Advertisment

വോട്ടെടുപ്പിന് മുൻപ് കരുവന്നൂരിൽ ഇ.ഡിയുടെ ആക്ഷൻ ഭയന്ന് സർക്കാരും പാർട്ടിയും. സിപിഎമ്മിന്റെ തൃശൂരിലെ ആസ്തിയുടെയും സ്വത്തുക്കളുടെയും കണക്ക് തേടി ഇ.ഡി. ജില്ലാ സെക്രട്ടറിയെയും മുൻ എംപിയെയും ചോദ്യംചെയ്യലിൽ വരിഞ്ഞുമുറുക്കി. ലോക്കൽ കമ്മിറ്റികളുടെ സ്വത്ത് രേഖകൾ കിട്ടിയിരിക്കണമെന്ന് കർശന നിർദ്ദേശം. പ്രധാനമന്ത്രി വരെ ഇടപെട്ട കേസിൽ ഇറങ്ങിക്കളിക്കാൻ ഇ.ഡി. ത്രികോണപ്പോരുള്ള തൃശൂരിൽ കത്തുന്ന വിഷയമായി കരുവന്നൂർ

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update
karuvannoor-2

കൊച്ചി: തിരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് മുൻപ് കരുവന്നൂർ കേസിൽ ഇ.ഡി പിടിമുറുക്കുമെന്ന ആശങ്കയിലാണ് സർക്കാരും സിപിഎമ്മും. പാർട്ടിയുടെ തൃശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗ്ഗീസ്, മുൻ എംപി പി.കെ.ബിജു അടക്കമുള്ള നേതാക്കളെ തുടരെത്തുടരെ ഇ.ഡി ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നുണ്ട്.

Advertisment

സിപിഎമ്മിന്റെ തൃശൂരിലെ സ്വത്തുവിവരങ്ങളും ആസ്‌തിയും സംബന്ധിച്ച രേഖകൾ ഹാജരാക്കാൻ ജില്ലാ സെക്രട്ടറി എം.എം. വർഗീസിന് നിർദ്ദേശം നൽകിയതോടെ കടുത്ത നീക്കങ്ങൾക്കാണ് ഇ.ഡി ഒരുങ്ങുന്നതെന്ന സംശയം സിപിഎമ്മിനുണ്ട്.

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ എം.പിയുമായ പി.കെ. ബിജുവിനോട് വ്യാഴാഴ്‌ച വീണ്ടും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ.ഡി നോട്ടീസ് നൽകി. പാർട്ടിയുടെ ലോക്കൽ കമ്മിറ്റികളുടെ അക്കൗണ്ടുകൾ സംബന്ധിച്ച വിശദാംശങ്ങൾ തനിക്കറിയില്ലെന്നാണ് എം.എം. വർഗീസ്  പറഞ്ഞത്.


എന്നാൽ രേഖകൾ ശേഖരിച്ച് ഹാജരാക്കാനാണ് ഇ.ഡിയുടെ കർശന നി‌ർദ്ദേശം. ആറാം തവണയാണ് വർഗീസിനെ ഇ.ഡി ചോദ്യം ചെയ്തത്. പി.കെ. ബിജുവിനെ രണ്ടു തവണയും ചോദ്യം ചെയ്തു. കരുവന്നൂർ സർവീസ് സഹകരണ ബാങ്കിൽ നിന്ന് 300 കോടിയിലേറെ രൂപ തട്ടിയെടുത്തെന്നാണ് ഇ.ഡി സംശയിക്കുന്നത്.


അതിശക്തമായ ത്രികോണ പോരാട്ടം നടക്കുന്ന തൃശൂരിൽ കരുവന്നൂർ കേസ് മുഖ്യ പ്രചാരണ ആയുധമാണ്. ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപി കരുവന്നൂർ തട്ടിപ്പിനെതിരേ ഏറെ സമരം നടത്തിയിരുന്നു. തട്ടിപ്പു കേസിലെ ഇരകൾക്ക്, കണ്ടുകെട്ടിയ പണം വീതിച്ചു നൽകാൻ നിയമനിർമ്മാണം നടത്തുമെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചിട്ടുണ്ട്.

സുരേഷ് ഗോപിക്കായി അദ്ദേഹം വീണ്ടും തൃശൂരിൽ എത്താനിരിക്കെയാണ് ഇ.ഡി നടപടികൾ കടുപ്പിച്ചത്. വോട്ടെടുപ്പിന് മുൻപ് ഇ.ഡി കരുവന്നൂരുമായി ബന്ധമുള്ള ചിലരെ അകത്താക്കുമെന്നാണ് പാർട്ടിക്ക് ലഭിച്ചിരിക്കുന്ന രഹസ്യ വിവരം എന്നാണ് സൂചന.

കരുവന്നൂരിലും മറ്റു ബാങ്കുകളിലും സി.പി.എമ്മിനുള്ള അക്കൗണ്ടുകളുടെ വിവരങ്ങളും വർഗീസിനോട് ഇ.ഡി ചോദിച്ചിട്ടുണ്ട്. ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം കണ്ടെത്തിയ തൃശൂരിലെ ബാങ്ക് ഓഫ് ഇന്ത്യയിലെ നാല് അക്കൗണ്ടുകളുടെ വിവരങ്ങളുടെ പശ്ചാത്തലത്തിലാണ് ആസ്‌തിവിവരങ്ങൾ ഇ.ഡി ആവശ്യപ്പെട്ടത്. ബാങ്കിടപാടുകളിലും വിശദീകരണം ചോദിച്ചു.


കോടികളുടെ നിക്ഷേപമുള്ള രഹസ്യ അക്കൗണ്ടുകളുണ്ടെന്നും അതിൽ നിന്ന് പാർട്ടി പണം പിൻവലിച്ചെന്നും ഇ.ഡി വ്യക്തമാക്കുന്നു‌. കരുവന്നൂർ തട്ടിപ്പിലെ മുഖ്യപ്രതി സതീഷ്‌കുമാർ നൽകിയ മൊഴിയുമായി ബന്ധപ്പെട്ട വിവരങ്ങളാണ് പി.കെ. ബിജുവിനോട് ചോദിച്ചത്.


സതീഷ്‌കുമാറുമായുള്ള ബന്ധവും സാമ്പത്തികയിടപാടുകൾ നടത്തിയിട്ടുണ്ടോയെന്നും ചോദിച്ചു. ബാങ്കിലെ തട്ടിപ്പിൽ ബിജുവിന്റെ നേതൃത്വത്തിൽ പാർട്ടി നടത്തിയ അന്വേഷണത്തിലെ കണ്ടെത്തലുകൾ സംബന്ധിച്ചും ഇ.ഡി വിവരങ്ങൾ തേടുന്നുണ്ട്.

നിക്ഷേപകരുടെയും ചിട്ടി ഉൾപ്പെടെ മറ്റ് ഇടപാടുകാരുടെയും ജീവിതം കരിനിഴലിലാക്കിയ കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ ഇ.ഡി പ്രാഥമിക കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്. 90 കോടിയുടെ കള്ളപ്പണ ഇടപാ‌ട് നടന്നെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കുന്നു. 50 വ്യക്തികളും അഞ്ചു സ്ഥാപനങ്ങളും പ്രതിപ്പട്ടികയിലുണ്ട്.


ബാങ്ക് നടത്തുന്ന റബ്കോ ഏജൻസിയുടെ കമ്മിഷൻ ഏജന്റായിരുന്ന എ.കെ. ബിജോയിയാണ് ഒന്നാം പ്രതി. സി.പി.എം നേതാവും വടക്കാഞ്ചേരി നഗരസഭ കൗൺസിലറുമായ പി.ആർ. അരവിന്ദാക്ഷൻ 15-ാം പ്രതിയാണ്. തട്ടിപ്പിന്റെ ആസൂത്രകനെന്ന് ഇ.ഡി പറയുന്ന പി. സതീഷ്‌കുമാർ 14-ാം പ്രതി. ബിനാമി ഇടപാടുകാരൻ പി.പി. കിരൺ ഒമ്പതും ബാങ്കിലെ മുൻ അക്കൗണ്ടന്റ് സി.കെ. ജിൽസ് 16 ഉം പ്രതികളാണ്.


കിരണിന്റെ രണ്ടും ബിജോയിയുടെ മൂന്നും സ്ഥാപനങ്ങൾ ആദ്യത്തെ 10 പ്രതികളുടെ പട്ടികയിലുണ്ട്. തട്ടിപ്പിൽ പങ്കുണ്ടെന്ന് കണ്ടെത്തി ഇ.ഡി സ്വത്തുക്കൾ കണ്ടുകെട്ടിയ 39 പേരും പ്രതികളാണ്. ഇ.ഡിയുടെ ചോദ്യം ചെയ്യലിനു വിധേയരായ എ.സി.മൊയ്തീൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കളുടെ പേരുകൾ പ്രാഥമിക കുറ്റപത്രത്തിൽ ഇല്ല.

കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമം (പി.എം.എൽ.എ) സംബന്ധിച്ച പ്രത്യേക കോടതിയിൽ എത്തിച്ചത് 87.75 കോടി രൂപ വിലമതിക്കുന്ന നൂറോളം വസ്തുവകകളും ബാങ്ക് നിക്ഷേപങ്ങളും കണ്ടുകെട്ടിയതിന്റെ വിശദാംശങ്ങളും കുറ്റപത്രത്തിനൊപ്പം സമർപ്പിച്ചിട്ടുണ്ട്.

Advertisment