കൊച്ചി: പനമ്പിള്ളി നഗറിൽ നവജാത ശിശുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ യുവതിയുടെ മൊഴിയുടെ വിശദാംശങ്ങൾ പുറത്ത്. ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്നാണ് കൊല്ലപ്പെട്ട കുഞ്ഞിന്റെ അമ്മ പൊലീസിന് നൽകിയ മൊഴി.
ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞത് വൈകിയാണെന്നും ഗർഭം അലസിപ്പിക്കാനുള്ള സമയം കഴിഞ്ഞിരുന്നുവെന്നുമാണ് യുവതി പറയുന്നത്.
താൻ ഗർഭിണിയാണെന്ന് മാതാപിതാക്കളോട് പറയാൻ യുവതിക്ക് ധൈര്യമുണ്ടായിരുന്നില്ല. യുവതി ഗർഭിണിയായത് ആൺസുഹൃത്തിന് അറിയാമായിരുന്നു. പിന്തുണ ലഭിക്കാത്തത് കടുത്ത മാനസിക സമ്മർദ്ദം ഉണ്ടാക്കി.
ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല. എന്നാൽ ഗർഭിണിയാണെന്നറിഞ്ഞതോടെ ബന്ധം സൂക്ഷിക്കാൻ ആൺസുഹൃത്ത് തയ്യാറായില്ലെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്.
കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ചെന്നാണ് യുവതിയുടെ മൊഴി. കുഞ്ഞ് കരഞ്ഞാൽ പുറത്ത് കേൾക്കാതിരിക്കാൻ വായിൽ തുണി തിരുകിയിരുന്നു. എട്ട് മണിയോടെ അമ്മ വാതിലിൽ മുട്ടിയപ്പോൾ പരിഭ്രാന്തിയിലായി.
കയ്യിൽ കിട്ടിയ കവറിൽ പൊതിഞ്ഞ് കുഞ്ഞിനെ താഴേക്ക് വലിച്ചെറിയുകയായിരുന്നു. ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചെന്നും യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.