Advertisment

വിഡി സതീശന്റെ തലയ്ക്ക് എന്തോ പറ്റി; ഉത്തരേന്ത്യയില്‍ നിന്നും ഒളിച്ചോടിയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്; കേരളത്തിനെതിരെ പറയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമെന്ന് മുഖ്യമന്ത്രി

എതിരാളിയെന്ന് അവകാശപ്പെടുന്ന മോദിയെയും സംഘപരിവാറിനെയും നേരിട്ട് എതിര്‍ക്കാനുള്ള ശ്രമം രാഹുലിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും പിണറായി വിജയന്‍ കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

New Update
cm d1Untitled.jpg

കാസര്‍കോട്: കേരളത്തിനെതിരെ പറയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും രാഹുല്‍ ഗാന്ധിക്കും ഒരേ സ്വരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഉത്തരേന്ത്യയില്‍ നിന്നും ഒളിച്ചോടിയാണ് രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കാനെത്തിയത്.

Advertisment

എതിരാളിയെന്ന് അവകാശപ്പെടുന്ന മോദിയെയും സംഘപരിവാറിനെയും നേരിട്ട് എതിര്‍ക്കാനുള്ള ശ്രമം രാഹുലിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും പിണറായി വിജയന്‍ കാസര്‍കോട് വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.

സ്വന്തം പാര്‍ട്ടിയുടെ നേതൃസ്ഥാനത്തു നിന്നും നിര്‍ണായകഘട്ടത്തില്‍ ഒളിച്ചോടിയ നേതാവ് എന്ന പേരുദോഷം മാറ്റി, രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണ് എന്നു വിശ്വസിക്കാന്‍ തക്ക ബലമുള്ള നിലപാട് രാഹുലില്‍ നിന്നും ഉണ്ടായിട്ടില്ല എന്നതാണ് ഉയരുന്ന പ്രധാന വിമര്‍ശനം. ഉത്തരേന്ത്യയില്‍ നിന്നും ഒളിച്ചോടിയാണ് രണ്ടാം തവണയും രാഹുല്‍ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നത്.

കേരളത്തെയും നമ്മുടെ സംസ്ഥാനം നേടിയ പുരോഗതിയെയും നുണകള്‍ കൊണ്ട് മൂടാനാണ് പ്രധാനമന്ത്രിയും, രാജ്യത്തെ പ്രധാന പ്രതിപക്ഷകക്ഷിയുടെ അഖിലേന്ത്യാ നേതാവായ രാഹുല്‍ഗാന്ധിയും ഒരേ മനസ്സോടെ ശ്രമിക്കുന്നത്. കേരളത്തിനെതിരെ സംസാരിക്കുമ്പോള്‍ ഇരുവര്‍ക്കും ഒരേ സ്വരമാണ്. നീതി ആയോഗിന്റെ എക്‌സ് ഒഫീഷ്യോ ചെയര്‍മാന്‍ പ്രധാനമന്ത്രിയാണ്. എന്നിട്ടാണ് അദ്ദേഹം പറയുന്നത് കേരളം മോശമാണ് എന്ന്.

ഇന്ത്യയില്‍ ഏറ്റവും അഴിമതി കുറഞ്ഞ സംസ്ഥാനം കേരളമാണെന്നത് വിഖ്യാതമാണ്. ഏതു റിപ്പോര്‍ട്ടു പ്രകാരമാണ് കേരളത്തില്‍ അഴിമതിയാണെന്ന് മോദി പറഞ്ഞത്. മോദി കേരളത്തെയും ബിഹാറിനെയും അപമാനിക്കുകയാണ് ചെയ്തത്.

ബിജെപിയുടെ പരസ്യങ്ങളില്‍ കേരളത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നു. സാമ്പത്തികമായി കേരളത്തിന്റെ കഴുത്ത് ഞെരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. എന്നിട്ട് അവര്‍ തന്നെ സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ കേരളത്തെ ആക്ഷേപിക്കുന്നു.

പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ തലയ്ക്ക് എന്തോ പറ്റിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പറയുന്ന കാര്യങ്ങളില്‍ വിശ്വാസ്യത വേണം. സ്വന്തം കൊടി പിടിച്ച ലീഗുകാരെ തല്ലുന്ന കോണ്‍ഗ്രസാണ് ഇപ്പോഴുള്ളത്.

വീട്ടിലെ വോട്ടിലെ ക്രമക്കേടിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഫലപ്രദമായ നടപടിയെടുത്തു. തെരഞ്ഞെടുപ്പ് കുറ്റമറ്റതാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് സംവിധാനങ്ങളുണ്ട്. എല്ലാ തെറ്റിനെയും തെറ്റായി കണ്ടുകൊണ്ടുള്ള നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Advertisment