Advertisment

തെരഞ്ഞെടുപ്പ് പ്രചാരണം അവസാന റൗണ്ടില്‍.കോട്ടയത്തെ യു.ഡി.എഫ്. - എന്‍.ഡി.എ മുന്നണികളുടെ പ്രവര്‍ത്തനം പുകയുന്ന അസ്വസ്ഥതകള്‍ക്കു മുകളില്‍. ഉള്‍പ്പോര് വോട്ടിനെ ബാധിക്കുമോയെന്ന ആശങ്കയില്‍ സ്ഥാനാര്‍ഥികളും.

New Update
ldf udf bjpp.jpg

കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണം അവസാന റൗണ്ടിലേക്കു കടക്കുമ്പോള്‍, മുന്നണിക്കുള്ളിലെ ഉള്‍പ്പോര് വോട്ടിനെ ബാധിക്കുമോയെന്ന ആശങ്കയില്‍ മുന്നണികള്‍. മുന്നണിക്കുള്ളിലെ അസ്വസ്ഥതകള്‍ വോട്ടു കണക്കിനെ ബാധിക്കാതിരിക്കാന്‍ നേതൃതലത്തില്‍ തിരക്കിട്ട അനുനയ നീക്കങ്ങളും സജീവമാണ്.പുറമേ, ശാന്തമെന്നു തോന്നുമെങ്കിലും കോട്ടയം ജില്ലയിലെ യു.ഡി.എഫ്. - എന്‍.ഡി.എ മുന്നണികളുടെയും പ്രവര്‍ത്തനം പുകയുന്ന അസ്വസ്ഥതകള്‍ക്കു മുകളിലാണ്.  നേതൃതലത്തില്‍, ഭിന്നതകള്‍ പരിഹരിക്കപ്പെട്ടുവെങ്കിലും താഴേത്തട്ടിലേക്ക് ഇത് എത്താത്തതാണു മുന്നണികളെ ആശങ്കയിലാക്കുന്നത്.

Advertisment

യു.ഡി.എഫില്‍ കേരളാ കോണ്‍ഗ്രസിനു സീറ്റ് നല്‍കിയതിന്റെ പേരിലുള്ള പിണക്കം പല കോണ്‍ഗ്രസ് പ്രവര്‍ത്തകരിലും ഇപ്പോഴും അവശേഷിക്കുന്നു. ചിലയിടങ്ങളിലെങ്കിലും ഇതു പ്രചാരണത്തെയും ബാധിക്കുന്നു. കോണ്‍ഗ്രസിലെ പലരും കോട്ടയം സീറ്റില്‍ നോട്ടമിട്ടിരുന്നു.  പല കാര്യങ്ങളിലും കോണ്‍ഗ്രസ് നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കേരളാ കോണ്‍ഗ്രസ് നേതാക്കള്‍ തയാറാകുന്നില്ലെന്നും പരാതിയുണ്ട്. കേരളാ കോണ്‍ഗ്രസിനുള്ളിലെ പ്രശ്‌നങ്ങളും പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പമുണ്ടാക്കുന്നുണ്ട്.

ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പിലിന്റെ രാജിയിലും അദ്ദേഹത്തിന്റെ ആരോപണങ്ങളിലും കൃത്യമായ മറുപടി പറയാന്‍ നേതൃത്വത്തിനു കഴിയാതെ പോയതും തിരിച്ചടിയാകുന്നുണ്ട്. കേരളാ കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നമാണെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നുണ്ടെങ്കിലും ഇവരില്‍ പലരും കേരളാ കോണ്‍ഗ്രസ് നേതാക്കളെ അതൃപ്തി അറിയിക്കുകയും ചെയ്തു. ഇതിനിടെ,  ഇന്നലെ കേരളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി അംഗമായ സുനില്‍ കുന്നപ്പള്ളിയും ഇന്നലെ രാജിവച്ചതോടെ പ്രതിസന്ധി രൂക്ഷമായിരിക്കുകയാണ്.

എന്‍.ഡി.എയിലുമുണ്ട് സമാനമായ അസ്വസ്ഥതകള്‍. ഇത്തവണയും ഘടക കക്ഷികള്‍ക്കു സീറ്റ് നല്‍കിയതില്‍ ഒരു വിഭാഗം ബി.ജെ.പി. പ്രവര്‍ത്തകര്‍ അസ്വസ്ഥരാണ്. പലയിടങ്ങളിലും പ്രചാരണത്തില്‍ ബി.ജെ.പി. പ്രവര്‍ത്തകരുടെ അസാന്നിധ്യവും നിഴലിക്കുന്നു. ബി.ഡി.ജെ.എസിലെ ഒരു വിഭാഗം പ്രചാരണ രംഗം ഹൈജാക്ക് ചെയ്യുന്നുവെന്ന പരാതിയും ബി.ജെ.പിയ്ക്കുണ്ട്. ശക്തി കേന്ദ്രങ്ങളില്‍ ഉള്‍പ്പെടെ ബി.ജെ.പി. പൂര്‍ണമായി സഹകരിക്കുന്നില്ലെന്ന പരാതിയാണ് ഒരു വിഭാഗം ബി.ഡി.ജെ.എസ്. നേതാക്കള്‍ ഉന്നയിക്കുന്നത്.

Advertisment