Advertisment

ആദ്യമായിട്ടല്ല നിരാഹാരമനുഷ്ഠിക്കുന്നത്; നിരാഹാര സമരം ജനപ്രതിനിധിയുടെ ഉത്തരവാദിത്വം: സി.പി.എമ്മിന് മറുപടിയുമായി ഡീന്‍ കുര്യാക്കോസ്‌

താൻ ആദ്യമായിട്ടല്ല നിരാഹാരമനുഷ്ഠിക്കുന്നത്. ഇത് 6-ാം തവണയാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ഇടുക്കിലെ ജനകീയ പ്രശ്നത്തിൽ ഇത് മൂന്നാം പ്രാവശ്യമാണ് സമരം ചെയ്യുന്നത്

New Update
dean kuriakose mp

മൂന്നാര്‍: നിരാഹാര സമരം ജനപ്രതിനിധിയുടെ ഉത്തരവാദിത്തമെന്ന് ഡീന്‍ കുര്യാക്കോസ് എം.പി.  കാട്ടാന ആക്രമണത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് ഡീൻ നടത്തുന്ന നിരാഹാരസമരത്തെ വിമര്‍ശിച്ച സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിനും ഡീന്‍ മറുപടി നല്‍കി. മൂന്നാറിൽ നിരാഹാരമനുഷ്ഠിക്കുന്നതിനെ വിമർശിക്കാൻ വർഗ്ഗീസിന് അവകാശമില്ലെന്ന് ഡീന്‍ വ്യക്തമാക്കി.

Advertisment

ഉദ്യോഗസ്ഥരുടെ മേലെ പഴി പറഞ്ഞ് രക്ഷപെടാനാണ് എന്നും, വന്യമൃഗ ശല്യത്തിൻ്റെ കാര്യത്തിൽ വർഗ്ഗീസും കൂട്ടരും ശ്രമിച്ചിട്ടുള്ളത്. നിരാഹാര സമരത്തിലൂടെ സർക്കാറിന്റെ പ്രതിബദ്ധതയില്ലായ്മയാണ് തുറന്ന് കാണിക്കാൻ ശ്രമിക്കുന്നത്. ഇന്നലെ വനം മന്ത്രി എ.കെ ശശീന്ദ്രൻ അയച്ച കത്തിൽ ശല്യക്കാരായ ആനകളെയും, മറ്റു മൃഗങ്ങളെയും തുരത്തിയോടിക്കാൻ യാതൊരു തീരുമാനവുമില്ല.

 ഇത്തരമൊരു പശ്ചാത്തലത്തിൽ സമരമവസാനിപ്പിക്കാൻ സാധ്യമല്ലെന്ന് മന്ത്രിയെ അറിയിച്ചിട്ടുണ്ടെന്നും ഡീന്‍ പറഞ്ഞു.

സി.വി. വർഗ്ഗീസ് ആരോപിക്കുന്നത് തെരഞ്ഞൈടുപ്പ് ആയത് കൊണ്ടാണ് നിരാഹാര സത്യാഗ്രഹം നടത്തുന്നതെന്നാണ്‌. താൻ ആദ്യമായിട്ടല്ല നിരാഹാരമനുഷ്ഠിക്കുന്നത്. ഇത് 6-ാം തവണയാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ഇടുക്കിലെ ജനകീയ പ്രശ്നത്തിൽ ഇത് മൂന്നാം പ്രാവശ്യമാണ് സമരം ചെയ്യുന്നത്. ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2020ൽ 6 ദിവസം നിരാഹാരം അനുഷ്ഠിച്ചു. മുല്ലപ്പെരിയാർ വിഷയത്തിൽ ചെറുതോണിയിൽ ഉപവാസ സമരത്തിന് നേതൃത്വം നൽകി. 

ബഫർ സോൺ വിഷയത്തിലും, മുല്ലപ്പെരിയാർ വിഷയത്തിലും, അരിക്കൊമ്പൻ വിഷയത്തിലും, പരിസ്ഥിതി സംഘടന ഹൈക്കോടതിയിൽ നൽകിയ ഇടുക്കിക്കെതിരായ കേസിലും, ജനപക്ഷ നിലപാട്കൾ ഉയർത്തിപ്പിടിച്ച് കക്ഷി ചേർന്നു. ജനകീയ വിഷയങ്ങളിൽ ഇടപെട്ട് കൊണ്ട് സമരം നടത്തുക എന്നത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്വമാണ്. ആ നിലയിൽ മൂന്നാറിലെ തോട്ടംതൊഴിലാളികൾക്കും, സാധാരണക്കാർക്കും ആശ്വാസമേകുന്ന സമഗ്രമായ പദ്ധതി പ്രഖ്യാപിക്കും വരെ സമരം തുടരും.

തോട്ടംതൊഴിലാളിയായ സുരേഷ് ആന ചവിട്ടി മരിച്ചപ്പോൾ ഒരു സർക്കാർ പ്രതിനിധിയെ പോലും അയക്കാതെ അവമാനിച്ചതിൻ്റെ പാപ ഭാരത്തിൽ നിന്നും, ഇടതുപക്ഷ നേതാക്കൾക്കും സി.വി. വർഗീസിനും രക്ഷപെടാൻ കഴിയില്ലെന്നും ഡീൻ കുര്യാക്കോസ് അഭിപ്രായപ്പെട്ടു.

 

 

Advertisment