പിരിക്കാനുള്ള അധികാരമില്ല. 

Advertisment

നിലവില്‍ നഗരസഭയുടെ ടെന്‍ഡര്‍ പിടിച്ച്‌ പിരിവ്‌ നടത്തുന്നവര്‍ ഇതര സംസ്‌ഥാനങ്ങളില്‍നിന്ന്‌ ചരക്കുകള്‍ കയറ്റിവരുന്ന ലോറികള്‍, ട്രക്കുകള്‍, ഫ്രൂട്ട്‌സ്, വെജിറ്റബിള്‍, പലചരക്ക്‌, ഹാര്‍ഡ്‌വെയര്‍ ഉള്‍പ്പെടെ ചരക്ക്‌ കയറ്റുന്നതിനും ഇറക്കുന്നതിനും പുലര്‍ച്ചെ മുതല്‍ രാത്രി വൈകി വരെ യാതൊരു മാനദണ്ഡവുമില്ലാതെയാണ്‌ നിര്‍ബന്ധപൂര്‍വം രസീത്‌ നല്‍കുന്നത്‌.

നാട്ടുകാരായ പെട്ടിവണ്ടി, ആപെ ഡ്രൈവര്‍മാരും ചരക്ക്‌ എടുക്കാന്‍ വരുന്ന മറ്റു പ്രദേശങ്ങളില്‍ നിന്നുള്ള ചെറുകിട വ്യാപാരികളും ഇതര സംസ്‌ഥാനങ്ങളില്‍ നിന്നും വരുന്ന വാഹന ഡ്രൈവര്‍മാരുമാണ്‌ ഏറെ ബുദ്ധിമുട്ടുന്നത്‌. ശരാശരി 400 ഓളം വാഹനങ്ങളാണ്‌ ചരക്ക്‌ ഇറക്കാനും കയറ്റാനുമായി ഒരു ദിവസം മാര്‍ക്കറ്റില്‍ എത്തുന്നത്‌.

ആപെ, പെട്ടിവണ്ടി എന്നിവയ്‌ക്ക് ഒരു തുകയും ലോറി, ട്രക്ക്‌ എന്നിവയ്‌ക്ക് മറ്റൊരു തുകയുമാണ്‌ വാങ്ങുന്നത്‌. സ്വകാര്യ വാഹനങ്ങളിലെത്തി ചരക്ക്‌ വാങ്ങിക്കുന്നവരില്‍ നിന്നും ഫീസ്‌ ഈടാക്കാറുണ്ട്‌. ഒരു ദിവസത്തെ ശരാശരി കളക്ഷന്‍ ഏകദേശം 15,000 രൂപ മുതല്‍ 20,000 രൂപ വരെയാണ്‌.

2022-23 കാലഘട്ടത്തില്‍ ഏകദേശം 18 ലക്ഷം രൂപയ്‌ക്കാണ്‌ ലേലം പിടിച്ചത്‌. മരാമത്ത്‌ റോഡിലും സ്വകാര്യ വ്യക്‌തികളുടെ സ്‌ഥാപനങ്ങളിലും ഗോഡൗണിലും പിരിച്ചാല്‍ മാത്രമേ ഇത്‌ മുതലാക്കിയെടുക്കാന്‍ സാധിക്കുകയുള്ളൂ. 2021-22 കാലഘട്ടത്തില്‍ ഏകദേശം 12 ലക്ഷം രൂപയ്‌ക്കാണ്‌ ലേലം നടന്നത്‌. 2022-23 കാലഘട്ടത്തില്‍ നിര്‍ബന്ധിത പിരിവാണ്‌ നടന്നത്‌.

വാഹനങ്ങള്‍ക്ക്‌ പുറകെ പോയി ബൈക്ക്‌ മുന്നില്‍ വച്ച്‌ വാഹനം തടഞ്ഞിട്ട്‌ പിരിവ്‌ പതിവായിരുന്നു. ഇത്‌ സംബന്ധിച്ച്‌ സംഘര്‍ഷങ്ങള്‍ നിത്യസംഭവമായിരുന്നു. പല ഹോള്‍സെയില്‍ ഹാര്‍ഡ്‌വെയര്‍ സ്‌ഥാപനങ്ങളുടെ ഗോഡൗണുകളും മറ്റും കാക്കനാട്‌, എരുവ ഭാഗത്തേക്കും പലചരക്ക്‌ ഹോള്‍സെയില്‍ സ്‌ഥാപനങ്ങളുടെ ഗോഡൗണുകള്‍ മുരുക്കുംമൂട്‌ ഭാഗത്തേക്കും ഫ്രൂട്ട്‌സ് ഹോള്‍സെയില്‍ വ്യാപാരികള്‍ ചേരാവള്ളി ഭാഗങ്ങളിലേക്കും മാറ്റി.

നഗരസഭ വിജ്‌ഞാപന പ്രകാരം സസ്യമാര്‍ക്കറ്റ്‌ സ്‌ഥലത്ത്‌ മാത്രമേ പിരിക്കാനുള്ള അധികാരമുള്ളൂ. മറ്റ്‌ സ്‌ഥലങ്ങളില്‍ പാടില്ല. ഇത്‌ സംബന്ധിച്ച്‌ ഒരു മാസത്തിനകം തീര്‍പ്പ്‌ കല്‍പിക്കണമെന്ന്‌ ഹൈക്കോടതി ജസ്‌റ്റിസ്‌ സിയാദ്‌ റഹ്‌മാന്‍.എ.എ കായംകുളം നഗരസഭാ സെക്രട്ടറിയ്‌ക്ക് ഉത്തരവ്‌ നല്‍കി. വ്യാപാരി വ്യവസായി ഏകോപന സമിതി നിയോജകമണ്ഡലം പ്രസിഡന്റ്‌ സിനില്‍ സബാദ്‌ നല്‍കിയ ഹര്‍ജിയിലാണ്‌ ഉത്തരവ്‌.

Advertisment