Advertisment

കഴിഞ്ഞ തവണ കൈവിട്ട മണ്ഡലം കെ.സി. വേണുഗോപാലിലൂടെ തിരിച്ചുപിടിക്കാമെന്ന ആത്മവിശ്വാസത്തില്‍ ആലപ്പുഴയിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍; പരിചയപ്പെടുത്തല്‍ ആവശ്യമില്ലാത്ത നേതാവിലൂടെ മണ്ഡലം വീണ്ടും 'കൈ' പിടിക്കുമെന്നുറപ്പിച്ച് പാര്‍ട്ടി നേതൃത്വം; സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് മുതല്‍ പ്രചരണത്തിലും വ്യക്തമായ മേധാവിത്വം പുലര്‍ത്തി യു.ഡി.എഫ് സ്ഥാനാര്‍ത്ഥി; കെ.സി. മാജിക്കില്‍ പ്രതീക്ഷയര്‍പ്പിച്ച് അണികളും

 ആലപ്പുഴയിലെ സാധാരണ ജനങ്ങളുടെയും യു.ഡി.എഫ് പ്രവർത്തകരുടെയും ഏത് ആവശ്യത്തിനും വിളിപ്പുറത്ത് കെ,സി.ഉണ്ടായിരുന്നു. അതാണ്  ഹൃദയത്തിലാണ് കെ.സി എന്ന പരസ്യവാചകത്തിലേക്ക് യു.ഡി.എഫിനെ എത്തിച്ചതും.  

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update
KC VENUGOPAL1.jpg

ആലപ്പുഴ: തിരഞ്ഞെടുപ്പ് പോര് മുറുകുമ്പോൾ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിൽ വ്യക്തമായ മേധാവിത്വം ഉറപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി കെ.സി.വേണുഗോപാൽ. സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചത് മുതൽ പ്രചരണത്തിലും വോട്ടർമാരിൽ സ്വാധീനം ഉണ്ടാക്കുന്നതിലും പുല‍ർത്തിയ മേൽക്കെ, പ്രചാരണത്തിൻെറ അവസാനം വരെ നിലനിർത്താനായി എന്നതാണ് കെ.സി. വേണുഗോപാലിൻെറ നേട്ടം. ഇതര യു.ഡി.എഫ് സ്ഥാനാർത്ഥികളെ അപേക്ഷിച്ച് വൈകി സ്ഥാനാർത്ഥിയായെങ്കിലും പ്രചരണത്തിൽ മുന്നിലെത്തിയ ഇതര മുന്നണികളുടെ ഒപ്പം എത്താനും പിന്നീട് മറികടക്കാനും സാധിച്ചത് കോൺഗ്രസ് സംഘടന സംവിധാനത്തിൽ അപൂ‍ർവ നേട്ടമാണ്.

Advertisment

കെ.സി.വേണുഗോപാലിൻെറ സ്ഥാനാർത്ഥിത്വം ആലപ്പുഴയിലെ കോൺഗ്രസ് - യു.ഡി.എഫ് പ്രവർത്തകർക്കിടയിൽ ഉണ്ടാക്കിയ ആത്മവിശ്വാസത്തിൻെറയും ആവേശത്തിൻെറയും ഫലമാണ് ആ നേട്ടം. മറ്റേത് നേതാവ് സ്ഥാനാർത്ഥിയായി വരുന്നതിനേക്കാൾ ആവേശത്തോടെയാണ് ആലപ്പുഴയിലെ ഐക്യ ജനാധിപത്യ മുന്നണി പ്രവർത്തകരും പ്രാദേശിക നേതാക്കളും കെ.സിയുടെ വരവിനെ സ്വീകരിച്ചത്.

ശബരിമല സ്ത്രീപ്രവേശന വിഷയം തരംഗമായി ആഞ്ഞടിച്ച 2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ പതിനായിരത്തിൽപരം വോട്ടിൻെറ തോൽവി ഏറ്റുവാങ്ങേണ്ടി വന്നതിൻെറ  നാണക്കേടിലായിരുന്നു ജില്ലയിലെ യു.ഡി.എഫ്. പിന്നാലെ നടന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പിലും നിയമസഭ തിരഞ്ഞെടുപ്പിലും ഉണ്ടായ  തോൽവി കൂടിയായപ്പോൾ അപമാനഭാരം കൊണ്ട് തലയുയർത്താനാകാത്ത നിലയിലായിരുന്നു യു.ഡി.എഫ് പ്രവർത്തകർ. നിയമസഭാ തിരഞ്ഞെടുപ്പിൽ ജില്ലയിൽ ഹരിപ്പാട് സീറ്റിൽ മാത്രമാണ് ജയിക്കാനായത്. മറ്റെല്ലാ മണ്ഡലങ്ങളും കൈവിട്ടു.


ഈ ലോക്സഭാ തിരഞ്ഞെടുപ്പിലും കെ.സി.വേണുഗോപാൽ അല്ലാതെ ആര് സ്ഥാനാർത്ഥിയായി വന്നാലും വിജയിച്ചേക്കില്ല എന്ന ആശങ്ക പ്രവർത്തകരിലും പ്രാദേശിക നേതാക്കളിലും ഉണ്ടായിരുന്നു.


എന്നാൽ കെ.സി സ്ഥാനാർത്ഥിയാകുമെന്ന് ഉറപ്പായതോടെ, അതുവരെ നിരാശയിലായിരുന്ന പ്രവർത്തകരും നേതാക്കളും ഒരുപോലെ സജീവമായി. അതാണ് ചുരുങ്ങിയ ദിവസം കൊണ്ട് ദീർഘമായ ആലപ്പുഴ മണ്ഡലത്തിൽ പ്രചരണത്തിലും സംഘടനാ ഒരുക്കത്തിലും എതിരാളികൾക്ക് ഒപ്പമെത്താനും അവരെ മറികടക്കാനും സാധിച്ചത്. മണ്ഡലത്തിൻെറ ഓരോകോണിലുമുളള  കോൺഗ്രസ് -യു.ഡി.എഫ് പ്രവർത്തകരുമായി കെ.സി വേണുഗോപാൽ  സൂക്ഷിക്കുന്ന ഹൃദയബന്ധം കൊണ്ട് കൂടിയാണ് ഇത് സംഭവിച്ചത്.

ഓരോ പ്രദേശത്തെയും പ്രവർത്തകരെയും നേരിട്ട് പേരെടുത്ത് വിളിക്കാവുന്ന അടുപ്പമുണ്ട് കെ.സിക്ക്. സംഘടന ചുമതലയുളള ദേശീയ ജനറൽ സെക്രട്ടറി ആയതോടെ തട്ടകം ഡൽഹിയിലേക്ക് മാറ്റിയിരുന്നെങ്കിലും ആലപ്പുഴയുമായുളള ബന്ധം സജീവമായിരുന്നു. അതിൽ ഒരു ഇടർച്ചയും വരാതെ കാത്ത് സൂക്ഷിക്കാൻ കെ.സി.വേണുഗോപാൽ ശ്രദ്ധിക്കുകയും ചെയ്തു.


 ആലപ്പുഴയിലെ സാധാരണ ജനങ്ങളുടെയും യു.ഡി.എഫ് പ്രവർത്തകരുടെയും ഏത് ആവശ്യത്തിനും വിളിപ്പുറത്ത് കെ,സി.ഉണ്ടായിരുന്നു. അതാണ്  ഹൃദയത്തിലാണ് കെ.സി എന്ന പരസ്യവാചകത്തിലേക്ക് യു.ഡി.എഫിനെ എത്തിച്ചതും.  


1996ലാണ്  കണ്ണൂർ, പയ്യന്നൂർ സ്വദേശിയായ  കെ.സി.വേണുഗോപാൽ, ആലപ്പുഴയെ തൻെറ കർമ്മ മണ്ഡലമാക്കി മാറ്റുന്നത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയത്തോട് തുടങ്ങിയ കെ.സി. പിന്നെ ആലപ്പുഴക്കാരനായി മാറുകയായിരുന്നു. കോൺഗ്രസിനും യു.ഡി.എഫിനും രാഷ്ട്രീയ വളർച്ച ഉണ്ടാക്കുന്നതിന് ഒപ്പംതന്നെ രാഷ്ട്രീയത്തിനതീതമായ വ്യക്തിബന്ധങ്ങളും സൗഹൃദങ്ങളും വളർത്തിയെടുത്ത കെ.സി. ആലപ്പുഴക്കാരുടെ ഹൃദയത്തിൽ ഇടം പിടിച്ചു.

2001ലും 2006ലും ആലപ്പുഴയിൽ നിന്ന്  നിയമസഭയിലെത്തിയ കെ.സി, ഉമ്മൻചാണ്ടി മന്ത്രിസഭയിൽ മന്ത്രി ആയപ്പോൾ ആലപ്പുഴക്ക് വേണ്ടി നിരവധി പദ്ധതികൾ കൊണ്ടുവന്നു. ആലപ്പുഴയെ കിഴക്കിൻെറ വെനീസാക്കുന്ന കനാലുകൾ ശുചിയാക്കി, അതിൻെറ തീരങ്ങളിൽ ഇരിപ്പടങ്ങളും പാർക്കുകളും ഒരുക്കി സൗന്ദര്യവൽക്കരണം നടത്തിയത് കെ.സി. വേണു ഗോപാൽ ടൂറിസം മന്ത്രിയായിരുന്നപ്പോഴാണ്. വൈറോളജി ഇൻസ്റ്റിസ്റ്റ്യൂട്ട്, ആലപ്പുഴ ബൈപാസ്, റെയിൽവേ വികസനം എന്നിങ്ങനെ കെ.സി.വേണുഗോപാലിൻെറ കൈയ്യൊപ്പ് പതിയാത്ത പദ്ധതികൾ ജില്ലയിലുണ്ടാകില്ല.

2009ൽ നിയമസഭാംഗം ആയിരിക്കെ,ആലപ്പുഴയിൽ നിന്ന് ലോകസഭയിലേക്ക് മത്സരിച്ച കെ.സിയെ വലിയ ഭൂരിപക്ഷത്തിലാണ് വിജയിപ്പിച്ചത്. കേന്ദ്ര മന്ത്രിയായിരിക്കുമ്പോഴും ആലപ്പുഴയുടെ വികസനത്തിന് വേണ്ടി പ്രയത്‌നിച്ചു. 2014ലും വിജയം തുടർന്ന കെ.സി, 2019ലും സ്ഥാനാർത്ഥിയാകുമെന്നായിരുന്നു പ്രവർത്തകരുടെയും പ്രതീക്ഷ. എന്നാൽ സംഘടനാ ഉത്തരവാദിത്തങ്ങൾ മൂലം മത്സര രംഗത്ത് നിന്ന് മാറിനിന്ന കെ.സി വീണ്ടും തിരിച്ചുവരുമ്പോൾ ആലപ്പുഴയിലെ കോൺഗ്രസ് പ്രവർത്തകർ ആവേശത്തിൽ ആകുന്നതും ആ പഴയ ഓർമ്മകൾ കൊണ്ടാണ്.                    

Advertisment