Advertisment

തിരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫിനും കോൺഗ്രസിനും ആവേശം പകർന്ന് ഹൈകോടതി വിധി. എം.സ്വരാജിൻെറ തിരഞ്ഞെടുപ്പ് ഹർജി ഹൈക്കോടതി തളളി. ആക്ഷേപം തെളിയിക്കാൻ ആയില്ലെന്ന് കോടതി. അണിനിരത്തിയ സാക്ഷികൾക്ക് വിശ്വാസ്യതയില്ലെന്നും കോടതി നീരീക്ഷണം. ജനാധിപത്യത്തിൻെറ വിജയമെന്ന് പ്രതിപക്ഷ നേതാവ്. തെറ്റ് ചെയ്തിട്ടില്ലെന്ന് ജനകീയ കോടതിക്ക് പിന്നാലെ നീതിന്യായ കോടതിയും ശരിവെച്ചെന്ന് കെ.ബാബു

ശബരിമല അയ്യപ്പൻെറ ചിത്രം വെച്ച വോട്ടർ സ്ളിപ്പ് വിതരണം ചെയ്ത് വോട്ട് പിടിച്ചെന്ന ആക്ഷേപം തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് ഹർജി തളളിയത്. വോട്ടർമാർക്ക് സ്ലിപ്പ് നൽകി എന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈകോടതി സാക്ഷിമൊഴികൾ മാത്രമായി പരിഗണിക്കാൻ കഴിയില്ലെന്നും വിധി പ്രസ്താവത്തിൽ വ്യക്തമാക്കി.

New Update
m swaraj k babu vd satheesan

കൊച്ചി: തിരഞ്ഞെടുപ്പ് കാലത്ത് യു.ഡി.എഫിനും കോൺഗ്രസിനും ഒരുപോലെ ആശ്വാസം പകർന്ന് തൃപ്പൂണിത്തുറയിലെ തിരഞ്ഞെടുപ്പ് കേസിലെ ഹൈക്കോടതി വിധി. കെ.ബാബുവിനെ അയോഗ്യനാക്കണമെന്ന എം.സ്വരാജിൻെറ ഹർജി ഹൈക്കോടതി തളളിയതാണ് ലോകസഭാ തിരഞ്ഞെടുപ്പിൻെറ മധ്യത്തിൽ നിൽക്കുന്ന കോൺഗ്രസിനും യു.ഡി.എഫിനും ആശ്വാസമായത്.

Advertisment

ശബരിമല അയ്യപ്പൻെറ ചിത്രം വെച്ച വോട്ടർ സ്ളിപ്പ് വിതരണം ചെയ്ത് വോട്ട് പിടിച്ചെന്ന ആക്ഷേപം തെളിയിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് ഹർജി തളളിയത്. വോട്ടർമാർക്ക് സ്ലിപ്പ് നൽകി എന്നതിന് തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയ ഹൈകോടതി സാക്ഷിമൊഴികൾ മാത്രമായി പരിഗണിക്കാൻ കഴിയില്ലെന്നും വിധി പ്രസ്താവത്തിൽ വ്യക്തമാക്കി.


സാക്ഷിമൊഴി സാധൂകരിക്കുന്ന തെളിവില്ലെന്നും ഹർജിക്കാരനായ എം.സ്വരാജ് ഹാജരാക്കിയ സാക്ഷികൾക്ക് വിശ്വാസ്യതയില്ലെന്നും കോടതി നിരീക്ഷിച്ചു. വിശ്വാസപരമായ കാര്യങ്ങൾ ഉയർത്തി വോട്ട്പിടിച്ചുവെന്ന് ചൂണ്ടിക്കാട്ടി കെ.ബാബുവിനെ അയോഗ്യനാക്കണമെന്നും തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു തോറ്റ സ്ഥാനാർത്ഥിയായ എം. സ്വരാജ് ഹൈക്കോടതിയെ സമീപിച്ചത്.


രണ്ട് ആവശ്യങ്ങളും കോടതി തളളിയതോടെ തിരഞ്ഞെടുപ്പ് കാലത്ത് തിരിച്ചടിയായേക്കുമായിരുന്ന വിധിയിൽ നിന്ന് യു.ഡി.എഫും കോൺഗ്രസും രക്ഷപ്പെട്ടു. ഹർജിക്കാരൻ മേൽക്കോടതിയെ സമീപിക്കാനുളള സാധ്യത ഉളളതിനാൽ ഇപ്പോഴത്തെ വിധിയെ അന്തിമമായി കാണാനാവില്ലെങ്കിലും സിംഗിൾ ബഞ്ച് ഉത്തരവ് യു.ഡി.എഫ് ക്യാംപിന് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല.

ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്ത കെ.ബാബുവിൻെറ പ്രതികരണത്തിലും അത് പ്രകടമായിരുന്നു. " വളരെ സന്തോഷം. ഞങ്ങൾ ഇങ്ങനെ ഒരു സ്ലിപ്പ് അടിച്ചിട്ടില്ല.കൃത്രിമമായി ഉണ്ടാക്കിയ ഏർപ്പാടായിരുന്നു ഇതൊക്കെ. പോരാടി നേടിയ വിജയം മോശമാക്കി ചിത്രീകരിക്കാനാണ് എൽഡിഎഫ് ശ്രമിച്ചത്. വളരെ കൃത്രിമമായി ഉണ്ടാക്കിയ കേസാണിത്. അനാവശ്യ വ്യവഹാരങ്ങൾ അവസാനിപ്പിക്കാൻ ഇടതുപക്ഷ മുന്നണി തയ്യാറാകണം.തെറ്റ് ചെയ്തിട്ടില്ലെന്ന് ഉത്തമ ബോധ്യം ഉണ്ടായിരുന്നു.

തെരഞ്ഞെടുപ്പ് കാലത്തെ വിധി കേരളത്തിലെ യുഡിഎഫ് പ്രവർത്തകർക്ക് ആവേശം നൽകും

തൻറെ പേരിൽ മതചിഹ്നങ്ങൾ ഉൾക്കൊള്ളുന്ന സ്ലിപ്പ് അച്ചടിച്ച് വിതരണം ചെയ്തത് എതിർ പാർട്ടിക്കാർ ആയിരിക്കാം. 2021 ൽ ജനകീയ കോടതി തന്നെ വിജയിപ്പിച്ചതാണ്. ആ വിജയത്തെ മോശമാക്കി ചിത്രീകരിക്കാനായിരുന്നു എതിരാളികളുടെ നീക്കം. ജനകീയ കോടതി വിധി എൽ ഡി എഫ് അംഗീകരിക്കാൻ തയാറായില്ല. ഈ കോടതി വിധി അംഗീകരിക്കാൻ തയ്യാറാകണം - കെ.ബാബു പ്രതികരിച്ചു.

കെ. ബാബുവിന്റെ തിരഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധി ജനാധിപത്യത്തിന്റെ വിജയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും പ്രതികരിച്ചു. 2021-ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ കെ. ബാബു പൊരുതി നേടിയ വിജയത്തെ അപഹസിക്കാനാണ് തുടക്കം മുതല്‍ക്കെ എല്‍.ഡി.എഫും സി.പി.എമ്മും ശ്രമിച്ചത്.


ഏതു വിധേനയും കെ. ബാബുവിനെ അയോഗ്യനാക്കാന്‍ സി.പി.എം എല്ലാ അടവുകളും പയറ്റി. ആരോപണങ്ങള്‍ തെളിയിക്കാന്‍ ഹാജരാക്കിയ രേഖകളുടെ വിശ്വസനീയത കോടതിയെ ബോധ്യപ്പെടുത്താന്‍ പോലും ഹര്‍ജിക്കാര്‍ക്കായില്ല. വ്യാജരേഖ ഉണ്ടാക്കിയാണോ കോടതിയെ സമീപിച്ചതെന്ന സംശയം പോലും നിലനില്‍ക്കുന്നുണ്ടെന്ന് സതീശൻ പറഞ്ഞു.


ജനകീയ കോടതിയുടെ വിധി ഹൈക്കോടതിയും ശരിവച്ചത് ജനാധിപത്യത്തെ ശക്തിപ്പെടുത്തും. കെ. ബാബുവിനേയും യു.ഡി.എഫിനെയും ബോധപൂര്‍വം അപഹസിക്കാന്‍ ശ്രമിച്ചവരുടെ മുഖത്തേറ്റ അടിയാണ് ഹൈക്കോടതിവിധിയെന്നും പ്രതിപക്ഷ നേതാവ് പ്രസ്താവനയിൽ പറഞ്ഞു.

Advertisment