Advertisment

പൗരത്വ നിയമം മുതൽ കൊലക്കേസിലെ വിധി വരെ; കാസർകോട്ട് പ്രചാരണ വിഷയങ്ങൾ മാറിമാറി കൊഴുപ്പിച്ച് മുന്നണികൾ; ഭൂരിപക്ഷം റിക്കോർഡിലെത്തിക്കുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ; മണ്ഡലം ചുവപ്പിക്കുമെന്ന് എൽ.ഡി.എഫിന്റെ എം.വി.ബാലകൃഷ്ണൻ; അട്ടിമറി വിജയം നേടാൻ ബി.ജെ.പിയുടെ എം.എൽ അശ്വിനി; കാസർകോട്ട് നടക്കുന്നത് അതിശക്തമായ ത്രികോണപ്പോര്

മണ്ഡലം തിരിച്ചുപിടിക്കാനുള്ള പോരിലാണ് എൽ.ഡി.എഫ്. ഇരുമുന്നണികളെയും അട്ടിമറിച്ച് മണ്ഡലം പിടിക്കാനുള്ള തന്ത്രങ്ങൾ പയറ്റുകയാണ് ബി.ജെ.പി. കാസർകോട്ടെ പോരിന് ഇത്തവണ ത്രികോണ മത്സരത്തിന്റെ ചൂടാണുള്ളത്.

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update
kasargod Untitled4.jpg

കാസ‌ർകോട്: കേരളത്തിന്റെ വടക്കേറ്റത്തെ കാസർകോട് മണ്ഡലത്തിൽ ജീവന്മരണ പോരാട്ടമാണ് മുന്നണികൾ നടത്തുന്നത്. ഇടതു മണ്ഡലമെന്ന് വിശേഷണമുള്ള കാസർകോട് കഴിഞ്ഞ തവണ അട്ടിമറിയിലൂടെ പിടിച്ചെടുത്ത യു.ഡി.എഫ് ഇത്തവണ മണ്ഡലം നിലനിറുത്താനുള്ള പോരാട്ടത്തിലാണ്.

Advertisment

മണ്ഡലം തിരിച്ചുപിടിക്കാനുള്ള പോരിലാണ് എൽ.ഡി.എഫ്. ഇരുമുന്നണികളെയും അട്ടിമറിച്ച് മണ്ഡലം പിടിക്കാനുള്ള തന്ത്രങ്ങൾ പയറ്റുകയാണ് ബി.ജെ.പി. കാസർകോട്ടെ പോരിന് ഇത്തവണ ത്രികോണ മത്സരത്തിന്റെ ചൂടാണുള്ളത്.

കോൺഗ്രസിലെ രാജ്‌മോഹൻ ഉണ്ണിത്താനും സി പി എമ്മിലെ എം. വി ബാലകൃഷ്ണനും ബി ജെ പിയിലെ എം.എൽ അശ്വിനിയും മണ്ഡലത്തിൽ പ്രചാരണ തരംഗം സൃഷ്ടിക്കുകയാണ്. കൊല്ലത്തു നിന്ന് അതിഥിയായെത്തി കഴിഞ്ഞ തിരഞ്ഞെടുപ്പിൽ മണ്ഡലം പിടിച്ചെടുത്ത് രാജ്മോഹൻ ഉണ്ണിത്താൻ താരമായി മാറുകയായിരുന്നു.


ഇത്തവണയും രാജ്മോഹൻ അങ്കം മുറുക്കുന്നത് ചരിത്രം ആവർത്തിക്കാനാണ്. കാസർകോട്ടെ അണികൾക്കിടയിൽ രാജ്മോഹൻ അവരുടെ പ്രിയപ്പെട്ട ഉണ്ണിച്ച ആണ്. ഇത്തവണ വമ്പൻ ഭൂരിപക്ഷത്തിൽ മണ്ഡലം നി‌ലനിർത്തുമെന്നാണ് രാജ്മോഹന്റെ അവകാശവാദം.


എംപിയായ തെരഞ്ഞടുക്കപ്പെട്ട തനിക്ക് പാസും ശമ്പളവും മാത്രം മതി:  ഇത്രയും കാലം തന്നെ തീറ്റിപ്പോറ്റിയത് ഭാര്യയും കുട്ടികളുമാണ്... ഭാര്യ കഴിഞ്ഞ ദിവസം റിട്ടയര്‍ ചെയ്തതോടെ ജോലിയും പോയി... അതുകൊണ്ടാണ് ശമ്പളം താന്‍ എടുക്കുന്നത്: ബാക്കിയെല്ലാം ജനങ്ങള്‍ക്കെന്ന്  രാജ്‌മോഹന്‍ ഉണ്ണിത്താന്‍ 

കോൺഗ്രസ് പ്രവർത്തകരെ ഏകോപിപ്പിക്കാനും ലീഗുമായി നല്ല ബന്ധമുണ്ടാക്കാനും കഴിഞ്ഞ അഞ്ചു വർഷം കൊണ്ട് രാജ്മോഹന് കഴിഞ്ഞിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ രാജ്മോഹന് ലഭിച്ചത് 4,74,961 വോട്ടുകളാണ്. ഭൂരിപക്ഷം 40438ഉം. ഇത്തവണ വോട്ടിൽ വൻ വർദ്ധനവുണ്ടാവുമെന്ന് യു.ഡി.എഫ് കണക്കുകൂട്ടുന്നു.

കഴിഞ്ഞ തവണയുണ്ടായ പിഴവുകളെല്ലാം പരിഹരിച്ച് ഇടത് കോട്ടയായ മണ്ഡലം തിരിച്ചുപിടിക്കാനാണ് എൽ.ഡി.എഫിന്റെ ശ്രമം. ജനകീയനും സി.പി.എം മുൻ ജില്ലാസെക്രട്ടറിയുമായ എം.വി.ബാലകൃഷ്ണനാണ് സ്ഥാനാർത്ഥി. 1957, 1962, 1967 തിരഞ്ഞെടുപ്പുകളിൽ എ.കെ.ജിയെ ലോകസഭയിലേക്കയച്ച മണ്ഡലമാണ് കാസർകോട്. 1971ലാണ് ആദ്യ അട്ടിമറി.

കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച രാമചന്ദ്രൻ കടന്നപ്പള്ളി എൽ.ഡി.എഫിൽ നിന്ന് മണ്ഡലം പിടിച്ചെടുത്തു. ഇന്ന് എൽ.ഡി.എഫ് സർക്കാരിൽ മന്ത്രിയാണ് കടന്നപ്പള്ളി. കരുത്തനായ ഇ.കെ.നായനാരെ 28391 വോട്ടിന് തോൽപ്പിച്ചായിരുന്നു കടന്നപ്പള്ളിയുടെ അട്ടിമറി വിജയം. 1998ൽ എം. രാമണ്ണ റായിലൂടെയാണ് മണ്ഡലം എൽ.ഡി.എഫ് തിരിച്ചുപിടിച്ചത്.

2019ൽ 1,76,049 വോട്ടു നേടിയ ബി.ജെ.പി ഇക്കുറി ജയം ലക്ഷ്യമിട്ടാണ് അങ്കത്തിനിറങ്ങിയിട്ടുള്ളത്. ആറ് ഭാഷകളിൽ വെള്ളംപോലെ ജനങ്ങളോട് സംവദിക്കാൻ കഴിയുന്ന അധ്യാപികയായ എം.എൽ അശ്വിനിയാണ് ഇത്തവണ എൻ.ഡി.എയുടെ അപ്രതീക്ഷിത സ്ഥാനാർത്ഥിയായെത്തിയത്.  മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തംഗമായ അശ്വിനി ബംഗളുരുവിലാണ് ജനിച്ചു വളർന്നത്.


പ്രവാസിയായിരുന്ന പി. ശശിധരയെ വിവാഹം ചെയ്താണ് കടമ്പാറിൽ എത്തിയത്. എൻ.ഡി.എ. സർക്കാർ രാജ്യത്ത് നടപ്പാക്കുന്ന വികസനവും മാറ്റവും കാസർകോട്ടും പ്രതിഫലിപ്പിക്കാനാണ് താൻ ജനങ്ങളോട് വോട്ട് അഭ്യർഥിക്കുന്നതെന്ന് അശ്വിനി പറയുന്നു.


aswini Untitled4.jpg

 കാസർകോട് മണ്ഡലത്തിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളിൽ കല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ, കാഞ്ഞങ്ങാട്, ഉദുമ മണ്ഡലങ്ങൾ ഇടതുമുന്നണിയുടെ നെടുങ്കോട്ടയാണ്. കാസർകോട്, മഞ്ചേശ്വരം മണ്ഡലങ്ങൾ മാത്രമാണ് യു.ഡി.എഫിന് അനുകൂലമായുള്ളത്.

ഈ രണ്ടു മണ്ഡലങ്ങളിലെയും യു.ഡി.എഫിന്റെ വർദ്ധിച്ച പിന്തുണയെ കല്യാശ്ശേരി, പയ്യന്നൂർ ചെങ്കോട്ടകളിലെ വോട്ടുകൾ കൊണ്ട് മറികടന്നാണ് 35 വർഷവും എൽ ഡി എഫ് മണ്ഡലം നിലനിർത്തിയത്. കഴിഞ്ഞ തവണത്തെ മാറിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇടതുകോട്ടകളിൽ ഉണ്ടായ നിഷ്പക്ഷ വോട്ടുകളുടെ ചോർച്ചയും എൻ ഡി എ സ്ഥാനാർത്ഥിയുടെ വോട്ട് കുറഞ്ഞതും പെരിയയിലെ ഇരട്ടക്കൊലപാതകത്തെ തുടർന്നുള്ള സാഹചര്യങ്ങളും കാരണം ഉദുമ മണ്ഡലത്തിൽ ഒമ്പതിനായിരം വോട്ടിന്റെ ഭൂരിപക്ഷം നേടാനായി.

2014ൽ രണ്ടര ലക്ഷം വോട്ട് ഉണ്ടായിരുന്ന എൻ.ഡി.എ യ്ക്ക് 2019ൽ വോട്ട് 1.71ലക്ഷമായി കുറഞ്ഞിരുന്നു. ഇതിൽ ഭൂരിഭാഗവും ഉണ്ണിത്താന് കിട്ടിയെന്നാണ് എൽ.ഡി.എഫിന്റെ വിലയിരുത്തൽ.

കാസർകോട് മണ്ഡലത്തിലെ രണ്ടു ലക്ഷത്തോളം വരുന്ന പുതിയ വോട്ടർമാരാണ് ഇത്തവണ വിധി നിർണയിക്കുക. ഏറ്റവും കൂടുതൽ പുതിയ വോട്ടർമാരുള്ളത് ഇടത് കോട്ടയായ കല്യാശ്ശേരി, പയ്യന്നൂർ, തൃക്കരിപ്പൂർ മണ്ഡലങ്ങളിൽ നിന്നാണ്. കാസർകോട് , മഞ്ചേശ്വരം മണ്ഡലങ്ങളാണ് ഏറ്റവും കുറവ് പുതിയ വോട്ടർമാരുള്ളത്.

ftrUntitled4.jpg

റിയാസ് മൗലവി വധക്കേസിൽ പ്രതികളെയെല്ലാം വെറുതെ വിട്ടുകൊണ്ടുള്ള വിധിയാണ് മണ്ഡലത്തിൽ ചർച്ചാവിഷയം. പഴയ ചൂരിയിലെ പള്ളിയിൽ കയറി റിയാസ് മൗലവിയെ ക്രൂരമായി വെട്ടിക്കൊന്ന കേസിൽ ഏഴ് വർഷത്തിന് ശേഷം വിചാരണ പൂർത്തിയാക്കിയാണ് കാസർകോട് കോടതി മൂന്ന് പ്രതികളെയും വെറുതെ വിട്ടത്.

സി.പി. എം -ബി.ജെ.പി അന്തർധാരയുടെ ഭാഗമായി പൊലീസും പ്രോസിക്യൂഷനും മനഃപൂർവ്വം ഒത്തുകളിക്കുകയായിരുന്നു എന്നാണ് ആരോപണം. ഇതിനെ പ്രതിരോധിക്കാൻ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ സർക്കാർ ഉത്തരവിറക്കിയെങ്കിലും എതിരാളികൾ അത് ചർച്ചാവിഷയമാക്കുകയാണ്. യു ഡി എഫ് ഇത് ന്യൂനപക്ഷ മേഖലകളിൽ വ്യാപകമായ പ്രചാരണ വിഷയമാക്കുകയാണ്.

Advertisment