എറണാകുളം/തൃശ്ശൂർ: കൊടുങ്ങല്ലൂർ നിയമസഭാ മണ്ഡലത്തിൽ മൂന്നാംഘട്ട പര്യടനം പൂർത്തിയാക്കി ചാലക്കുടി ലോക്‌സഭാ ട്വന്റി 20 സ്ഥാനാർത്ഥി അഡ്വ. ചാർളി പോൾ. മണ്ഡലത്തിലെ വിവിധ മേഖലകളിലെ സന്ദർശനങ്ങളിൽ പരമാവധി വോട്ടർമാരെ നേരിട്ടുകണ്ട അഡ്വ. ചാർളി പോൾ വലിയ ജനപിന്തുണയോടെയാണ് പ്രചരണത്തിൽ മുന്നേറുന്നത്.
ശനിയാഴ്ച രാവിലെ വെളിയനാട് നിന്നും ആരംഭിച്ച പ്രചരണപരിപാടി പുത്തൻചിറ പഞ്ചായത്ത് ട്വന്റി 20 പാർട്ടി കോർഡിനേറ്റർ ആന്റോ പുത്തൻചിറ ഫ്ലാഗ് ഓഫ് ചെയ്തു. ട്വന്റി 20 പാർട്ടി ചാലക്കുടി ലോക്‌സഭാ മണ്ഡലം ചീഫ് ഇലക്ഷൻ ഏജന്റ് ജിബി എബ്രഹാം, കൊടുങ്ങല്ലൂർ നിയോജക മണ്ഡലം പ്രസിഡന്റ് ഡോ. വർഗീസ് ജോർജ് എന്നിവർ പര്യടനത്തിന് നേതൃത്വം നൽകി.
ചാർളി പോൾ കൊടുങ്ങല്ലൂർ നിയോജകമണ്ഡല പര്യടനത്തിൽ
വെളിയനാട്, പട്ടേപ്പാടം, മങ്കിടി, പുത്തൻചിറ, കുണ്ടായി, അഷ്ടമിച്ചിറ, മാള പളളിപ്പുറം ചർച്ച് എന്നിവിടങ്ങളിലാണ് ശനിയാഴ്ച പര്യടനം നടത്തിയത്. നടപ്പാക്കാനാവാത്ത വാഗ്ദാനങ്ങൾ നൽകി മനംമടുപ്പിച്ച മുന്നണികളുടെ ഭരണം ഇനി വേണ്ടെന്ന തിരിച്ചറിവുള്ള ജനങ്ങൾ, തങ്ങളുടെ ആശങ്കകൾ പരിഹാരിക്കാൻ ശേഷിയുള്ള ട്വന്റി 20 പാർട്ടിക്ക് വോട്ട് ചെയ്യുമെന്ന ഉറപ്പാണ് സ്ഥാനാർത്ഥിക്ക് നൽകിയത്.