Advertisment

തിരുനക്കര ബസ് സ്റ്റാൻഡ് വിഷയം, പരസ്പരം പഴിചാരി നഗരസഭാ ഉദ്യോഗസ്ഥർ. താൻ അവധിയിലുള്ള സമയത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് ചുമതല കൈമാറിയിരുന്നെന്നു  സെക്രട്ടറി. മറുപടി സബ്‌ ജഡ്‌ജ്  രാജശ്രീ രാജഗോപാലിൻ്റെ പരാതിയെ തുടർന്നുള്ള വിശദീകരണ കത്തിൽ. നഗരസഭയിലെ ഉദ്യോഗസ്ഥർ തമ്മിലുള്ള ഭിന്നത മറ നീക്കി പുറത്ത്.

New Update
2123272-untitled-1.jpeg

കോട്ടയം: നഗരസഭയിൽ ഉദ്യോഗസ്ഥർ തമ്മിലുള്ള അഭിപ്രായ ഭിനത മറനീക്കി പുറത്ത്. തിരുനക്കര ബസ് സ്‌റ്റാൻഡ് യാത്രക്കാർക്കു തുറന്നു കൊടുക്കുന്നതുമായി ബന്ധപ്പെട്ട് ഉയർന്ന പരാതിയെത്തുടർന്നാണ് നഗരസഭാ സെക്രട്ടറിയടക്കം പരസ്പരം പഴിചാരി രംഗത്തുവരുന്നത്. ബസ് സ്‌റ്റാൻഡ് തുറക്കുന്നതുമായി ബന്ധപ്പെട്ട് ലീഗൽ സർവീസ് അതോറിറ്റി വിളിപ്പിച്ച ഹിയറിങ്ങിൽ തുടർച്ചയായി സെക്രട്ടറി പങ്കെടുത്തിരുന്നില്ല.

Advertisment

ഇതോടെ തിരുനക്കര സ്‌റ്റാൻഡ് വിഷയത്തിൽ അയക്കുന്ന നോട്ടീസ് സെക്രട്ടറി അവഗണിക്കുന്നുവെന്നും ഉത്തരവുകൾ പാലിക്കുന്നില്ലെന്നും കാട്ടി ജില്ലാ ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറിയും സബ്‌ ജഡ്‌ജുമായ രാജശ്രീ രാജഗോപാൽ തദ്ദേശവകുപ്പ് ജോയിന്റ് സെക്രട്ടറിക്ക് പരാതി നൽകിയിരുന്നു. പരാതിയിൽ  തദ്ദേശവകുപ്പ് ജോയിന്റ് സെക്രട്ടറി മുനിസിപ്പൽ സെക്രട്ടറി ബി. അനിൽകുമാറിനോട് വിശദീകരണം തേടി.

താൻ അവധിയിലുള്ള സമയത്ത് എക്സിക്യൂട്ടീവ് എൻജിനീയർക്ക് ചുമതല കൈമാറിയിരുന്നു എന്നും അവരാണ് ഹാജരാകേണ്ടിയിരുന്നതെന്നുമാണ് സെക്രട്ടറിയുടെ വിശദീകരണം. അവധിയെടുത്ത തീയതികളും കാരണവും എക്സിക്യൂട്ടീവ് എൻജിനീയർക്ക് ചുമതല നൽകിയുള്ള കത്തുകളും സഹിതമാണ് സെക്രട്ടറിയുടെ മറുപടി. സെക്രട്ടറിക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കണമെന്നും ലീഗൽ സർവീസ് അതോറിറ്റി പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. സെക്രട്ടറി ജില്ല വിട്ടുപോകുമ്പോൾ ആ സമയം മുതൽ ചുമതല രേഖാമൂലം അടുത്തയാൾക്ക് കൈമാറണം.

അതുപ്രകാരം ഫെബ്രുവരി 24ന് വൈകിട്ട് അഞ്ചുമുതൽ 27 ന് രാവിലെ 10.15 വരെ എക്സിക്യുട്ടീവ് എൻജിനീയർക്കായിരുന്നു ചുമതല. ഫെബ്രുവരി 26ന് ട്രൈബ്യൂണലിൽ ഹാജരാകാനാണ് അവധി എടുത്തത്. മാർച്ച് ആറിന് വൈകിട്ട് അഞ്ചു മുതൽ 11 ന് രാവിലെ 10.15 വരെ വ്യക്തിപരമായ ആവശ്യത്തിന് അവധിയിലായിരുന്നു. ചുമതല രേഖാമൂലം എക്സിക്യൂട്ടീവ് എൻജിനീയർക്ക് കൈമാറിയിരുന്നു. 28 മുതൽ ഏപ്രിൽ 16 വരെ തെരഞ്ഞെടുപ്പിൻ്റെ ഭാഗമായി സ്‌റ്റാറ്റിക് സർവൈലൻസ് ടീമിന്റെ

നേതൃത്വം വഹിക്കേണ്ടിവന്നു. എക്‌സിക്യൂട്ടീവ് എൻജിനീയർക്ക് ചുമതല കൈമാറിയിരുന്നതായും വിശദീകരണ കത്തിൽ പറയുന്നു.

Advertisment