Advertisment

കടലിലെ വറുതി, പച്ചമീനിനു ക്ഷാമവും പൊള്ളുന്ന വിലയും.മത്തിയുടെ വില കിലോയ്ക്ക് 260 രൂപയായി കുതിച്ചുയര്‍ന്നു. വിപണിയില്‍ ലഭിക്കുന്നത് രുചിയും കുറഞ്ഞ മംഗലാപുരം മത്തി

New Update
43344

കോട്ടയം: കടലിലെ വറുതി, പച്ചമീനിനു ക്ഷാമവും പൊള്ളുന്ന വിലയും. പിന്നാലെ വളര്‍ത്തു,  കായല്‍ മീനുകള്‍ക്കും വന്‍ വില കയറ്റം. മൂന്നു മാസം മുമ്പ് വരെ 100- 140 രൂപയായിരുന്നു ഏറ്റവും കുറഞ്ഞ മീന്‍ വിലയെങ്കില്‍ ഇപ്പോള്‍ 200 രൂപയായി. തീ വില നല്‍കിയാലും ഇഷ്ട മീനുകള്‍ പലതും കിട്ടാനുമില്ല. വേനല്‍ ശക്തിയോടെ തുടര്‍ന്നാല്‍ മീന്‍ ക്ഷാമം രൂക്ഷമാകുമെന്നും വില പ്രവചനാതീതമായി കുതിക്കുമെന്നും വ്യാപാരികള്‍ പറയുന്നു.

Advertisment

ഏറ്റവും കൂടുതല്‍ വില്‍പ്പനയുള്ള മത്തിയുടെ വില കിലോയ്ക്ക് 260 രൂപയായി കുതിച്ചുയര്‍ന്നു. നാടന്‍ മത്തി കിട്ടാനില്ല. മുള്ളുള്ള വലിപ്പവും രുചിയും കുറഞ്ഞ മംഗലാപുരം മത്തിയാണു വിപണിയില്‍ കൂടുതല്‍. അയല വില വലിപ്പനുസരിച്ച് 200 -300 രൂപയാകും. കൊഴുവയ്ക്ക് പോലും വില 200 രൂപയ്ക്ക് മുകളിലെത്തി.

വലിയ മീനുകളുടെയെല്ലാം വില കുത്തനെ ഉയര്‍ന്നു, കേര മുറിച്ചതിനു 400 രൂപയ്ക്കു മുകളിലായെങ്കില്‍, തള 450 രൂപ വരെയായി. ഡിമാന്‍ഡ് കൂടുതലുള്ള നെയ്മീന്‍, വറ്റ, മോത, കാളാഞ്ചി തുടങ്ങിയ മിക്ക മീന്‍കടകളിലും കാണാനേയില്ല. നെയ്മീന്‍ വില 1000 കടന്നു. വറ്റ, മോത, കാളാഞ്ചി ഇനങ്ങള്‍ വലിപ്പമനുസരിച്ച് 800 രൂപയ്ക്കു മുകളിലാണ്. ചെമ്മീന്‍ വിലയും 400 കടന്നു.

കടല്‍ മീനുകള്‍ കുറഞ്ഞതോടെ വളര്‍ത്തു മത്സ്യങ്ങള്‍ വ്യാപകമായി വിപണിയില്‍ എത്തുന്നുണ്ട്.  രോഹു, തിലോപ്പിയ, വാള, റെഡ്‌ബെല്ലി, റോഗ് തുടങ്ങിയ ഇനങ്ങളാണ് എത്തുന്നത്. രുചിയില്‍ പിന്നിലായ ഇവ ഫ്രഷ്  എന്ന ഒറ്റക്കാരണത്താല്‍ പലരും വാങ്ങാറുണ്ട്. നേരത്തെ 150 - 200 രൂപയായിരുന്നു ഇത്തരം മീനുകളുടെ വിലയെങ്കില്‍ ഇപ്പോള്‍ അത് മൂന്നൂറിനടുത്തായി.

ചൂട് കൂടിയതോടെ കായല്‍മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതും തിരിച്ചടിയായി.

 തണ്ണീര്‍മുക്കം ബണ്ട് പൂര്‍ണമായി തുറക്കാത്തതിനാല്‍, ഷട്ടറുകള്‍ തുറന്ന ഭാഗത്ത് കുത്തൊഴുക്കാണ്. കീറുമെന്നതിനാല്‍ വലവീശാന്‍ കഴിയുന്നില്ല. വേലിയേറ്റം വേലിയിറക്ക പ്രക്രീയയും തടസപ്പെട്ടതോടെ കടലില്‍ നിന്ന് എത്തുന്ന മത്സ്യങ്ങളും കുറഞ്ഞു. ചെമ്മീന്‍, കൊഞ്ച് തുടങ്ങിയവയുടെ ലഭ്യതയും കുറഞ്ഞു. കായലില്‍ പോളയും പായലും ഒഴുകി മാറാത്തത് കരിമീന്‍ പിടുത്തത്തെയും ബാധിച്ചു. 300-400 രൂപയ്ക്ക് കിട്ടിയിരുന്ന വലിപ്പമുള്ള കരിമീന്റെ വില കിലോയ്ക്ക് 500 രൂപയ്ക്കു മുകളിലായി.

Advertisment