Advertisment

ഉഷ്ണതരംഗ സാധ്യത, കോട്ടയം ജില്ലയില്‍ ഇന്നു പകല്‍ ചൂട് 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരും,ചുടു കാരണം രാവിലെ 11 മുതല്‍ വീടിനു പുറത്തേക്ക് ഇറങ്ങാനാവാത്ത അവസ്ഥയില്‍ ജനം, കൂരോപ്പടയില്‍  പെയിന്റിങ് ജോലിക്കിടെ തൊഴിലാളിക്കു സൂര്യാതാപമേറ്റു

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
d31f0a80-2c69-42d7-b359-82337f278cd8.jpeg

കോട്ടയം: ഉഷ്ണതരംഗ സാധ്യത, ജില്ലയില്‍ ഇന്നു പകല്‍ ചൂട് 38 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒരുമാസം മുമ്പ് 40 ഡിഗ്രിക്ക് അടുത്തുവരെ ജില്ലയിലെ താപനിലയെത്തിയിരുന്നു. ഇന്നലെ ജില്ലയിലെ ഓട്ടോമാറ്റിക് വെതര്‍ സ്‌റ്റേഷനുകളില്‍ 37 ഡിഗ്രി വരെ താപനില രേഖപ്പെടുത്തി. ചുടു കാരണം രാവിലെ 11 മുതല്‍ വീടിനു പുറത്തേക്ക് ഇറങ്ങാനാവാത്ത അവസ്ഥയാണ്. നേരത്തെ മുന്നോടെ ചൂട് കുറഞ്ഞിരുന്നുവെങ്കില്‍, ഇപ്പോള്‍ നാലു കഴിഞ്ഞാലും അസ്വസ്ഥത തുടരുന്നു. നഗര പ്രദേശങ്ങളില്‍ എത്തുന്നവര്‍ക്കു ചൂടുകുരു മുതല്‍ ശരീരത്ത് പൊള്ളിയ പോലെയുള്ള പാടുകള്‍ കാണുന്ന അവസ്ഥയാണ്. പലര്‍ക്കും തളര്‍ച്ച അനുഭവപ്പെട്ടു ചികിത്സ തേടുന്നുമുണ്ട്.

Advertisment

വെയിലില്‍നിന്ന് ആശ്വാസം തേടി വീട്ടിലിരിക്കാമെന്നു കരുതിയാല്‍ രാത്രിയും പകലും അത്യുഷ്ണമാണ്. ഫാനിന്റെ കീഴില്‍ കിടന്നാലും വിയര്‍ത്തു കുളിക്കുന്ന അവസ്ഥയാണുള്ളത്. വീടിന്റെ മേല്‍ക്കൂരയും ഭിത്തിയും പകല്‍ ചൂടായി നില്‍ക്കുന്നതോടെ പല വീടുകളിലും രാത്രിയിലെ അവസ്ഥ ചൂടാറാപ്പെട്ടിക്കു സമാനമാണെന്നു ജനങ്ങള്‍ പറയുന്നു.

ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജ്ജലീകരണം തുടങ്ങിയ നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്കു കാരണമാകും. അതുകൊണ്ട് പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നു ആരോഗ്യ വകുപ്പ് നിര്‍ദേശം നല്‍കുന്നു. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണ്. പൊതുജനങ്ങള്‍ക്കൊപ്പം ഭരണ  ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നാണു നിര്‍ദേശം.

അതേ സമയം ഇന്നലെ പെയിന്റിങ് ജോലിക്കിടെ തൊഴിലാളിക്കു സൂര്യാതാപമേറ്റു. കള്ളിയാട്ടുകുന്നേല്‍ അനിയ്ക്കാണു കഴിഞ്ഞ ദിവസം  പെയിന്റിങിനിടയില്‍ സൂര്യതാപമേറ്റത്. വയറിന്റെ ഭാഗത്തു പൊള്ളലേറ്റ അനി ഉടനെ കൂരോപ്പടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഡോക്ടര്‍ ഒരാഴ്ചത്തെ വിശ്രമം വേണമെന്നു നിര്‍ദേശിച്ചിട്ടുണ്ട്.



പകല്‍ ചൂടിനെതിരെ മുന്‍കരുതലുകള്‍ സ്വീകരിക്കാം

0 പകല്‍ സമയത്ത് പുറത്തിറങ്ങുന്നത് പരമാവധി ഒഴിവാക്കുക.

0 ശരീരത്തില്‍ നേരിട്ട് വെയിലേല്‍ക്കുന്ന എല്ലാതരം പുറം ജോലികളും, കായിക വിനോദങ്ങളും, മറ്റു പ്രവര്‍ത്തനങ്ങളും പൂര്‍ണമായും നിര്‍ത്തി വെക്കുക.

0 ധാരാളമായി വെള്ളം കുടിക്കുക.

0 അത്യാവശ്യങ്ങള്‍ക്ക് മാത്രം പുറത്തിറങ്ങുക. പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും കുടയും പാദരക്ഷയും ഉപയോഗിക്കുക.

0 കായികാദ്ധ്വാനമുള്ള ജോലികളില്‍ ഏര്‍പ്പെടുന്നവര്‍ ഇടവേളകള്‍ എടുത്തും വിശ്രമിച്ചു കൊണ്ടും മാത്രം ജോലിയില്‍ ഏര്‍പ്പെടുക.

0 നിര്‍ജലീകരണം ഉണ്ടാക്കുന്ന മദ്യം, കാര്‍ബണേറ്റഡ് പാനീയങ്ങള്‍, ചായ കാപ്പി എന്നിവ പകല്‍ സമയത്ത് പൂര്‍ണമായും ഒഴിവാക്കുക.

0 വൈദ്യുത ഉപകരണങ്ങള്‍ നിരന്തര ഉപയോഗം മൂലം ചൂട് പിടിച്ചും, വയര്‍ ഉരുകിയും തീപിടുത്തത്തിനു സാധ്യത ഉള്ളതിനാല്‍ ഓഫീസുകളിലും, വീടുകളിലും ഉപയോഗ ശേഷം ഇവ ഓഫ് ചെയ്യേണ്ടതാണ്. രാത്രിയില്‍ ഓഫീസുകളിലും, ഉപയോഗം ഇല്ലാത്ത മുറികളും ഉള്ള ഫാന്‍, ലൈറ്റ്, എ.സി എന്നിവ ഓഫ് ചെയ്ത് സൂക്ഷിക്കുക.

0 വീട്ടിലും ഓഫീസിലും തൊഴിലിടത്തിലും വായു സഞ്ചാരം ഉറപ്പാക്കുക.

0 മാര്‍ക്കറ്റുകള്‍, കെട്ടിടങ്ങള്‍, മാലിന്യശേഖരണനിക്ഷേപ കേന്ദ്രങ്ങള്‍ (ഡംപിങ് യാര്‍ഡ്), ചപ്പ് ചവറുകളും, ഉണങ്ങിയ പുല്ലും ഉള്ള ഇടങ്ങളില്‍ എന്നിവടങ്ങളില്‍ തീപിടുത്ത സാധ്യത കൂടുതലാണ്. ഇവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കുകയും ചെയ്യേണ്ടതാണ്. ഇവയോട് ചേര്‍ന്ന് താമസിക്കുന്നവരും സ്ഥാപനങ്ങള്‍ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കുക.

0 കിടപ്പ് രോഗികള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, കുട്ടികള്‍, ഭിന്നശേഷിക്കാര്‍, മറ്റ് രോഗങ്ങള്‍ മൂലമുള്ള അവശത അനുഭവിക്കുന്നവര്‍ തുടങ്ങിയ വിഭാഗങ്ങള്‍ക്കു പ്രത്യേക കരുതല്‍ ഉറപ്പാക്കണം.

Advertisment