Advertisment

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിക്കുന്ന മുന്നണി സമവാക്യങ്ങളുടെ സൂത്രധാരന്‍; റോഡ് ഷോകളും പൊതുപരിപാടികളും ഒഴിവാക്കി താഴെ തട്ടിലുള്ള വോട്ടര്‍മാരെ നേരില്‍ കണ്ട് സംവദിച്ച് ശ്രദ്ധേയനായി കെ.സി വേണുഗോപാല്‍

വേതന വര്‍ധന, സഹകരണ സംരക്ഷണം, 25 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്,  മണ്ഡലത്തിലെ തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ സഹായ നടപടികള്‍ എന്നിവ അദ്ദേഹം വാഗ്ദാനം ചെയ്തു. 

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
kc venugopal alappuzha

ആലപ്പുഴ; പച്ച മനുഷ്യരുടെ അധ്വാനത്തിന്റെ ഫലത്താല്‍ ലോകമറിയുന്ന ആലപ്പുഴ ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ ചര്‍ച്ചയാവുന്നത് കെ.സി വേണുഗോപാല്‍ എന്ന പേരിനോട് ചേര്‍ത്തുവെച്ചാണ്. പ്രചരണ രംഗത്ത് പുതുരീതികളുമായി വോട്ടര്‍മാര്‍ക്ക് പ്രിയങ്കരനാകുകയാണ് കെസി എന്ന നേതാവ്. റോഡ് ഷോകളും വലിയ പൊതുപരിപാടികളും ഒഴിവാക്കി താഴെ തട്ടിലുള്ള വോട്ടര്‍മാരെ നേരില്‍ കണ്ടാണ് പ്രചാരണ രംഗത്ത് കെ.സി ശ്രദ്ധേയനാകുന്നത്.

Advertisment

ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശ നിര്‍ണയിക്കുന്ന മുന്നണി സമവാക്യങ്ങളുടെ സൂത്രധാരനായും മുഖ്യസംഘാടകനായും തിളങ്ങി നില്‍ക്കുന്ന കെ.സി വേണുഗോപാല്‍, താന്‍ ലോക്‌സഭാംഗം അല്ലാതിരുന്ന ഈ അഞ്ചുവര്‍ഷ കാലയളവിലും ആലപ്പുഴയ്ക്കു വേണ്ടി നിരന്തരം ശബ്ദിച്ചും ഇടപഴകിയും നാടിനോടുള്ള കടപ്പാടും കൂറും തെളിയിച്ച പൊതുപ്രവര്‍ത്തകനാണ്.

ജീവിതത്തിന്റെ വിവിധ മേഖലകളില്‍ നിന്നുള്ള വോട്ടര്‍മാര്‍ക്ക് സംഗമിക്കാന്‍ ഒരു വേദി ഒരുക്കിയാണ് കെ സി വേണുഗോപാല്‍ പ്രചരണ പരിപാടി ശ്രദ്ധേയമാക്കിയത്. തൊഴിലാളിവര്‍ഗം നേരിടുന്ന വെല്ലുവിളികള്‍ നേരിടാന്‍ യുഡിഎഫ് മുന്‍ഗണന നല്‍കുമെന്ന് തൊഴിലാളികളുമായുള്ള സംവാദത്തില്‍ വേണുഗോപാല്‍ ഉറപ്പുനല്‍കി. 

വേതന വര്‍ധന, സഹകരണ സംരക്ഷണം, 25 ലക്ഷം രൂപയുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്,  മണ്ഡലത്തിലെ തൊഴിലാളികളുടെ ക്ഷേമം ലക്ഷ്യമിട്ടുള്ള വിദ്യാഭ്യാസ സഹായ നടപടികള്‍ എന്നിവ അദ്ദേഹം വാഗ്ദാനം ചെയ്തു. 

കര്‍ഷകര്‍ക്ക് ന്യായവില ഉറപ്പാക്കാന്‍ സ്വാമിനാഥന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും മിനിമം താങ്ങുവില നിയമവും നടപ്പാക്കുമെന്ന് യുവജനങ്ങളുമായും കര്‍ഷക സമൂഹവുമായും നടത്തിയ ചര്‍ച്ചയില്‍ അദ്ദേഹം വാഗ്ദാനം ചെയ്തു.

മത്സ്യത്തൊഴിലാളികളുമായുള്ള ചര്‍ച്ചയില്‍ സബ്സിഡിയുള്ള മണ്ണെണ്ണ, കാലാവസ്ഥാ നിരീക്ഷണം, പ്രത്യേക ഇന്‍ഷുറന്‍സ്, തീരദേശ നിയന്ത്രണ പരിഷ്‌കരണങ്ങള്‍, പ്രത്യേക മത്സ്യത്തൊഴിലാളി ബാങ്കുകള്‍ എന്നിവ ഉള്‍പ്പെടുന്ന ഇന്ത്യാ മുന്നണിയുടെ പദ്ധതികളും വേണുഗോപാല്‍ വിശദീകരിച്ചു. 

ഇന്ത്യന്‍ പാര്‍ലമെന്റിന് അകത്തും പുറത്തും ജനാധിപത്യ മതേതര ശക്തികളുടെ പ്രതിരോധ മുനയായ് മാറിയ കെസി എത്ര തിരക്കിനിടയിലും ആലപ്പുഴക്കാരുടെ പ്രശ്നങ്ങളില്‍ നിരന്തരം ഇടപെടാന്‍ സമയം കണ്ടെത്തിയിരുന്നു.

സംസ്ഥാന, ദേശീയ രാഷ്ട്രീയത്തില്‍ തനിക്ക് വെളിച്ചവും തെളിച്ചവുമേകിയ ആലപ്പുഴക്കാര്‍ നല്‍കിയ സ്‌നേഹമാണ് പ്രതിസന്ധി ഘട്ടങ്ങളില്‍ ഊര്‍ജ്ജ മെന്ന കെ.സി വേണുഗോപാലിന്റെ വാക്കുകള്‍ പരസ്പര സ്‌നേഹത്തിന്റെ അടയാള വാക്യമാണ്.

2004 മുതല്‍ 2006 വരെ സംസ്ഥാന ടൂറിസം, ദേവസ്വം മന്ത്രിയായ കാലത്ത് കെ.സി വേണു ഗോപാല്‍ ആവിഷ്‌കരിച്ച ആലപ്പുഴ കനാല്‍ നവീകരണമുള്‍പ്പെടെയുള്ള ടൂറിസം വികസന പദ്ധതികള്‍ നാടിന്‍ മുഖച്ചായ തന്നെ മാറ്റിയിരുന്നു.

2011 മുതല്‍ 2014 വരെ രണ്ടാം യുപിഎ സര്‍ക്കാരില്‍ ഊര്‍ജ-വ്യോമ ഗതാഗത സഹമന്ത്രിയായ കാലഘട്ടത്തിലും ആലപ്പുഴയ്ക്കു വേണ്ടി കെ.സി മുന്നിട്ടിറങ്ങി. അക്കാലത്ത് കെ.സി ആവിഷ്‌കരിച്ച വികസന പരിപാടികള്‍, പൊതുമേഖലാ സ്ഥാപനങ്ങളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചുള്ള അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍, കേന്ദ്ര പദ്ധതികള്‍, സംസ്ഥാന സര്‍ക്കാറിന്റെ സഹായത്തോടെ കൊണ്ടുവന്ന പദ്ധതികള്‍ എന്നിവ ഇന്ന് നാടിന്റെ മുഖമുദ്രകളാണ്.

തീരദേശ, കാര്‍ഷിക മേഖലകളിലും കശുവണ്ടി, കയര്‍ തുടങ്ങിയ പാരമ്പര്യ തൊഴില്‍ മേഖലകളിലും ആ കയ്യൊപ്പ് തെളിഞ്ഞു കാണാം. ഗ്രാമീണ റോഡുകള്‍ മുതല്‍ ആലപ്പുഴ ബൈപ്പാസ് വരെ നീളുന്ന പകിട്ടാര്‍ന്ന പാതകളും, മെഡിക്കല്‍ കോളേജിന്റെ സൂപ്പര്‍സ്‌പെഷ്യാലിറ്റി പദവിയും, വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും, ആലപ്പുഴ കുടിവെള്ള പദ്ധതിയും, പാര്‍പ്പിട പദ്ധതികളും ആരോഗ്യ, വിദ്യാഭ്യാസ, തൊഴില്‍ മേഖലയ്ക്ക് നല്‍കിയ കൈത്താങ്ങും ഒരിക്കലും ഈ നാടിന് വിസ്മരിക്കാനാകില്ല.

Advertisment