Advertisment

പക്ഷിപ്പനി ജില്ലയിലും ജാഗ്രതാ നിര്‍ദേശം. ആലപ്പുഴയില്‍ നിന്നു താറാവുകളെയോ, കോഴികളെയോ എടുക്കുന്നതു വിലക്കി. ചങ്ങനാശേരി, വാഴപ്പള്ളി മേഖലകളില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പ്രത്യേക പരിശോധന. താറാവുകളിൽ രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സമീപത്തെ മൃഗാശുപത്രിയില്‍ അറിയിക്കണമെന്നും  നിര്‍ദേശം.

New Update
bird flu

കോട്ടയം: ആലപ്പുഴയിലെ പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ജില്ലയിലും ജാഗ്രതാ നിര്‍ദേശം. ജില്ലയില്‍ എവിടെയും ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിക്കുകയോ ലക്ഷണങ്ങള്‍ കണ്ടെത്തുകയോ ചെയ്തിട്ടില്ല.  എങ്കിലും പ്രതിരോധ നടപടികള്‍ മൃഗസംരക്ഷണ വകുപ്പ് ശക്തമാക്കിയിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ചു കുറവാണെങ്കിലും കോട്ടയം, വൈക്കം താലൂക്കുകളില്‍ നിരവധി താറാവു കര്‍ഷകരുണ്ട്. ആലപ്പുഴയില്‍ രോഗം സ്ഥിരീകരിച്ചതോടെ കര്‍ഷകര്‍ ആശങ്കയിലാണ്.

ആലപ്പുഴയില്‍ നിന്നു താറാവുകളെയോ, കോഴികളെയോ എടുക്കുന്നതു വിലക്കിയിട്ടുണ്ട്. ആലപ്പുഴയില്‍ നിന്നു കൂടുതല്‍ പക്ഷികളെത്തുന്ന ചങ്ങനാശേരി, വാഴപ്പള്ളി മേഖലകളില്‍ മൃഗസംരക്ഷണ വകുപ്പ് പ്രത്യേക പരിശോധന നടത്തും. എച്ച് 1 എന്‍ 1 അസുഖമാണ് ആലപ്പുഴയില്‍ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ സമീപത്തെ മൃഗാശുപത്രിയില്‍ അറിയിക്കണമെന്നും അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. തളര്‍ച്ച, കണ്ണിനു നീലനിറം എന്നിവയാണ് രോഗലക്ഷണങ്ങള്‍.

ജില്ലയില്‍ എല്ലാ വര്‍ഷവും പക്ഷിപ്പനി വ്യാപക നാശം വിതയ്ക്കാറുണ്ട്.

 ഏറ്റവും ഒടുവില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ പനച്ചിക്കാട്ടാണ് രോഗം സ്ഥിരീകരിച്ചത്. അന്നു നൂറുകണക്കിനു താറാവുകളെ കൊന്നൊടുക്കിയിരുന്നു. ഇതേത്തുടര്‍ന്നു രോഗവ്യാപനം കുറയ്ക്കാനായി.

പക്ഷിപ്പനി, തീറ്റയുടെയും  മരുന്നിന്റെയും വിലയിലെ വര്‍ധന തുടങ്ങിയ കാരണങ്ങളാല്‍, വര്‍ഷങ്ങളായി താറാവു കൃഷി നടത്തിയിരുന്ന പലരും കൃഷി ഉപേക്ഷിച്ചിരുന്നു. അവശേഷിക്കുന്നവരില്‍ പലരും പാലക്കാടിന്റെ വിവിധ ഭാഗങ്ങളിലേക്കും തമിഴ്‌നാട്ടിലെ കോയമ്പത്തൂര്‍ ജില്ലയിലേക്കും കൃഷി മാറ്റുകയും ചെയ്തിരുന്നു.

Advertisment