Advertisment

സർക്കാരിനു വേണ്ടി അതിസമർത്ഥമായി കേസ് നടത്തിയ പ്രോസിക്യൂട്ടർ, സെഷൻസ് കോടതി ജഡ്ജിയുടെ ഭാര്യ മേലുദ്യോഗസ്ഥരുടെയും സഹപ്രവർത്തകരുടെയും പീഡനം കാരണം ജീവനൊടുക്കിയ കേസിൽ മെല്ലെപ്പോക്ക്. അന്വേഷണം സിബിഐയ്ക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിലെത്തി മാതാവ്. കേസ് അസ്വാഭാവിക മരണത്തിന് മാത്രം, ആത്മഹത്യാ പ്രേരണ പോലുമില്ല. സ്വന്തം പ്രോസിക്യൂട്ടർമാരെ സംരക്ഷിക്കാതെ സർക്കാർ

കൊല്ലം പരവൂർ മുൻസിഫ് മജിസ്ട്രേട്ട് കോടതിയിലെ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യയാണ് (41) ജീവനൊടുക്കിയത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും പ്രതികളെ രക്ഷിക്കുന്ന തരത്തിലാണ് അതിന്റെ പോക്കെന്നാണ് കുടുംബത്തിന്റെ ആരോപണം.

New Update
anishyas mother

കൊല്ലം: സർക്കാരിന് വേണ്ടി കേസ് നടത്തേണ്ട കൊല്ലത്തെ വനിതാ പ്രോസിക്യൂട്ടർ സഹപ്രവർത്തകരുടെ അധിക്ഷേപത്തെ തുട‌ർന്ന് ജീവനൊടുക്കിയ സംഭവത്തിൽ സിബിഐ അന്വേഷണം തേടി മാതാവ് ഹൈക്കോടതിയെ സമീപിച്ചത് പോലീസിന്റെ അന്വേഷണത്തിലെ വീഴ്ചകൾ തുറന്നു കാട്ടുന്നതായി.

Advertisment

കൊല്ലം പരവൂർ മുൻസിഫ് മജിസ്ട്രേട്ട് കോടതിയിലെ ഒന്നാം ഗ്രേഡ് അസിസ്റ്റന്റ് പബ്ളിക് പ്രോസിക്യൂട്ടർ എസ്.അനീഷ്യയാണ് (41) ജീവനൊടുക്കിയത്. അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയിട്ടും പ്രതികളെ രക്ഷിക്കുന്ന തരത്തിലാണ് അതിന്റെ പോക്കെന്നാണ് കുടുംബത്തിന്റെ ആരോപണം.

മാവേലിക്കര സെഷൻസ് കോടതി ജഡ്ജി കെ.എൻ അജിത് കുമാറിന്റെ ഭാര്യയാണ് അനീഷ്യ. ഭർത്താവും ഏകമകളും പുറത്ത് പോയ സമയത്തായിരുന്നു സംഭവം. താൻ ജീവനൊടുക്കാനുണ്ടായ സാഹചര്യവും കാരണക്കാരായവരുടെ പേരുകളടങ്ങിയ 19 പേജുള്ള ആത്മഹത്യാ കുറിപ്പും സുഹൃത്തുക്കൾക്കയച്ച ശബ്ദസന്ദേശത്തിലും അനീഷ്യ വ്യക്തമാക്കിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് കേസെടുത്തതല്ലാതെ മറ്റൊരു നടപടിയും ഇതുവരെ സ്വീകരിച്ചില്ല.


മേലുദ്യോഗസ്ഥരുടെ പീഡനം കാരണമാണ് ആത്മഹത്യ എന്ന് വ്യക്തമായിട്ടും കുറ്റക്കാർക്കെതിരെ അച്ചടക്കനടപടിയല്ലാതെ മറ്റൊന്നുമുണ്ടായിട്ടില്ല. പ്രതികളുടെ ഉന്നത സ്വാധീനം കാരണം അന്വേഷണം അട്ടിമറിച്ചെന്നും പോലീസ് അന്വേഷണത്തിൽ നീതി കിട്ടില്ലെന്നും ഹർജിയിൽ പറയുന്നു.


കൊല്ലം പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുൾ ജലീൽ, എപിപി ശ്യാം കൃഷ്ണൻ എന്നിവരെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ പിന്നീട് അന്വേഷണം എവിടെയും എത്തിയിട്ടില്ല. സഹപ്രവർത്തകരുടെയും മേലുദ്യോഗസ്ഥരുടെയും മാനസീക പീഡനമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വ്യക്തമാക്കുന്ന ആത്മഹത്യ കുറിപ്പ് ലഭിച്ചിരുന്നു. 

അനീഷ്യയുടെ മരണം ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയെയോ വിരമിച്ച ജഡ്ജിയെയോ കൊണ്ട് അന്വേഷിപ്പിക്കണമെന്ന് കൊല്ലം ബാർ അസോസിയേഷൻ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ സർക്കാർ തീരുമാനമെടുത്തിട്ടില്ല. 

കേസന്വേഷണം പരവൂർ പോലീസിൽ നിന്ന് ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറിയെന്നും അനീഷ്യയുടെ ഡയറിക്കുറിപ്പിലെയും ശബ്ദരേഖയിലെയും ആരോപണങ്ങളെക്കുറിച്ച് ശാസ്ത്രീയ പരിശോധന നടത്തുമെന്നും വകുപ്പുതല അന്വേഷണത്തിന് പ്രോസിക്യൂഷൻ ഡെപ്യൂട്ടി ഡയറക്ടറെ ചുമതലപ്പെടുത്തിയെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞിരുന്നു.


കുറ്റക്കാരാണെന്ന് വ്യക്തമായ തെളിവുണ്ടായിട്ടും പ്രതികളെ സംരക്ഷിക്കുന്നെന്നാണ് ആരോപണം. പ്രോസിക്യൂട്ടർ ആത്മഹത്യ ചെയ്തത് സഹപ്രവർത്തകന്റെയും മേലുദ്യോഗസ്ഥന്റെയും ക്രൂരമായ മാനസിക പീഡനത്തെ തുടർന്നാണെന്ന് വ്യക്തമാക്കുന്ന ശക്തമായ തെളിവുകൾ പുറത്തുവന്നിട്ടും ഇവർക്കെതിരേ ആത്മഹത്യാ പ്രേരണാ കുറ്റം പോലും ചുമത്തയിട്ടില്ല. നിലവിൽ അസ്വാഭാവിക മരണത്തിന് മാത്രമാണ് കേസ്.


അനീഷ്യ സഹപ്രവർത്തകർക്ക് അയച്ച ശബ്ദസന്ദേശങ്ങളിൽ ഒരു മേലുദ്യോഗസ്ഥനും സഹപ്രവർത്തകനും മാനസികമായി നിരന്തരം തളർത്തിയെന്ന് തുടർച്ചയായി പറയുന്നുണ്ട്. ഡയറിക്കുറിപ്പിലും ഇക്കാര്യങ്ങൾ വിശദമായുണ്ട്. പരവൂർ മജിസ്ട്രേട്ടിനും തനിക്ക് നേരിടേണ്ടിവന്ന മാനസിക പീഡനങ്ങൾ വിവരിച്ച് അനീഷ്യ ശബ്ദസന്ദേശം അയച്ചിരുന്നു. കേസിൽ ഇത് നിർണായക തെളിവായി മാറുമെന്നിരിക്കെയാണ് അന്വേഷണം അട്ടിമറിക്കുന്നത്.

ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ വിളിച്ചുചേർത്ത യോഗത്തിലുണ്ടായ കാര്യങ്ങൾ തനിക്ക് താങ്ങാനാകുന്നില്ലെന്ന് അനീഷ്യയുടെ ഡയറിയിലെ 19 പേജുള്ള ആത്മഹത്യാക്കുറിപ്പിൽ പറയുന്നുണ്ട്. തന്റെ കോൺഫിഡൻഷ്യൽ റിപ്പോർട്ട് പരസ്യമായി വായിച്ചതിനു പുറമേ യോഗത്തിൽ ഉണ്ടായിരുന്നവരിൽ വലിയൊരു വിഭാഗവും അധിക്ഷേപിച്ചുവെന്നും കുറിപ്പിൽ പറയുന്നു.

കേസുകളിൽ നിന്നു വിട്ടു നിൽക്കാനും അവധിയെടുക്കാനും സഹപ്രവർത്തകരിൽ നിന്നു സമ്മർദമുണ്ടായതടക്കമുള്ള കാര്യങ്ങളാണ് ആത്മഹത്യക്കുറിപ്പിൽ പരാമർശിക്കുന്നത്. ജോലി സംബന്ധമായ രഹസ്യ റിപ്പോർട്ടുകൾ സഹപ്രവർത്തരുടെയും മറ്റു ഉദ്യോഗസ്ഥരുടെയും മുന്നിൽ വായിച്ചതടക്കമുള്ള കാര്യങ്ങളും  കുറിപ്പിൽ പറയുന്നുണ്ട്.

ആരോപണ വിധേയനായ പരവൂർ മജിസ്ട്രേട്ട് കോടതിയിലെ അസി. പബ്ലിക് പ്രോസിക്യൂർക്കെതിരെ അഭിഭാഷകനായ കുണ്ടറ ജോസ് വിവരാവകാശ അപേക്ഷ നൽകിയിരുന്നു. ഈ അപേക്ഷയ്ക്കു പിന്നിൽ അനീഷ്യയാണെന്ന് ആരോപിച്ചാണ്  മേലുദ്യോഗസ്ഥനടക്കം പരസ്യമായി അധിക്ഷേപിച്ചത്.


ആരോപണ വിധേയനായ അസി. പബ്ലിക് പ്രോസിക്യൂട്ടർ എത്ര ദിവസം അവധിക്ക് അപേക്ഷ നൽകി, എത്ര അവധികൾ അംഗീകരിച്ചു, എത്രദിവസം കോടതിയിൽ ഹാജരായി തുടങ്ങിയ 18 ചോദ്യങ്ങളാണ് വിവരാവകാശ അപേക്ഷയിൽ ഉണ്ടായിരുന്നത്. ഈ അപേക്ഷ ഡെപ്യൂട്ടി ഡയറക്ടർ ഒഫ് പ്രോസിക്യൂഷൻ ഓഫീസിൽ നൽകിയതിനു പിന്നാലെ മറ്റൊരു അസി. പബ്ലിക് പ്രോസിക്യൂട്ടർ ഫോണിൽ വിളിച്ച് അനീഷ്യയുടെ നിർദ്ദേശപ്രകാരമാണോ അത് നൽകിയതെന്ന് ചോദിച്ചെന്നും സഹപ്രവർത്തകർ പറയുന്നു.


അരോപണ വിധേയനായ അസി. പബ്ലിക് പ്രോസിക്യൂട്ടർ ജോലിക്കെത്താത്ത ദിവസങ്ങളിലും ഹാജർ രേഖപ്പെടുത്തുന്നതും ഓഫീസ് മുറി തുടർച്ചയായി അടച്ചിട്ടിരിക്കുന്നതുമായ ചിത്രങ്ങൾ സഹിതം അനീഷ്യ പരാതി നൽകിയിരുന്നു. ഇതേ ഉദ്യോഗസ്ഥൻ ജോലിക്കെത്താത്ത ദിവസം അദ്ദേഹം കൈകാര്യം ചെയ്യേണ്ട കേസ് രേഖാമൂലം ചുമതല നൽകാത്തത് ചൂണ്ടിക്കാട്ടി അനീഷ്യ കോടതിയിൽ ഹാജരാകാൻ വിസമ്മതിച്ചതും ഒരു വിഭാഗം ജുഡീഷ്യൽ ഉദ്യോഗസ്ഥരെ പ്രകോപിപ്പിച്ചിരുന്നു.

സത്യത്തിനും നീതിക്കും വിലയില്ലാത്ത ഈ നശിച്ച ലോകത്ത് ഞാൻ എന്തിനാ ജീവിക്കുന്നത് ? കോടതിമുറിയിൽ കണ്ണുകെട്ടിയ നീതിദേവതയുടെ മുന്നിൽ നിന്ന് സത്യത്തിനും നീതിക്കും വേണ്ടി വാദിക്കുന്ന ഒരു വനിതാ പ്രോസിക്യൂട്ടർ ജോലിസ്ഥലത്തെ മനോപീഡനത്തിലും മേലധികാരികളിൽനിന്ന് തനിക്കുണ്ടായ അവഹേളനത്തിലും മനംനൊന്ത് ജീവനൊടുക്കും മുമ്പ് സുഹൃത്തുക്കൾക്കയച്ച ശബ്ദസന്ദേശത്തിലെ വാചകമാണിത്.


'ജീവിതത്തിൽ പൊരുതിപ്പൊരുതിയാണ് ഈ സ്ഥാനം വരെ എത്തിയത്. ഞാൻ എന്ത് തെറ്റ് ചെയ്തിട്ടാണ് ? എനിക്ക് ജോലി ചെയ്യാൻ പറ്റാത്ത സ്ഥിതിയാണുണ്ടാക്കുന്നത്. അവർ പറയുന്ന രീതിക്ക് ഞാൻ വഴങ്ങില്ല. അതിന് വേറെ ആളെ നോക്കണം....' സന്ദേശത്തിൽ ഇങ്ങനെ തുടരുന്നു.


ഇതൊന്നും ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ ആഴത്തിൽ അന്വേഷിച്ചിട്ടില്ലെന്നാണ് കുടുംബത്തിന്റെ ആരോപണം. സ്വന്തം കുടുംബത്തിലെ പ്രശ്നങ്ങൾ മൂലമാണ് അവർ ജീവനൊടുക്കിയതെന്ന് വരുത്തിത്തീർക്കാനുള്ള ചിലരുടെ ശ്രമമാണ് അതോടെ പാളിയത്. കുടുംബവഴക്കാണെന്ന് വരുത്തി ജഡ്ജിയായ ഭർത്താവിനെ സംശയനിഴലിലാക്കാനുള്ള നീക്കവും ചിലർ തുടക്കത്തിൽ നടത്തിയിരുന്നു.

അനീഷ്യയുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുക്കണമെന്നും ആരോപണ വിധേയരെ ജോലിയിൽ നിന്ന് മാറ്റി നിറുത്തണമെന്നും ആവശ്യപ്പെട്ട് കൊല്ലം ജില്ലയിലെ അഭിഭാഷകർ ഒന്നടങ്കം കോടതി ബഹിഷ്ക്കരിച്ച് സമരം നടത്തിയിരുന്നു. വിവിധ രാഷ്ട്രീയ പാർട്ടികളും പ്രക്ഷോഭം നടത്തിയെങ്കിലും വഴിത്തിരിവൊന്നും സംഭവിച്ചിട്ടില്ല.

ജില്ലാ കോടതികളിലെ എ.പി.പിമാർ താത്കാലികമായി നിയമിക്കപ്പെടുന്നവരാണെങ്കിൽ മജിസ്ട്രേട്ട് കോടതികളിലെ എ.പി.പിമാർ പി.എസ്.സി വഴി സ്ഥിരനിയമനം നേടിയവരാണ്. അവർ ആഭ്യന്തര വകുപ്പിനു കീഴിലാണ്. അതേവകുപ്പിനു കീഴിലുള്ള കേരള പൊലീസ് അന്വേഷണം നടത്തിയാൽ നീതിലഭിക്കില്ലെന്നാണ് അഭിഭാഷകർ ചൂണ്ടിക്കാട്ടുന്നത്.

അതിനാൽ സിബിഐ അന്വേഷണത്തിലൂടെ മാത്രമേ കുറ്റവാളികൾക്കെതിരെ കർശന നടപടി സ്വീകരിക്കാൻ കഴിയുകയുള്ളു. അനീഷ്യയുടെ മരണത്തിനുത്തരവാദികളായവർ ഭരണപക്ഷവുമായി സ്വാധീനമുള്ളവരായതിനാൽ കേസന്വേഷണം അട്ടിമറിയ്ക്കപ്പെടാനുള്ള സാദ്ധ്യതയുണ്ടെന്നും കുടുംബം ചൂണ്ടിക്കാട്ടുന്നു.

Advertisment