Advertisment

'വഞ്ചനയ്ക്ക് 'മറുപടി പറയാൻ കേരള കോൺഗ്രസ് എം; യു.ഡി.എഫിനെ വഞ്ചിച്ചെന്ന ആരോപണത്തെ നേരിടാൻ പ്രവർത്തകർ വീട് കയറും; വഞ്ചിച്ചതല്ല , ചവിട്ടി പുറത്താക്കിയതാണെന്ന് വീടുകളിലെത്തി വിശദീകരിക്കും; നീക്കം യു.ഡി.എഫ് പ്രചരണം പ്രതിസന്ധി ഉണ്ടാക്കുന്ന സാഹചര്യത്തിൽ.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
kerala congress m

കോട്ടയം : ലോകസഭാ തിരഞ്ഞെടുപ്പിൽ മത്സരം ശക്തമായതോടെ തന്ത്രം മാറ്റിപ്പിടിക്കാൻ കേരളാ കോൺഗ്രസ് എം. ഐക്യ ജനാധിപത്യ മുന്നണിയെ വഞ്ചിച്ച് പുറത്തുപോയെന്ന യു.ഡി.എഫിൻെറ പ്രചാരണത്തിന് ബദലായിട്ടാണ് മറുതന്ത്രം ഇറക്കുന്നത്. എന്തുകൊണ്ട് യു.ഡി.എഫ് വിട്ടു, അതിനുളള രാഷ്ട്രീയ -സംഘടനാ സാഹചര്യം എന്തായിരുന്നു എന്നത് ജനങ്ങളിൽ എത്തിക്കുക എന്നതാണ് കേരളാ കോൺഗ്രസിൻെറ പുതിയ തന്ത്രം.

Advertisment

യുഡിഎഫ് വിടേണ്ടി വന്ന സാഹചര്യം ജനങ്ങളോട് വിശദീകരിക്കുന്നതിനായി പാർട്ടിയുടെ പ്രാദേശിക ഘടകങ്ങളിലെ പ്രവർത്തകർ അതാത് ബൂത്ത് പരിധിയിലെ വീടുകൾ സന്ദർശിക്കുമെന്ന് പാർട്ടി നേതൃത്വം അറിയിച്ചു.


തദ്ദേശ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ തൃശൂരില്‍ എല്‍.ഡി.എഫിന് തിരിച്ചടി ; എല്ലാ വാര്‍ഡുകളും യു.ഡി.എഫ് പിടിച്ചെടുത്തു

2019ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ യു.‍ഡി.എഫ് സ്ഥാനാർഥി ആയി വിജയിച്ച തോമസ് ചാഴികാടൻ, കേരളാ കോൺഗ്രസ് എം വലത് മുന്നണി വിട്ടതിനെ തുടർന്ന് ഇടത് മുന്നണിയിലേക്ക് മാറിയിരുന്നു. കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിൽ ആലപ്പുഴയിൽ മാത്രം ജയിച്ച ഇടതുമുന്നണിക്ക് അതോടെ കേരളത്തിൽ നിന്ന് രണ്ട് എം.പിമാരായി.ജയിപ്പിച്ച മുന്നണിയെ വഞ്ചിച്ച് എതിർപക്ഷത്തേക്ക് ചേക്കേറി എന്നതാണ് ഇത്തവണ വീണ്ടും മത്സരത്തിനിറങ്ങിയിരിക്കുന്ന തോമസ് ചാഴികാടനെതിരെ യു.ഡി.എഫ് ഉന്നയിക്കുന്ന പ്രധാന ആക്ഷേപം.

മാണി വിഭാഗത്തെ വഞ്ചകരെന്ന് വിളിച്ചുകൊണ്ട് പാഠം പഠിപ്പിക്കണമെന്ന ആവശ്യമാണ്  യുഡിഎഫ് നേതാക്കൾ പൊതുയോഗങ്ങളിൽ  ആവർത്തിച്ച് ഉന്നയിക്കുന്നത്. പരമ്പരാഗതമായി യു.ഡി.എഫ് അണികളായിരുന്ന കേരളാ കോൺഗ്രസ് എമ്മിൻെറ പ്രവർത്തകരെയും ഈ ആക്ഷേപം സാരമായി ബാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ വലത് മുന്നണിയിൽ നിന്ന് മത്സരിച്ച് ജയിച്ചശേഷം വഞ്ചിച്ചെന്ന യുഡിഎഫ് പ്രചാരണം തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് എമ്മിന് മുന്നിൽ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

വോട്ടർമാരിൽ വൈകാരിക പ്രതികരണത്തിന് ഇടയാക്കിയേക്കാവുന്ന യു.ഡി.എഫ് പ്രചരണത്തിന് മറുമരുന്ന് എന്ന നിലയിലാണ് പ്രചരണതന്ത്രം ഒന്ന് മാറ്റിപ്പിടിക്കാൻ കേരളാ കോൺഗ്രസ് നേതൃത്വം തീരുമാനിച്ചത്. അതിൻെറ ഭാഗമായാണ് മുന്നണിമാറ്റത്തിൻെറ കാരണം വീടുകളിലെത്തി വിശദീകരിക്കുന്നത്.

സ്വമേധയാ യു.ഡി.എഫ് വിട്ടു പോയതല്ല, ചവിട്ടി പുറത്താക്കിയതാണെന്ന് വോട്ടർമാരെ അറിയിക്കലാണ് വീടുകൾ സന്ദർശിക്കുന്നതിൻെറ മുഖ്യലക്ഷ്യം. ഇതിനൊപ്പം നവമാധ്യമങ്ങൾ വഴിയുളള പ്രചാരണവും ശക്തമാക്കും.യു.ഡി.എഫ് വിടുന്നതിനുളള തീരുമാനം കൈക്കൊളളുന്നതിന് മുൻപ് കോൺഗ്രസ് -യു.ഡി.എഫ് നേതാക്കൾ നടത്തിയ പ്രതികരണങ്ങളുടെ വീഡിയോ റീൽസായും മറ്റും പ്രചരിപ്പിക്കും.

കേരളാ കോൺഗ്രസിനെ യു.ഡി.എഫിൽ നിന്ന് പുറത്താക്കിയത് സംബന്ധിച്ച അന്നത്തെ മുന്നണി കൺവീനർ ബെന്നി ബെഹനാൻെറ വാർത്താ സമ്മേളനം, മാണിയുടെ പാർ‍ട്ടി മുന്നണി വിട്ടാലും ബാധിക്കില്ലെന്ന അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പ്രതികരണം എന്നിവയാണ് പ്രചരണത്തിനായി അണിയറയിൽ ഒരുങ്ങുന്നത്.

ഭവന സന്ദർശനത്തിന് സമാന്തരമായി വീ‍ഡിയോ പ്രചരണം കൂടിയാകുമ്പോൾ ഫലപ്രദമായ പ്രതിരോധം തീർക്കാനാകുമെന്നാണ് കേരളാ കോൺഗ്രസ് നേതൃത്വത്തിൻെറ വിലയിരുത്തൽ.

ശബരിമലയില്‍ യുഡിഎഫ് സമീപനമാണു ശരിയെന്നു ജനവിധി തെളിയിച്ചെന്ന് ബെന്നി ബഹനാന്‍


സി.പി.എം നേതൃത്വത്തിൻെറ പൂർണ പിന്തുണയോടെയാണ് പുതിയ നീക്കം. പരമ്പരാഗത യു.ഡി.എഫ് മണ്ഡലമായ കോട്ടയത്ത് കേരളാ കോൺഗ്രസ് മാണി വിഭാഗത്തിൻെറ പിന്തുണയോടെ വിജയം കൊയ്യാമെന്നാണ് സി.പി.എമ്മിൻെറ പ്രതീക്ഷ.


മാണി വിഭാഗം മുന്നണിമാറിയ ശേഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഉൾപ്പെടെയുളള മണ്ഡലങ്ങളിൽ വിജയിക്കാനായതാണ് സി.പി.എമ്മിൻെറ പ്രതീക്ഷയുടെ അടിസ്ഥാനം. നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയം ലോകസഭയിലും ആവർത്തിക്കാൻ സി.പി.എമ്മും കിണഞ്ഞ് പരിശ്രമിക്കുന്നുണ്ട്.

വരുന്ന ഒരാഴ്ചക്കാലം കൊണ്ട് യു.ഡി.എഫിനെ വഞ്ചിച്ചുവെന്ന പ്രചാരണം മറികടക്കാനാണ് കേരളാ കോൺഗ്രസും യു.ഡി.എഫും ലക്ഷ്യമിട്ടിരിക്കുന്നത്.വീടുകളിലെത്തിയുളള കാമ്പയിനിനും നവ മാധ്യമ പ്രചാരണത്തിനും ഒപ്പം സ്ഥാനാർത്ഥിയും കിട്ടാവുന്ന എല്ലാ വേദികളിലും യു.ഡി.എഫ് വിടേണ്ടി വന്ന സാഹചര്യം വിശദീകരിക്കാൻ തീരുമാനമുണ്ട്.

എൽ.ഡി.എഫിൽ എത്തിയ ശേഷം നടക്കുന്ന ആദ്യത്തെ ലോകസഭാ തിരഞ്ഞെടുപ്പ് ആയതിനാൽ ശക്തിതെളിയിക്കാനുളള സമ്മർദ്ദം കേരളാ കോൺഗ്രസിനും സ്ഥാനാർത്ഥിക്കും മുകളിലുണ്ട്.പാർട്ടി പിളർത്തി പുറത്ത് പോയ ജോസഫ് വിഭാഗമാണ് എതിരാളി എന്നതിനാൽ കോട്ടയത്ത് ജയിക്കേണ്ടത് കേരളാ കോൺഗ്രസ് എമ്മിൻെറ അഭിമാന പ്രശ്നമാണ്.

ലോകസഭ ജയിച്ചാൽ ഒഴിവുവരുന്ന രാജ്യസഭാ സീറ്റിന് വേണ്ടി ഇടത് മുന്നണിയിൽ ആത്മ വിശ്വാസത്തോടെ അവകാശവാദം ഉന്നയിക്കാനും പാർട്ടിക്ക് കഴിയും. രാജ്യസഭാംഗമായി കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ. മാണിയുടെ കാലാവധി ജൂണിൽ അവസാനിക്കുകയാണ്. ജോസ് കെ മാണിക്ക് ഒരിക്കൽ കൂടി രാജ്യ സഭാ സീറ്റ് ലഭിക്കുന്നതിന് കോട്ടയത്തെ ജയം അനിവാര്യമാണ്.

Advertisment