Advertisment

2024 ആരംഭിച്ച് മൂന്നാം മാസത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ വനാതിര്‍ത്തിയില്‍ ഏഴ് പേരെയാണ് ആന ചവിട്ടിക്കൊന്നത്; വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ എണ്ണം 909 ആയി; ഹ്രസ്വകാലത്തേക്കോ ദീര്‍ഘകാലത്തേക്കോ ഒരു പദ്ധതിയും സര്‍ക്കാരിനില്ലെന്ന് വിഡി സതീശൻ

New Update
vd satheesan press meet tvm

കൊച്ചി: 2024 ആരംഭിച്ച് മൂന്നാം മാസത്തിലേക്ക് കടക്കുമ്പോള്‍ കേരളത്തില്‍ വനാതിര്‍ത്തിയില്‍ ഏഴ് പേരെയാണ് ആന ചവിട്ടിക്കൊന്നതെന്ന്‌ പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.  2016മുതല്‍ കേരളത്തില്‍ വന്യജീവി ആക്രമണത്തില്‍ മരിക്കുന്നവരുടെ എണ്ണം 909 പേരായി. സര്‍ക്കാര്‍ നിഷ്ക്രിയരായിരിക്കുകയാണ്. ഹ്രസ്വകാലത്തേക്കോ ദീര്‍ഘകാലത്തേക്കോ ഒരു പദ്ധതിയും സര്‍ക്കാരിനില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisment

മാത്യുകുഴല്‍ നാടന്‍ എംഎല്‍എയേയും കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അദ്ധ്യക്ഷന്‍ ഷിയാസിനേയും കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്ത നടപടിക്കെതിരെ അതിശക്തമായി തന്നെ പ്രതിഷേധിക്കുകയാണെന്ന് സതീശൻ പറഞ്ഞു. ജനകീയ പ്രശ്‌നത്തിലാണ് അവര്‍ ഇടപെട്ടത്. ഒരു കുറ്റകൃത്യവും അവര്‍ നടത്തിയിട്ടില്ലെന്ന് സതീശൻ പറഞ്ഞു.

48കോടി രൂപമാത്രമാണ് ഇത്തവണത്തെ ബജറ്റില്‍ വിലയിരുത്തിയിരിക്കുന്നത്. ഒരു ഇലക്ട്രിക് ഫെന്‍സിങ് പോലും കെട്ടാനോ ട്രഫഞ്ച് കുഴിക്കാനോ ഒരു സംവിധാനവും പദ്ധതിയും സര്‍ക്കാരിന്റെ കീഴില്‍ ഇല്ല. മനുഷ്യനേയും അവരുടെ സ്വത്തിനേയും വന്യ ജീവികളുടെ ദയാവായ്പ്പിന് വേണ്ടി വിട്ടുകൊടുത്തിരിക്കുകയാണ്.

ജനങ്ങള്‍ക്ക് എന്ത് സംഭവിച്ചാലും സര്‍ക്കാരിന് ഒരു പ്രശ്‌നവുമില്ല. വനംവകുപ്പിന്റെ ക്രൂരമായ നടപടിക്കെതിരായിട്ടുള്ള വൈകാരികമായിട്ടുള്ള പ്രതിഷേധമാണ് വയനാട്ടിലും കോതമംഗലത്തും നടന്നത്. സ്വാഭാവികമായും നടന്ന പ്രതിഷേധമാണതെന്നും വി ഡി സതീശൻ വ്യക്തമാക്കി.

'ഇന്നലെ കാട്ടാന ചവിട്ടിക്കൊന്ന ഇന്ദിരയുടെ മൃതദേഹത്തോട് അനാദരവ് കാണിച്ചത് പൊലീസാണ്. ബന്ധുക്കളുടെ പക്കല്‍ നിന്നും മൃതദേഹം റോഡിലൂടെ വലിച്ചിഴച്ചാണ് ആംബുലന്‍സില്‍ കയറ്റിക്കൊണ്ട് പോയത്.

കൊലപാതക കുറ്റത്തിനേക്കാളും വലിയ ക്രിമിനലുകളെ അറസ്റ്റ് ചെയ്യുന്ന രീതിയിലാണ് ഇന്നലെ ഡിസിസി പ്രസിഡന്റിനെ സമരം ചെയ്യുന്ന സ്ഥലത്തുനിന്ന് പിടിച്ചുകൊണ്ട് പോയത്. എന്തുകുറ്റമാണ് ചെയ്തത്. എന്തിനാണ് ഡിസിസി പ്രസിഡന്റിനെ ജീപ്പില്‍ കറക്കിയത്.

ടൂറുകൊണ്ടുപോയതാണോ, അറസ്റ്റ് ചെയ്തതാണോ. അറസ്റ്റ് ചെയ്ത്, മെഡിക്കല്‍ ചെക്കപ്പ് നടത്തി മജിസ്‌ട്രേറ്റ് മുന്നില്‍ ഹാജരാക്കാനുള്ള നടപടി ലംഘിച്ചത് പൊലീസാണ്. എന്തിനാണ് ഡിസിസി പ്രസിഡന്റിനെ ഒന്നരമണിക്കൂര്‍ പ്രദേശത്ത് മുഴുവന്‍ കറക്കിയതെന്ന് പൊലീസ് വ്യക്തമാക്കണെം' വിഡി സതീശന്‍ ആവശ്യപ്പെട്ടു.

Advertisment