Advertisment

ഉടുമ്പൻചോലയിൽ പര്യടനം പൂർത്തിയാക്കി ഡീൻ കുര്യാക്കോസ്

സിപിഎമ്മിലെ ബിജെപി വിഭാഗം നേതാവാണ് പിണറായി വിജയൻ. ബിജെപിയെ താഴെയിറക്കാൻ ജനം ആഗ്രഹിക്കുമ്പോൾ കേരളത്തിൽ നരേന്ദ്ര മോദിയുടെ പി.ആർ വർക്ക് ചെയ്യുകയാണ് പിണറായി വിജയന്റെ ജോലിയെന്ന് ഡീൻ

New Update
dean udumbanchola

ഇടുക്കി : യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് ഇന്നലെ ഉടുമ്പൻചോല മണ്ഡലത്തിലെ പര്യടനം പൂർത്തിയാക്കി. നെടുങ്കണ്ടം, പാമ്പാടുംപാറ, ഇരട്ടയാർ എന്നി പഞ്ചായത്തുകളിൽ ശനിയാഴ്ച പര്യടനം നടത്തിയ യുഡിഎഫ് സ്ഥാനാർത്ഥിക്ക് നാൽപ്പതോളം കേന്ദ്രങ്ങളിൽ ജനങ്ങൾ സ്വീകരണം നൽകി.

Advertisment

രാവിലെ ആനക്കല്ല് ജംഗ്ഷനിൽ കേരള കോൺഗ്രസ് സംസ്ഥാന സമിതി അംഗം ജോസ് പൊട്ടൻപ്ലാക്കൽ പര്യടന പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യക്കും ഇടുക്കിക്കും വേണ്ടി യുഡിഎഫ് ജയിക്കണമെന്ന് അദ്ദേഹം പറഞ്ഞു. ഇടുക്കിയെ ദ്രോഹിച്ച എൽഡിഎഫ് സർക്കാരിനെതിരെ ജനാരോക്ഷം ശക്തമാണ്. സാധാരണക്കാരായ ജനങ്ങൾക്ക് പട്ടയം പോലും നിഷേധിച്ച സർക്കാരാണ് ഇതെന്നും ജോസ് പൊട്ടൻപ്ലാക്കൽ ആരോപിച്ചു.

ജനം വെറുത്ത ഭരണാധികാരിയാണ് പിണറായി വിജയൻ എന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഡീൻ കുര്യാക്കോസ് മറുപടി പ്രസംഗത്തിൽ പറഞ്ഞു. സിപിഎമ്മിലെ ബിജെപി വിഭാഗം നേതാവാണ് പിണറായി വിജയൻ. ബിജെപിയെ താഴെയിറക്കാൻ ജനം ആഗ്രഹിക്കുമ്പോൾ കേരളത്തിൽ നരേന്ദ്ര മോദിയുടെ പി.ആർ വർക്ക് ചെയ്യുകയാണ് പിണറായി വിജയന്റെ ജോലിയെന്ന് ഡീൻ പരിഹസിച്ചു.

dean udumbanchola1

ഉദ്ഘാടന സമ്മേളനത്തിന് ശേഷം കോമ്പയാർ, തിരുവല്ലപ്പടി, നെടുങ്കണ്ടം, നെടുങ്കണ്ടം വെസ്റ്റ്, കൽക്കൂന്തൽ, മഞ്ഞപ്പെട്ടി, പൊന്നാമല, ബഥേൽ, മഞ്ഞപ്പാറ, പച്ചടി കുരിശുപാറ, ചാറൽമേട്, ചക്കക്കാനം എന്നിവിടങ്ങളിൽ പര്യടനം പൂർത്തിയാക്കി.

മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾക്ക് പിന്തുണ അഭ്യർത്ഥിച്ചാണ് ഡീൻ കുര്യാക്കോസ് പ്രചാരണം നടത്തുന്നത്. എംപി ഫണ്ടിൽ നിന്ന് മാത്രം 2.77 കോടി രൂപ ഉടുമ്പൻചോല മണ്ഡലത്തിൽ അനുവദിച്ചെന്ന് യുഡിഎഫ് പറയുന്നു.

പ്രധാനമന്ത്രി ഗ്രാമീണ റോഡ് വികസന പദ്ധതിയിലും സെൻട്രൽ റോഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിലും ഉൾപ്പെടുത്തി 4 റോഡുകളാണ് അനുവദിച്ചത്. ആരോഗ്യ മേഖലയിലും നിരവധി പദ്ധതികൾ ഉടുമ്പൻചോല മണ്ഡലത്തിൽ നടപ്പിലാക്കിയതിന്റെ പ്രയോജനം ലഭിക്കുമെന്നാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

ഉച്ചക്ക് ശേഷം കല്ലാർ, മുണ്ടിയൊരുമ, ബാലഗ്രാം, തേർഡ്ക്യാമ്പ്, അന്യർതോളു, പുളിയൻമല, പത്തിനിപാറ, പാമ്പാടുംപാറ, ചെമ്പളം, കൗന്തി, എഴകുംവയൽ, ഈട്ടിത്തോപ്പ്, പള്ളിക്കാനം, ചെമ്പകപ്പാറ, കൊച്ചുകാമക്ഷി എന്നി പ്രദേശങ്ങളിൽ എത്തിയ യുഡിഎഫ് സ്ഥാനാർത്ഥി വോട്ടർമാരുടെ അനുഗ്രഹം തേടി.

വൈകിട്ട് ഇടഞ്ഞമല, ശാന്തിഗ്രാം, നാലുമുക്ക്, വാഴവര, തുളസിപ്പാറ, ഉപ്പുകണ്ടം, മന്നാക്കൂടി, തോവാള എന്നിവിടങ്ങളിൽ കൂടി പ്രചരണം നടത്തി രാത്രി ഇരട്ടയാറിൽ സമാപിച്ചു. സമാപന സമ്മേളനം കെപിസിസി രാഷ്ട്രീയ കാര്യാ സമിതി അംഗം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു.

Advertisment