Advertisment

സ്പോര്‍ട്സ് ഉച്ചകോടി; മണക്കാട് ഗ്രാമപഞ്ചായത്ത് സ്പോര്‍ട്സ് കോംപ്ലക്സ് സ്ഥാപിക്കും

New Update
sports summit

തൊടുപുഴ: കായികപരമായി ചരിത്ര പ്രാധാന്യമുള്ള മണക്കാട് ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാര്‍ഡായ പച്ചൂര്‍ തണ്ടില്‍ സ്പോര്‍ട്സ് കോംപ്ലക്സ് നിര്‍മ്മിക്കുമെന്ന് പഞ്ചായത്തു പ്രസിഡന്‍റ് ടോണി കുര്യാക്കോസ് അറിയിച്ചു. 

Advertisment

മണക്കാട് പഞ്ചായത്ത് സ്പോര്‍ട്സ് സമ്മിറ്റ് യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു പ്രസിഡന്‍റ്. പഞ്ചായത്തിലെ പുതുപ്പരിയാരത്ത് ഉപയോഗ യോഗ്യമല്ലാതെ കിടക്കുന്ന പരമ്പരാഗതമായ കുളം നീന്തല്‍ പരിശീലനത്തിന് ഉപയോഗിക്കാവുന്നവിധത്തില്‍ പുനരുദ്ധരിക്കുമെന്നും പ്രസിഡന്‍റ് അറിയിച്ചു. 

പഞ്ചായത്തിലുള്ള 3 ഹൈസ്ക്കൂളുകള്‍, 2 ഹയര്‍ സെക്കണ്ടറി സ്ക്കൂളുകള്‍, 8 മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയില്‍ കായിക പരിശീലന പരിപാടി ആരംഭിക്കുമെന്നും, പുതുപ്പരിയാരം എലിക്കുളത്തിനു പുറമെ മണക്കാട് അമ്പലക്കുളവും പുനരുദ്ധരിച്ച് നീന്തല്‍ കുളങ്ങളായി പരിവര്‍ത്തനപ്പെടുത്തുമെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എസ്. ജേക്കബ്ബ് അറിയിച്ചു. 

കൂടാതെ എം.വി.ഐ.പി. ഇടതുകര മെയിന്‍ കനാലിന്‍റെ ഉപയോഗരഹിതമായി കിടക്കുന്ന ഏക്കര്‍ കണക്കിന് സഥലം സ്പോര്‍ട്സ് കോംപളക്സ് നിര്‍മ്മിക്കുന്നതിനായി വിട്ടുതരുവാന്‍ സര്‍ക്കാരിനോട് ആവശയപ്പെടുമെന്നും പി.എസ്. ജേക്കബ് അറിയിച്ചു 

 

ജില്ലയുടെ സമഗ്ര കായിക വികസനം ലക്ഷ്യമാക്കിക്കൊണ്ടുള്ള ഈ കായിക ഉച്ചകോടി ജില്ലയുടെ തനത് കായിക സംസ്ക്കാരം വീണ്ടെടുക്കുവാന്‍ ഉപകരിക്കുമെന്നും, ഫുട്ബോള്‍, വോളീബോള്‍, അത്ലറ്റിക്സ്  തുടങ്ങി കുറഞ്ഞത് മൂന്നു കായിക ഇനങ്ങളിലെങ്കിലും പഞ്ചായത്ത് സ്വന്തം നിലയില്‍ പരിശീലനം നല്‍കുവാന്‍ തയ്യാറാകണമെന്നും, നീന്തല്‍ അവിഭാജ്യ ഘടകമാണെന്നും നീന്തല്‍ പഠിപ്പിക്കുവാന്‍ സംവിധാനംമൊരുക്കണമെന്നും ആമുഖ പ്രാസംഗികന്‍ കെ.ശശിധരന്‍ അറിയിച്ചു. 

തുടര്‍ന്ന് എം.എസ്. പവനന്‍ വിഷയാവതരണം നടത്തി.  പഞ്ചായത്ത് മുനിസിപ്പല്‍ തല സ്പോര്‍ട്സ് സമ്മിറ്റ് വളരെ ഏറെ പ്രാധാന്യമുള്ളതാണെന്നും, പഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും കളിക്കുവാനുള്ള കളിസ്ഥലം ഒരുക്കിക്കൊടുക്കുക, വയോജനങ്ങള്‍ക്കു സുരക്ഷിതമായി പ്രഭാത സായാഹ്ന സവാരി നടത്തുന്നതിനുള്ള നടപ്പാതകള്‍, ആരോഗ്യ പരിപാനത്തിനുള്ള ഓപ്പണ്‍ ജിംനേഷ്യം, നീന്തല്‍ കുളങ്ങള്‍ എന്നിവ യാഥാര്‍ത്ഥ്യമാക്കിത്തീര്‍ക്കുന്നതിനുള്ള ജനകീയ പദ്ധതികള്‍ക്ക് രൂപം നല്‍കുകയും, ആയത് അന്താരാഷ്ട്ര സ്പോര്‍ട്സ് സമ്മിറ്റില്‍ അവതരിപ്പിച്ച് അംഗീകാരം  നേടിയെടുക്കേണ്ടതുമുണ്ട്. 

ഗ്രാമതലത്തില്‍ കായിക രംഗം പുഷ്ടിപ്പെട്ടാല്‍ മാത്രമെ ജില്ലാ സംസ്ഥാന തലത്തില്‍ കായികതാരങ്ങള്‍ പിറവിയെടുക്കുകയുള്ളുവെന്നും, ആയതിന് ഗ്രാമതലത്തിലുള്ള പോരായ്മകള്‍ സ്പോര്‍ട്സ് ഉച്ചകോടിയിലൂടെ പരിഹരിച്ചു മുന്നോട്ടു പോകേണ്ടതാണെന്നും, എം.എസ്. പവനന്‍ വിഷയാവതരണത്തില്‍ പറഞ്ഞു. 

പഞ്ചായത്തില്‍ കൂടി പോകുന്ന എം.വി.എ.പി. കനാലില്‍ തടയണകള്‍ നിര്‍മ്മിച്ചുകൊണ്ട്, പഞ്ചായത്തിലെ മുഴുവന്‍ കുട്ടികള്‍ക്കും നീന്തല്‍ പരിശീലനം സാധ്യമാക്കണമെന്നും, ഭൂരിഭാഗം അംഗീകൃത കളിയിനങ്ങളിലും പഞ്ചായത്ത് കുട്ടികളെ തെരഞ്ഞെടുത്ത് പരിശീലനം നല്‍കണമെന്നും  റ്റി.സി. മാത്യു അറിയിച്ചു. 

നിര്‍ദ്ദിഷ്ട ക്രിക്കറ്റ് സ്റ്റേഡിയത്തിനുള്ള സ്ഥലത്തിന്‍റെ മദ്ധ്യഭാഗത്തു കൂടി സര്‍വ്വേ ചെയ്തിട്ടുള്ള അങ്കമാലി ഹൈവേയുടെ പ്ലാന്‍ പുന: പരിശോധിക്കണമെന്നും, സ്റ്റേഡിയത്തിന്‍റെ സ്ഥലം നഷ്ടപ്പെടുത്തിക്കൊണ്ടുള്ള അങ്കമാലി ഹൈവേ പ്ലാന്‍ അംഗീകരിക്കുകയില്ലെന്നും ബ്ലോക്ക് പഞ്ചായത്തംഗം ജയന്‍ അയ്യപ്പന്‍ ചര്‍ച്ചയുടെ ഭാഗമായി അറിയിച്ചു. 

വാര്‍ഡ് അംഗം എം. മധു, എ.ജയന്‍, ഓമന ബാബു, വി.ബി ദിലീപ്കുമാര്‍, സ്പോര്‍ട്സ് കൗണ്‍സില്‍ അംഗം പി.ഐ. റഫീക്, ഷാ കമാല്‍ എന്നിവര്‍ പ്രസംഗിച്ചു. 

Advertisment