Advertisment

മണ്ണിന്റെയും കർഷകരുടെയും പ്രശ്നം ചർച്ചയാവുന്ന ഇടുക്കിയിൽ അനായാസ വിജയത്തിന് കച്ചമുറുക്കി ഡീൻ കുര്യാക്കോസ്; കഴിഞ്ഞ തവണത്തെ റിക്കോർഡ് ഭൂരിപക്ഷം ഇനിയും ഉയരുമെന്ന് ആത്മവിശ്വാസം; വികസനത്തിന്റെ വമ്പൻ പട്ടിക നിരത്തി വീണ്ടും ജയിച്ചു കയറുമെന്ന് ഡീൻ; മണ്ഡലം തിരിച്ചു പിടിക്കാൻ ജോയ്സ്; ശക്തമായ പോരാട്ടവുമായി എൻ.ഡി.എയുടെ സംഗീത വിശ്വനാഥൻ. ഇടുക്കിയിൽ ആര് ജയിച്ചു കയറും?

ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങളും ഉൾക്കൊള്ളുന്നതാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം.

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
idukki Untitled4.jpg

ഇടുക്കി: വന്യജീവി ആക്രമണവും കാർഷിക പ്രശ്നങ്ങളുമടക്കം പ്രചാരണ വിഷയങ്ങളേറെയുള്ള ഇടുക്കിയിൽ തീപാറുന്ന പോരാട്ടമാണ് നടക്കുന്നത്. മണ്ഡലത്തിൽ നടത്തിയ വികസന പദ്ധതികളുടെ നീണ്ട പട്ടികയുമായാണ് നിലവിലെ എം.പി ഡീൻ കുര്യാക്കോസ് യുഡിഎഫിനായി വീണ്ടും ജനവിധി തേടുന്നത്.

Advertisment

മണ്ഡലം തിരിച്ചുപിടിക്കുകയാണ് എൽ.ഡി.എഫ് സ്ഥാനാർത്ഥി ജോയ്സ് ജോർജ്ജിന്റെ ലക്ഷ്യം. ഇരുവരും മൂന്നാം വട്ടമാണ് പരസ്പരം ഏറ്റുമുട്ടുന്നതെന്ന പ്രത്യേകതയുമുണ്ട്. ഓരോ തവണ ഇരുവരും ജയക്കുകയും തോൽക്കുകയും ചെയ്തതാണ് ചരിത്രം. എന്നാൽ ഇത്തവണ നിഷ്‍പ്രയാസം ജയിച്ചുകയറുമെന്ന് ഡീൻ പറയുന്നു.


ഇടുക്കി ജില്ലയിലെ ദേവികുളം, ഉടുമ്പൻചോല, തൊടുപുഴ, ഇടുക്കി, പീരുമേട് നിയമസഭാ മണ്ഡലങ്ങളും എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, കോതമംഗലം നിയമസഭാ മണ്ഡലങ്ങളും ഉൾക്കൊള്ളുന്നതാണ് ഇടുക്കി ലോക്‌സഭാ മണ്ഡലം.


ഭക്ഷണമോ, മരുന്നുകളോ നല്‍കാതെ ദിവസങ്ങളോളം മുറിയില്‍ പൂട്ടിയിട്ടു: ഡീന്‍ കുര്യാക്കോസ് എംപിയുടെ ഇടപെടലില്‍ മലയാളി യുവതിയ്ക്ക് ബഹറൈനില്‍ നിന്ന് മോചനം

തൊടുപുഴ, മൂവാറ്റുപുഴ നിയമസഭാ മണ്ഡലങ്ങൾ ഒഴികെ മറ്റു അഞ്ച് മണ്ഡലങ്ങളിലും നിലവിൽ എൽ.ഡി.എഫ്. എം.എൽ.എമാരാണ്. പക്ഷേ പാർലമെന്റ് തിരഞ്ഞെടുപ്പിൽ കോൺഗ്രസിനാണ് സാധാരണ മുൻതൂക്കം ലഭിക്കാറുള്ളത്. ഇത്തവണയും ആ ട്രെൻഡാണ് മണ്ഡലത്തിലുള്ളതെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

കുടിയേറ്റ കർഷകന്റെ മനോവികാരത്തെ ആ‍യുധമാക്കിയാണ് എല്ലാ തിരഞ്ഞെടുപ്പുകളിലും മുന്നണികൾ തമ്മിൽ ഏറ്റുമുട്ടുന്നത്. ഭൂപ്രശ്നം, പട്ടയം, വന്യജീവി സംഘർഷം മുതലായ വിഷയങ്ങൾ എന്നും ചർച്ച ചെയ്യപ്പെടുന്ന മണ്ഡലമാണ് ഇടുക്കി. സാമുദായിക സമവാക്യങ്ങളും തിരഞ്ഞെടുപ്പുകളിൽ പ്രതിഫലിക്കാറുള്ള മണ്ഡലമാണ് ഇടുക്കി.

ഹൈറേഞ്ച് സംരക്ഷണ സമിതി അപ്രസക്തമായെങ്കിലും ക്രിസ്ത്യൻ ഭൂരിപക്ഷ മണ്ഡലമെന്ന നിലയിൽ കത്തോലിക്കാ സഭയുടെ നിലപാട് ഇത്തവണയും തിരഞ്ഞെടുപ്പിൽ നിർണായകമായിരിക്കും. നാണ്യവിളകളെ മാത്രം ആശ്രയിച്ച് ഉപജീവനം കഴിക്കുന്നവരാണ് മലയോരകർഷകരിൽ ഏറിയപങ്കും.

അനുദിനം വർദ്ധിക്കുന്ന വന്യമൃഗ ശല്യവും ഒരിക്കലും തീരാത്ത നിർമ്മാണ നിരോധനമടക്കമുള്ള ഭൂപ്രശ്‌നങ്ങളും ഇരുതലമൂർച്ചയുള്ള വാളുപോലെ കർഷകരെ കടന്നാക്രമിക്കുകയാണ്. മുഴുവൻ കർഷകർക്കും ഉപാധിരഹിത പട്ടയം നൽകുമെന്ന്  പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഇടുക്കിയിലെത്തി പ്രഖ്യാപിച്ചു കഴിഞ്ഞു.

കുടിയേറ്റ കർഷകരെ സംരക്ഷിക്കുന്ന നയമാണ് യുഡിഎഫ് പിന്തുടരുന്നതെന്നും വന്യ വന്യമൃഗങ്ങൾ ജനങ്ങളെ കൊന്നൊടുക്കുകയും കൃഷി തകർക്കുകയും ചെയ്യുമ്പോൾ ഇടതു സർക്കാർ കാഴ്ചക്കാരായി മാറി നിൽക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തുന്നതിലൂടെ കർഷക വോട്ടുബാങ്കാണ് യു.ഡി.എഫ് ലക്ഷ്യം വയ്ക്കുന്നതെന്ന് വ്യക്തം. മലയോരജനതയുടെ പ്രശ്‌നങ്ങളിൽ തങ്ങൾക്കൊപ്പം നിൽക്കുന്നവരെ കൊടിയുടെ നിറം നോക്കാതെ നെഞ്ചിലേറ്റുന്നതാണ് ഇടുക്കിയുടെ മുൻകാല ചരിത്രം.

എൽ.ഡി.എഫും യു.ഡി.എഫും എൻ.ഡി.എയും പ്രചാരണത്തിൽ ഒന്നിനൊന്ന് മെച്ചമായാണ് മുന്നേറുന്നത്. മുൻ എം.പി ജോയ്സ് ജോർജ്ജിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ച് ഇടതുമുന്നണി വളരെ നേരത്തെ പ്രചരണം ആരംഭിച്ചിരുന്നു. പ്രഖ്യാപനത്തിന് മുമ്പേ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച നിലവിലെ എം.പി ഡീൻ കുര്യാക്കോസ് തുടക്കം മുതൽ താഴേക്കിടയിൽ പ്രവർത്തിച്ച് മണ്ഡലം നിലനിറുത്തുമെന്ന പ്രതീതി സൃഷ്ടിച്ചിട്ടുണ്ട്.

പ്രഖ്യാപനം വൈകിയെങ്കിലും സംഗീത വിശ്വനാഥൻ മത്സരരംഗത്തെത്തിയതോടെ എൻ.ഡി.എ അതിവേഗം പ്രചരണത്തിൽ ഇരുമുന്നണികൾക്കുമൊപ്പമെത്തുന്നു. മൂന്നാംവട്ടവും ജോയ്സുമായി ഏറ്റുമുട്ടുമ്പോൾ കഴിഞ്ഞ തവണ നേടിയ 1,71,053 വോട്ടുകളുടെ റെക്കാഡ് ഭൂരിപക്ഷം തന്നെയാണ് ഡീനിന്റെയും യു.ഡി.എഫിന്റെയും പ്രധാന ആത്മവിശ്വാസം.

യു.ഡി.എഫിന് മൈൽക്കൈയുള്ള മണ്ഡലമാണ് ഇടുക്കിയെന്നതും ഡീനിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. മണ്ഡലം രൂപീകൃതമായതിന് ശേഷം ഇതുവരെ നടന്ന തിര‌ഞ്ഞെടുപ്പിൽ നാല് വട്ടം മാത്രമാണ് ഇടതുപക്ഷം വിജയിച്ചിട്ടുള്ളത്.


സംസ്ഥാനത്തെ 20 എംപിമാരിൽ ഏറ്റവും കൂടുതൽ വികസന പ്രവർത്തനങ്ങൾ സ്വന്തം മണ്ണിൽ കൊണ്ടുവന്നത് ഡീൻ കുര്യാക്കോസ് ആണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സാക്ഷ്യപ്പെടുത്തിയിരുന്നു.  


കേരളത്തിന്റെ ഈ നമ്പർ വൺ എംപി ഞങ്ങളുടെ അഭിമാനമാണ്. ഒട്ടേറെ വികസന പ്രവർത്തനങ്ങളാണ് ഇക്കാലയളവിൽ ഡൽഹിയിൽനിന്ന് മണ്ഡലത്തിലേക്ക് കൊണ്ടുവന്നിട്ടുള്ളത്. പാർലമെന്റ് അംഗമായിരുന്ന കാലത്ത് ജനങ്ങളുടെ പ്രയാസങ്ങളിലും സങ്കടങ്ങളിലും വിഷമങ്ങളിലും അവരുടെ വീട്ടുമുറ്റത്ത് ഡീൻ ഉണ്ടായിരുന്നു.  

കാർഷിക മേഖലയിൽ ഓരോരോ പ്രശ്നങ്ങളുണ്ടാകുമ്പോഴും ഡീൻ എന്നെ വിളിച്ച് നിയമസഭയിൽ അത് അവതരിപ്പിക്കണമെന്ന് ഓർമിപ്പിക്കുമായിരുന്നു സതീശൻ പറ‍ഞ്ഞു- ഇതെല്ലാം വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് യു.ഡി.എഫിനുള്ളത്.

തുടർച്ചയായെത്തിയ രണ്ട് പ്രളയങ്ങളിൽ തകർന്ന മണ്ഡലത്തിലെ റോഡ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും കൊവിഡ്കാലത്ത് എം.പി ഫണ്ട് വിനിയോഗിച്ച് ആരോഗ്യരംഗത്ത് നടത്തിയ പ്രതിരോധപ്രവർത്തനങ്ങളും ഡീനിന്റെ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. നിർമ്മാണ നിരോധന നിയമമടക്കമുള്ള ഭൂവിഷയങ്ങളും തുടർച്ചയായുള്ള വന്യജീവി ആക്രമണങ്ങളും ക്ഷേമപെൻഷൻ മുടങ്ങിയതും സംസ്ഥാന സർക്കാരിനെതിരായ ജനവികാരം ഇടുക്കിയിൽ സൃഷ്ടിച്ചിട്ടുണ്ട്.

2014ൽ ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പിന്തുണയുള്ള ഇടതു സ്ഥാനാർത്ഥിയായി വിജയിച്ച ജോയ്സ് ഇടുക്കിക്ക് സുപരിചിതനാണ്. എം.പിയായിരിക്കെ വനംവകുപ്പിനെതിരായി സ്വീകരിച്ച വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തിരുന്നു. 2019ൽ ഡീൻ കുര്യാക്കോസിനോട് വൻ തോൽവി ഏറ്റുവാങ്ങി. കേരള കോൺഗ്രസ് (എം) ഇടതു മുന്നണിയിലെത്തിയ ശേഷമുള്ള ആദ്യ ലോക്സഭാ തിരഞ്ഞെടുപ്പാണിത്.

കേരള കോൺഗ്രസിന് (എം) 25000- 30000 വോട്ട് മണ്ഡലത്തിലുണ്ടെന്നാണ് ഇടതുമുന്നണിയുടെ കണക്കുക്കൂട്ടൽ.  ഭൂപ്രശ്നങ്ങളിലും തുടർച്ചയായ കാട്ടാന ആക്രമണങ്ങളിൽ രണ്ട് മാസത്തിനിടെ അഞ്ച് പേർ മരിച്ചിട്ടും വേണ്ടത്ര പ്രതിരോധനടപടികൾ സ്വീകരിക്കാത്തതിൽ സർക്കാരിനെതിരായ വികാരമുണ്ട് ഹൈറേഞ്ചിൽ.

qwqUntitled4.jpg

മുൻ തിരഞ്ഞെടുപ്പുകളിൽ നിന്ന് വ്യത്യസ്തമായി എൽ.ഡി.എഫ് സ്വതന്ത്രനായല്ല, പാർട്ടി സ്ഥാനാർത്ഥി അരിവാൾ ചുറ്റിക നക്ഷത്രത്തിലാണ് ഇത്തവണ ജോയ്സ് മത്സരിക്കുന്നത്. ഇടതുവലത് മുന്നണികൾക്കെതിരെ ഒരുപോലെ പ്രചരണമഴിച്ചുവിട്ടാണ് എൻ.ഡി.എയുടെ മുന്നേറ്റം.

നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടുക്കി മണ്ഡലത്തിൽ മത്സരിച്ചതിന്റെ അനുഭവസമ്പത്തുമായാണ് ബി.ഡി.ജെ.എസിന്റെ കരുത്തുറ്റ വനിത സംഗീത വിശ്വനാഥൻ കളത്തിലിറങ്ങിയത്. മോദി ഗ്യാരണ്ടിയാണ് മുഖ്യപ്രചാരണായുധം.

ഹൈറേഞ്ച് മേഖലയിൽ ഈഴവ പിന്നാക്ക വിഭാഗങ്ങൾക്ക് വലിയ സ്വാധീനമുണ്ട്. അതോടൊപ്പം കേരളത്തിൽ ഏറ്റവും കൂടുതൽ ക്രിസ്ത്യൻ ഭൂരിപക്ഷമുള്ള മണ്ഡലം കൂടിയാണ് ഇടുക്കി. അതിനാൽ തന്നെ കത്തോലിക്കാ സഭയുടെയും എസ്.എൻ.ഡി.പി യോഗത്തിന്റെയും പിന്തുണ നിർണായകമാണ്.

Advertisment