Advertisment

പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെയും പുണ്യവാനായ ഏലിയാസ് മോർ യൂലിയോസ് ബാവയുടെയും ഓർമ്മപ്പെരുന്നാളും പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനിയുടെ ശ്രാദ്ധത്തിന്റെ രജത ജൂബിലി ആഘോഷങ്ങളും 2024 ജനുവരി 26 മുതൽ ഫെബ്രുവരി 22 വരെ

New Update
perumbilli thirumeni-2

മുളന്തുരുത്തി: പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവയുടെയും പുണ്യവാനായ ഏലിയാസ് മോർ യൂലിയോസ് ബാവയുടെയും ഓർമ്മപ്പെരുന്നാളും പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനിയുടെ ശ്രാദ്ധത്തിന്റെ രജതജൂബിലി ആഘോഷങ്ങളും, ജനുവരി 26 ന് പെരുമ്പള്ളി തിരുമേനിയുടെ അനുസ്മരണാർത്ഥം നടത്തുന്ന കൂറ്റൻ ദീപശിഖാ റാലിയോടെ ആരംഭിയ്ക്കും.

Advertisment

ഭക്തിനിർഭരമായ വിശുദ്ധ മൂന്നിന്മേൽ കുർബ്ബാനയിലും വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാനയിലും പങ്കെടുത്ത് ഭക്തിയുടെ പാരമ്യതയിൽ വിശ്വാസികൾ അനുഗ്രഹം ഏറ്റുവാങ്ങും.

സുറിയാനി ഓർത്തഡോക്സ് സഭയുടെ പരമോന്നത പദവിയിൽ വിരാജിക്കുന്ന മേലദ്ധ്യക്ഷൻ, മൊറോൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവയുടെ പ്രധാന കാർമികത്വത്തിൽ നടക്കുന്ന വിശുദ്ധ അഞ്ചിന്മേൽ കുർബ്ബാന കണ്ട് വണങ്ങി അനുഗ്രഹീതരാകുവാൻ രാജ്യത്തിന്റെ നാനാഭാഗങ്ങളിൽ നിന്നുമുള്ള ഭക്തജനങ്ങൾ പെരുമ്പള്ളി പള്ളിയിലേക്ക് ഒഴുകിയെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി പെരുമ്പള്ളി പള്ളി സഹവികാരിയും പ്രോഗ്രാം കോർഡിനേറ്ററുമായ ഫാ. ജോൺ പുൽപ്രക്കുഴിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു.

1959 ൽ വൈദിക പട്ടം സ്വീകരിച്ച പെരുമ്പള്ളി തിരുമേനി മഞ്ഞനിക്കരയിൽ നിന്നും സഞ്ചരിച്ച് പെരുമ്പള്ളി പള്ളിയിൽ എത്തിയതിന്റെ സ്മരണ പുതുക്കാൻ ആണ് ജനുവരി 26 ന് ദീപശിഖാ റാലി മഞ്ഞനിക്കരയിൽ നിന്നും തുടങ്ങുന്നത് എന്ന് ഫാ. ജേക്കബ്ബ് കുരുവിള പറഞ്ഞു.

തിരുമേനി പെരുമ്പള്ളിയിൽ വൈദികനായി എത്തുമ്പോൾ വളരെ ചെറിയ ചാപ്പലായിരുന്നു ഉണ്ടായിരുന്നത്. മൂന്ന് നാല് വർഷം കൊണ്ട് പെരുമ്പള്ളി പള്ളിയിലേക്ക് ഒഴുകി വന്നത് പല ദേശങ്ങളായിരുന്നു. അത് പിന്നീട് ലക്ഷങ്ങളായി, പെരുമ്പള്ളിയുടെയും മുളന്തുരുത്തിയുടെയും രാജവീഥികൾ നിറഞ്ഞ് കവിഞ്ഞു.

ആ ദൈവദാസന്റെ അനിതരസാധാരണമായ ആരാധനാമികവിലും ദൈവ ശുശ്രൂഷയിലും സൗഖ്യം നേടിയവർ ആയിരക്കണക്കിന് വരും. ദുഃഖിതരെയും അശരണരെയും ചേർത്ത് പിടിച്ചു.

പള്ളിയുടെ നേതൃത്വത്തിൽ കൺവൻഷൻ സെന്ററും ആശുപത്രിയും നിർമ്മിയ്ക്കാൻ പദ്ധതി തയ്യാറാക്കി വരികയാണ്. നാല് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിയ്ക്കണമെന്നാണ് കരുതുന്നത്.

perumbilli thirumeni

തിരുമേനിയുടെ സൗമ്യതയും കരുണയും മുഖത്ത് നിന്ന് വായിച്ചെടുക്കാമായിരുന്നു. എല്ലാ വിഷയങ്ങളിലും അവഗാഹമായ ജ്ഞാനം ഉണ്ടായിരുന്ന ആ മഹാനുഭാവൻ നല്ല വാഗ്മിയും ആയിരുന്നു. ഫാ. ജോൺ പുൽപ്രക്കുഴിയിൽ തുടർന്ന് പറഞ്ഞു.

തിരുമേനിയുടെ സാധുക്കളോടുള്ള ആർദ്രമനസ്സിനെ ഓർമ്മിപ്പിയ്ക്കാനായി 25 ൽ അധികം സാധുക്കൾക്ക് സഹായം ഈ അവസരത്തിൽ എത്തിയ്ക്കാൻ പള്ളിയും ട്രസ്റ്റും തീരുമാനിച്ചു. കൂടാതെ, അന്തിയുറങ്ങാൻ സ്വന്തം വീടില്ലാത്ത പരമസാധുവായ ഒരാൾക്ക് ഒരു വീട് വച്ച് കൊടുക്കുവാനും തങ്ങൾ മുന്നിട്ടിറങ്ങി എന്ന് ട്രസ്റ്റി ബാബു തോമസ് പറഞ്ഞു.

ജനുവരി 27 ശനിയാഴ്ച രാവിലെ 8.30 ന് നടക്കുന്ന വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക്, യുഎസ്എ, ക്യാനഡ ഭദ്രാസനാധിപൻ അഭിവന്ദ്യ യൽദോ മോർ തിമോത്തിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിക്കും. തുടർന്ന് കബറിടത്തിൽ ധൂപപ്രാർത്ഥനയും പാച്ചോർ നേർച്ചയും ഉണ്ടാകും. അഭിവന്ദ്യ കുര്യാക്കോസ് മോർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത സന്ധ്യാപ്രാർത്ഥന ചൊല്ലും.

ജനുവരി 28 ഞായറാഴ്ച രാവിലെ 8.30 ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് അഭിവന്ദ്യ തോമസ് മോർ അലക്സന്ത്രയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികൻ ആകും. തുടർന്ന് കബറിടത്തിൽ ധൂപപ്രാർത്ഥനയും പാച്ചോർ നേർച്ചയും ഉണ്ടാകും. വൈകിട്ട് 5.30 ന് ഇടവകയുടെയും ഭക്തസംഘടകളുടെയും കുടുംബസംഗമത്തിൽ അഭിവന്ദ്യ അലക്സന്ത്രയോസ് തോമസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം ചെയ്യും. റവ.ഫാ.നെൽസൺ ജോബ് (ഒ.ഡി.സി) മുഖ്യ പ്രഭാഷകൻ ആകും. തുടർന്ന് ബെത്ത് സബ്റോ വോയിസിന്റെ ഗാനസന്ധ്യ.

ഫെബ്രുവരി 3 ശനിയാഴ്ച രാവിലെ 8.30 ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയ്ക്ക് ശേഷം കബറിടത്തിൽ ധൂപപ്രാർത്ഥനയും അവൽ നേർച്ചയും ഉണ്ടാകും. വൈകിട്ട് 6 ന് സന്ധ്യാപ്രാർത്ഥനയ്ക്ക് ശേഷം പ്രദക്ഷിണം. ഫെബ്രുവരി 4 ഞായറാഴ്ച രാവിലെ 8.30 ന് വിശുദ്ധ മൂന്നിന്മേൽ കുർബാനയും കബറിടത്തിൽ ധൂപപ്രാർത്ഥനയും തമുക്ക് നേർച്ചയും.

പ്രധാന പെരുന്നാൾ ദിവസമായ ഫെബ്രുവരി 5 തിങ്കളാഴ്ച രാവിലെ 8.30 ന് പരിശുദ്ധ അന്തോഖ്യ സിംഹാസനാധിപൻ മോറാൻ മോർ ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ പാത്രിയർക്കീസ് ബാവായുടെ മുഖ്യകാർമികത്വത്തിൽ അഞ്ചിന്മേൽ കുർബ്ബാന അർപ്പിക്കും. \

ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയുടെയും, മലങ്കര മെത്രാപ്പോലീത്ത അഭിവന്ദ്യ ജോസഫ് മോർ ഗ്രീഗോറിയോസ് തിരുമേനിയുടെയും, പരിശുദ്ധ സഭയിലെ അഭിവന്ദ്യ മെത്രാപ്പോലീത്തമാരുടെയും ദിവ്യ സാന്നിദ്ധ്യം അഞ്ചിന്മേൽ കുർബ്ബാന സമയത്ത് ഉണ്ടാകും. 10.30 ന് കബറിടത്തിലെ ധൂപപ്രാർത്ഥനയ്ക്ക് ശേഷം ചാത്തുരുത്തിയിൽ കൊച്ചു തിരുമേനി സ്മാരക കുരിശിൻ തൊട്ടിയിലേയ്ക്കുള്ള പ്രദക്ഷിണം കഴിഞ്ഞ് ശ്രാദ്ധ സദ്യ വിളമ്പും.

പുണ്യശ്ലോകനായ പെരുമ്പള്ളി തിരുമേനിയുടെ 25 -ാം ശ്രാദ്ധദിനമായ ഫെബ്രുവരി 22 ന് 11.30 ന് നടക്കുന്ന ഉച്ചനമസ്ക്കാരത്തിന് പിന്നാലെ അദ്ദേഹത്തിന്റെ കബറിടത്തിൽ, അഭിവന്ദ്യ കുര്യാക്കോസ് മോർ ദീയസ്ക്കോറോസ് മെത്രാപ്പോലീത്ത ധൂപപ്രാർത്ഥന ചൊല്ലി ആശിർവാദം നൽകും. കബറിടത്തിൽ നിന്നുള്ള വാഴ്വ്വിന്റെ ഉച്ചഭക്ഷണം കഴിഞ്ഞ് പെരുന്നാൾ കൊടിയിറങ്ങും.

മുളന്തുരുത്തി നെഫ്റ്റ് റസ്റ്റോറന്റ് ഹാളിൽ വിളിച്ചു ചേർത്ത പത്രസമ്മേളനത്തിൽ ഫാ. ജോൺ പുൽപ്രക്കുഴിയിൽ, ഫാ. ജേക്കബ്ബ് കുരുവിള, ഫാ.മത്തായി കുളച്ചിറ, ഫാ.തോമസ് പീച്ചനാട്ട്, ഫാ.ജോൺ എബ്രഹാം, ബാബു തോമസ്, പൗലോസ് എൻ.യു, അജു കെ. ജോയ് എന്നിവർ പങ്കെടുത്തു.

Advertisment