Advertisment

കടുത്ത ചൂടിലും താഴാതെ ഇറച്ചിക്കോഴി വില, കോഴിവില രണ്ടു മാസത്തിലേറെയായി 150 രൂപയ്ക്കു മുകളില്‍, പോത്തിറച്ചിക്കും വില ഉയര്‍ന്നു തന്നെ, ഗതാഗത ചെലവും ഗുണ്ടാപ്പിരിവും മേഖലയെ തകര്‍ക്കുന്നതായി വ്യാപാരികൾ.

New Update
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള പക്ഷി, മുട്ട ഇറക്കുമതികള്‍ക്ക് കുവൈറ്റ് അനുമതി നല്‍കി

കോട്ടയം: താഴാതെ ഇറച്ചിക്കോഴി വില, കൂടാനൊരുങ്ങി പോത്തിറച്ചി വിലയും. വരവു കുറഞ്ഞു നില്‍ക്കുന്നതിനാല്‍ ഇറച്ചിക്കോഴി വില രണ്ടു മാസത്തിലേറെയായി 150 രൂപയ്ക്കു മുകളിലാണ്. പക്ഷിപ്പനി ഭീതിയെത്തുടര്‍ന്നു രണ്ടാഴ്ച മുമ്പ് നേരിയ തോതില്‍ കുറഞ്ഞ വില വീണ്ടും കൂടുകയാണ്. നിലവില്‍, 150 രൂപ മുതല്‍ 166 രൂപ വരെയാണു ജില്ലയില്‍ വിവിധയിടങ്ങളിലെ വില. മഴ ശക്തമായി ചൂടിനു കുറവുണ്ടാകുന്നതിനു പിന്നാലെ, സംസ്ഥാനത്തെ ഫാമുകളില്‍ കോഴി വളര്‍ത്തല്‍ സജീവമാകുന്നതു വരെ വില ഉയര്‍ന്നു നില്‍ക്കുമെന്നാണു സൂചന.

ഇതര സംസ്ഥാനങ്ങളില്‍ കന്നുകാലി വളര്‍ത്തല്‍ കുറഞ്ഞതോടെ പോത്ത്, എരുമ എന്നിവയുടെ വരവ് കുറഞ്ഞതോടെ വില ഉയരാനുള്ള സാധ്യതയേറി. നിലവില്‍, 400 രൂപയാണു വില, കിലോയ്ക്ക് 20 മുതല്‍ 30 രൂപയുടെ വരെ വര്‍ധന വരും ദിവസങ്ങളിലുണ്ടാകുമെന്നാണു സൂചന. മലബാര്‍ മേഖലയില്‍ പോത്തിറച്ചി വില വര്‍ധിപ്പിക്കാന്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു.

മുമ്പ് തമിഴ്‌നാട്, ആന്ധ്രാ, ഒറീസ മേഖലയില്‍ നിന്നാണു ജില്ലയില്‍ മാടുകളെ എത്തിച്ചിരുന്നത്. ഇപ്പോള്‍, ഹരിയാന, ഛത്തിസ്ഗഢ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണു മാടുകളെ എത്തിക്കുന്നത്. കൂടുന്ന ഗതാഗത ചെലവും ഗുണ്ടാപ്പിരിവും മേഖലയെ തകര്‍ക്കുന്നതായി വ്യാപാരികൾ പറയുന്നു. ജില്ലയില്‍ പോലും ഇതര സംസ്ഥാന ഗുണ്ടാ നേതാവിന്റെ മേല്‍നോട്ടത്തില്‍ കശാപ്പുശാലകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Advertisment