Advertisment

ഇടുക്കിയിലെ പട്ടയ വിതരണം തടഞ്ഞ ഹൈക്കോടതി ഉത്തരവിന് ഇടയാക്കിയത് സർക്കാരിന്റെ വീഴ്ചകൾ. മുൻ എം.പി ജോയ്സ് ജോർജ്ജിന്റെ 28 ഏക്കർ പട്ടയം റദ്ദാക്കിയതടക്കം വേണ്ടപ്പെട്ടവരുടെ കാര്യങ്ങൾ കോടതിയിൽ പറഞ്ഞില്ല. കഷ്ടത്തിലായത് ആയിരക്കണക്കിന് പാവപ്പെട്ട കർഷകർ. കുഴൽനാടന്റെ 50 സെന്റിൽ പിടിമുറുക്കിയ സർക്കാർ ജോയ്സിന്റെ 28 ഏക്കറിന്റെ തട്ടിപ്പ് കോടതിയിൽ മറച്ചുവച്ചു. പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഇടുക്കിയിൽ പ്രചാരണ വിഷയമാവുക പട്ടയ പ്രശ്നം തന്നെ

കൊട്ടാക്കമ്പൂരിൽ താമസിക്കുന്ന തമിഴ് വംശജരും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുമായ മുരുകൻ, ഗണേശൻ, വീരമ്മാൾ, പൂങ്കൊടി, ലക്ഷ്‌മി, ബാലൻ, മാരിയമ്മാൾ, കുമാരക്കൾ എന്നിവരിൽ നിന്നു 2001ൽ ജോയ്‌സിന്റെ പിതാവ് ജോർജ് 32 ഏക്കർ ഭൂമി പവർ ഓഫ് അറ്റോർണിയിലൂടെ കൈവശപ്പെടുത്തിയെന്നു 2014ൽ ആണു കലക്‌ടർക്ക് ആദ്യം പരാതി ലഭിക്കുന്നത്.

New Update
joice george mathew kuzhalnadan

ഇടുക്കി: ചിന്നക്കനാലിൽ 50 സെന്റ് ഭൂമി കൈയേറിയെന്ന പേരിൽ മാത്യു കുഴൽനാടൻ എം.എൽ.എയെ ക്രൂശിക്കുന്ന സർക്കാർ മുൻ എം.പി ജോയ്സ് ജോർജ്ജിന്റെ 28 ഏക്കർ ഭൂമിയുടെ വ്യാജപട്ടയം റദ്ദാക്കിയ കേസിൽ തുടർനടപടികൾ വൈകിപ്പിക്കുന്നു. ഇടുക്കി വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂർ വില്ലേജിൽ ജോയ്സ് ജോർജ് എംപിയുടെയും കുടുംബത്തിന്റെയും 28 ഏക്കർ ഭൂമിയുടെ പട്ടയമാണ് 2017ൽ സർക്കാർ റദ്ദാക്കിയത്.

Advertisment

 വ്യാജ പട്ടയത്തിലൂടെ സർക്കാരിന്റെ തരിശുഭൂമി കയ്യേറിയതാണെന്നു ദേവികുളം സബ് കലക്ടർ വി.ആർ.പ്രേംകുമാറിന്റെ റിപ്പോർട്ടിനെ തുടർന്നാണു പട്ടയം റദ്ദാക്കിയത്. കൊട്ടാക്കമ്പൂർ വില്ലേജിൽ ബ്ലോക്ക് നമ്പർ 58ൽ 32 ഏക്കർ സ്ഥലമാണു ജോയ്സ് ജോർജിനും കുടുംബാംഗങ്ങൾക്കുമുള്ളത്. ഇതിൽ 28 ഏക്കറിന്റെ പട്ടയമാണു റദ്ദാക്കിയത്.


കൊട്ടാക്കമ്പൂരിൽ താമസിക്കുന്ന തമിഴ് വംശജരും പട്ടികജാതി വിഭാഗത്തിൽപ്പെട്ടവരുമായ മുരുകൻ, ഗണേശൻ, വീരമ്മാൾ, പൂങ്കൊടി, ലക്ഷ്‌മി, ബാലൻ, മാരിയമ്മാൾ, കുമാരക്കൾ എന്നിവരിൽ നിന്നു 2001ൽ ജോയ്‌സിന്റെ പിതാവ് ജോർജ് 32 ഏക്കർ ഭൂമി പവർ ഓഫ് അറ്റോർണിയിലൂടെ കൈവശപ്പെടുത്തിയെന്നു 2014ൽ ആണു കലക്‌ടർക്ക് ആദ്യം പരാതി ലഭിക്കുന്നത്.

വ്യാജരേഖകൾ ഉപയോഗിച്ച് ആദ്യ ഉടമകളുടെ പേരിൽ പട്ടയം തരപ്പെടുത്തുകയും പിന്നീട് ആ വസ്തു സ്വന്തമാക്കുകയും ചെയ്തെന്നാണ് ആരോപണം. ഇതുകൂടാതെ മറ്റൊരു 12 ഏക്കറിന്റെ ഉടമസ്ഥാവകാശവും സംശയത്തിലാണ്. ചിന്നക്കനാലിൽ എംഎം മണിയുടെ സഹോദരപുത്രൻ ലജീഷിന്റെയും, സിപിഎം മുൻ ലോക്കൽ സെക്രട്ടറി ആൽവിന്റെയും വ്യാജപട്ടയങ്ങളും റദ്ദാക്കിയിരുന്നു. വ്യാജപട്ടയങ്ങൾക്കായുള്ള പരിശോധനകൾ പുരോഗമിക്കുകയാണ്.

ഇതിനിടയിലാണ് ഇടുക്കിയിലെ പട്ടയ വിതരണം ഹൈക്കോടതി കഴിഞ്ഞമാസം തടഞ്ഞത്. 1964ലെ ഭൂപതിവ് ചട്ടപ്രകാരം ഭൂമിക്ക് പട്ടയം നൽകുന്നത് മൂന്നാറിലെ കയ്യേറ്റങ്ങളുമായി ബന്ധപ്പെട്ട ഭൂവിഷയങ്ങൾ പരിഗണിക്കുന്ന ഹൈക്കോടതിയുടെ പ്രത്യേക ബെഞ്ചാണ് തടഞ്ഞത്. വൺ എർത്ത് വൺ ലൈഫ് എന്ന പരിസ്ഥിതി സംഘടന നൽകിയ ഹർജിയിലാണ് വിധി ഉണ്ടായത്.

1971 ജനുവരി ഒന്നിനു മുൻപ് കൃഷിയാവശ്യത്തിനായി കുടിയേറ്റം നടത്തിയ ഭൂമിക്കാണ് 1964ലെ ചട്ടം അനുസരിച്ച് പട്ടയം നൽകുന്നത്. എന്നാൽ 1971ൽ ചട്ടം 5, 7 എന്നിവ ഭേദഗതി ചെയ്തതുകൊണ്ട് പലയിടത്തും അനധികൃതമായി ഭൂമി കയ്യേറിയവർ പട്ടയം നേടിയിട്ടുണ്ടെന്നാണ് ഹർജിക്കാർ കോടതിയിൽ വ്യക്തമാക്കിയത്.


ഭൂരഹിതർക്കു ഭൂമി പതിച്ചു നൽകുന്നത് അംഗീകരിക്കാമെങ്കിലും അനർഹർക്ക് സർക്കാർ ഭൂമി പതിച്ചു നൽകുന്നത് അനുവദിക്കാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇടുക്കിയിൽ വീണ്ടും മത്സരിക്കാനൊരുങ്ങുന്ന ജോയ്സിന്റെ പട്ടയ തട്ടിപ്പ് വീണ്ടും ചർച്ചയാവാതിരിക്കാനാണ് കോടതിയിൽ തന്ത്രപരമായ നിലപാട് സർക്കാർ സ്വീകരിച്ചതെന്നാണ് ആക്ഷേപം.


ഈ ഉത്തരവിന് ഇടയാക്കിയത് ജോയ്സ് അടക്കമുള്ള കൈയേറ്റക്കാരെ സംരക്ഷിക്കാനുള്ള സർക്കാരിന്റെ വ്യഗ്രതയാണ് എന്നാണ് ആരോപണം. അനധികൃത കയ്യേറ്റക്കാർക്ക് 1964ലെ ചട്ടപ്രകാരം ഭൂമി പതിച്ചു നൽകിയിട്ടുണ്ടെന്ന ഹർജിക്കാരുടെ വാദവും കോടതിയുടെ നിരീക്ഷണവും എതിർക്കാൻ കഴിഞ്ഞില്ല.

മാനദണ്ഡങ്ങൾ പാലിച്ച് നിയമപരമായാണ് കുടിയേറ്റ കർഷകർക്കു പട്ടയങ്ങൾ വിതരണം ചെയ്തതെന്നും അല്ലാതെയുള്ള പട്ടയങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും കോടതിയിൽ സത്യവാങ്മൂലം നൽകി പട്ടയവിതരണം റദ്ദാക്കിയ ഉത്തരവിൽ നിന്ന് സർക്കാരിന് രക്ഷപെടാമായിരുന്നു. എന്നാൽ ജോയ്സിനെതിരേയടക്കം രേഖകൾ നൽകേണ്ടി വരുമെന്നതിനാൽ ഉത്തരവിൽ പുനപരിശോധനാ ഹർജി നൽകാൻ പോലുമായിട്ടില്ല.


1964ലെ ചട്ടപ്രകാരം നൽകിയ പട്ടയം പിന്നീട് റദ്ദു ചെയ്ത സംഭവങ്ങൾ കോടതിയെ ബോധ്യപ്പെടുത്താനും സർക്കാരിനു കഴിഞ്ഞില്ല. ഇതെല്ലാം മനപൂ‌ർവമാണെന്നാണ് ആരോപണം. ഏതാനും കൈയേറ്റക്കാരെ സംരക്ഷിക്കാൻ സർക്കാർ കോടതിയിൽ ഈ വിവരങ്ങൾ മറച്ചുവെച്ചത് പ്രതികൂലമായി ബാധിച്ചത് പതിറ്റാണ്ടുകളായി കൈവശ ഭൂമിക്ക് പട്ടയത്തിന് കാത്തിരിക്കുന്ന ആയിരക്കണക്കിന് കർഷകരെയാണ്.


ഇടുക്കിയിൽ പട്ടയവിതരണം പാതിവഴിയിലാണ്. മുപ്പതിനായിരത്തോളം അപേക്ഷകർക്ക് ഇനിയും പട്ടയം നൽകുവാനുണ്ട്. കൂടാതെ ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശങ്ങൾ, 10 ചെയിൻ, മൂന്ന് ചെയിൻ മേഖല, ലാൻഡ് രജിസ്റ്ററിൽ ഏലം കൃഷിയെന്ന് തെറ്റായിരേഖപ്പെടുത്തിയതിന്റെ പേരിൽ പട്ടയം നൽകാത്ത തോപ്രാംകുടിയടക്കമുള്ള പ്രദേശങ്ങളിലും പട്ടയം നൽകുവാനുണ്ട്.

കൈയേറ്റ ഭൂമിക്ക് പട്ടയം നൽകിയിട്ടില്ലന്നും കൊട്ടക്കാമ്പൂർ, ചിന്നക്കനാൽ, പള്ളിവാസൽ തുടങ്ങിയ ടുറിസം പ്രാധാന്യമുള്ള പ്രദേശങ്ങളിലാണ്  ഭൂമി കൈയേറ്റവും 1964 ലെ ഭൂ പതിവ് നിയമപ്രകാരമുള്ള വ്യാജപട്ടയങ്ങളുമുള്ളതെന്നും ഇവ പരിശോധിച്ച് റദ്ദ് ചെയ്തിട്ടുണ്ടെന്നും പരിശോധന തുടരുമെന്നും കോടതിയെ അറിയിച്ച് കർഷകർക്ക് അനുകൂലമായി ഉത്തരവ് നേടിയെടുക്കുകയാണ് ഇനിയെങ്കിലും സർക്കാർ ചെയ്യേണ്ടത്.

Advertisment