Advertisment

സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മണിപ്പുഴ ബെല്‍മോണ്ട് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂട്ടി; വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയ ഡൊണേഷന്‍ തിരികെ നല്‍കാമെന്ന് മാനേജ്മെൻ്റ്; പെട്ടെന്നൊരു ദിവസം സ്‌കൂള്‍ പൂട്ടിയാല്‍ തങ്ങളെന്തു ചെയ്യുമെന്ന് രക്ഷിതാക്കള്‍

New Update
മണിപ്പുഴ ബെല്‍മോണ്ട് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍

കോട്ടയം: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് മണിപ്പുഴ ബെല്‍മോണ്ട് സീനിയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പൂട്ടി. മുന്നറിയിപ്പില്ലാതെ സ്‌കൂള്‍ പൂട്ടിയതിനെതിരെ പ്രതിഷേധവും ഉപരോധവുമായി രക്ഷിതാക്കള്‍ രംഗത്തെത്തി.

Advertisment

വിദ്യാര്‍ഥികളില്‍ നിന്ന് വാങ്ങിയ ഡൊണേഷന്‍ തിരികെ നല്‍കാമെന്ന് ഉറപ്പുനല്‍കിയതോടെയാണ് മൂന്നു മണിക്കൂര്‍ നീണ്ട വാക്കുതര്‍ക്കവും ബഹളവും അവസാനിച്ചത്. ഇന്നലെ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നു  വരെ കുട്ടികളുടെ പ്രോഗ്രസ് കാര്‍ഡ് ഒപ്പിടാനായാണ് രക്ഷിതാക്കളെ വിളിച്ചുവരുത്തിയത്. വന്നവരോട് സ്‌കൂള്‍ പൂട്ടുന്നുവെന്ന് അറിയിക്കുകയായിരുന്നു.

ഇതോടെ രക്ഷിതാക്കള്‍ സംഘടിച്ചു. പെട്ടെന്നൊരു ദിവസം സ്‌കൂള്‍ പൂട്ടിയാല്‍ തങ്ങളെന്തുചെയ്യുമെന്നാണ് രക്ഷിതാക്കള്‍ ചോദിച്ചത്. മാര്‍ച്ചില്‍ ചേര്‍ന്ന രക്ഷിതാക്കളുടെ യോഗത്തിലും പൂട്ടുന്ന കാര്യം അറിയിച്ചില്ല. നേരത്തെ അറിയിച്ചിരുന്നെങ്കില്‍ കുട്ടികള്‍ക്ക് മറ്റ് സ്‌കൂളുകളില്‍ പ്രവേശനം എടുക്കാമായിരുന്നു.

ഇപ്പോള്‍ പലയിടത്തും പ്രവേശനം പൂര്‍ത്തിയായി. ഫീസും ഡൊണേഷനും സ്‌കൂള്‍ തുറക്കുന്നതിന്റെ ചെലവുമെല്ലാം തങ്ങള്‍ക്ക് വീണ്ടും ബാധ്യതയാവുമെന്നും രക്ഷിതാക്കള്‍ ചൂണ്ടിക്കാട്ടി. കുട്ടികളുടെ ഫീസില്‍ നിന്ന് ആയിരം രൂപ തിരിച്ചുനല്‍കാമെന്നും താല്‍പര്യമുള്ളവര്‍ക്ക് ടൗണിലെ മറ്റൊരു സ്‌കൂളില്‍ പ്രവേശനം എടുത്തുതരാമെന്നുമായിരുന്നു ആദ്യം സ്‌കൂള്‍ മാനേജ്‌മെന്റ് പറഞ്ഞത്.

എന്നാല്‍ ഇത് രക്ഷിതാക്കള്‍ അംഗീകരിച്ചില്ല. വീണ്ടും ചര്‍ച്ച നടത്തിയതിനെതുടര്‍ന്നാണ് ഡൊണേഷന്‍ തുക ഇന്നു രാവിലെ 10 മുതല്‍ ഒരുമണി വരെയുള്ള സമയത്ത് തിരിച്ചുനല്‍കാന്‍ ധാരണയായത്.

32 വര്‍ഷമായി ഈ സി.ബി.എസ്.ഇ സ്‌കൂള്‍ പ്രവര്‍ത്തനം തുടങ്ങിയിട്ട്. 108 കുട്ടികളും 18 അധ്യാപകരുമുണ്ട്. സ്‌കൂള്‍ നടത്തിക്കൊണ്ടുപോകാന്‍ പരമാവധി ശ്രമിച്ചു. ചെലവിനനുസരിച്ച് വരുമാനം ഇല്ലെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് പ്രതികരിച്ചു.

Advertisment