Advertisment

തണ്ണീര്‍മുക്കം ബണ്ട് ഈയാഴ്ച തുറക്കുമോയെന്ന് ഇന്നറിയാം. ജല മലിനീകരണത്താല്‍ മുങ്ങി അപ്പര്‍ കുട്ടനാട്. തുറക്കാനുള്ള തീരുമാനം വൈകിയാല്‍ പടിഞ്ഞാറന്‍ ജീവിതം ദുരിതപൂര്‍ണമാകും

New Update
tnanneermukkom bund

കോട്ടയം: മാസങ്ങളായി അടഞ്ഞുകിടക്കുന്ന തണ്ണീര്‍മുക്കം ബണ്ട്  ഈ ആഴ്ച തുറക്കുമോയെന്ന് ഇന്നറിയാം. ഷട്ടറുകള്‍ അടഞ്ഞു കിടക്കുന്നതിനാല്‍ അപ്പര്‍കുട്ടനാട് ജല മലിനീകരണത്താല്‍ മുങ്ങിയിരിക്കുകയാണ്. ഷട്ടര്‍ തുറക്കാന്‍ ഓരോ ദിവസവും വൈകുന്നതനുസരിച്ചു ജനങ്ങളുടെ ജീവിതവും ദുരിതപൂര്‍ണമായിരിക്കുകയാണ്.

Advertisment

ബണ്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ആലപ്പുഴ കലക്ടറേറ്റിലാണു യോഗം.  ജനപ്രതിനിധികള്‍, ആലപ്പുഴ, കോട്ടയം കലക്ടര്‍മാര്‍, മത്സ്യതൊഴിലാളി കര്‍ഷക സംഘടനാ പ്രതിനിധികള്‍ എന്നിവരെ പങ്കെടുപ്പിച്ചാണ് യോഗം.

സ്വാമിനാഥന്‍ കമ്മീഷന്റെ കാര്‍ഷിക കലണ്ടര്‍ പ്രകാരം ഡിസംബര്‍ പതിനഞ്ചോടെ തണ്ണീര്‍മുക്കം ബണ്ടിന്റെ ഷട്ടര്‍ അടയ്ക്കുകയും മാര്‍ച്ചില്‍ തുറക്കുകയും ചെയ്യണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍, ഏതാനും വര്‍ഷങ്ങളായി ഇതു നടപ്പിലാകാറില്ല.

നിശ്ചിത സമയവും കഴിഞ്ഞു ആഴ്ചകള്‍ക്കു ശേഷം ഏപ്രില്‍ പത്തിനാണു കഴിഞ്ഞ വര്‍ഷം ഷട്ടര്‍ തുറന്നത്. ഈ വര്‍ഷവും അതേ തീയതിയില്‍ ബണ്ട് തുറക്കാനാണു നീക്കം. യോഗത്തില്‍ തീരുമാനമായാല്‍ 10 മുതല്‍ ഷട്ടര്‍ തുറന്നു തുടങ്ങിയേക്കും.

തുറക്കാനുള്ള തീരുമാനം വൈകിയാല്‍ പടിഞ്ഞാറന്‍ ജീവിതം കൂടുതല്‍ ദുരിതപൂര്‍ണമാകും. ബണ്ട് അടഞ്ഞു കിടക്കുന്നതിനാല്‍ തോടുകളിലും പുഴകളിലുമെല്ലാം പോള നിറഞ്ഞു കിടക്കുകയാണ്. ഇതോടെ, ജലഗതാഗതവും തടസപ്പെടുന്ന അവസ്ഥയാണ്. പലയിടങ്ങളിലും വെള്ളത്തില്‍ നിന്നു ദുര്‍ഗന്ധവും അനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്.

ബണ്ട് അടഞ്ഞു കിടക്കുന്നതിനാല്‍ മത്സ്യബന്ധന തൊഴിലാളികളുടെ ജീവിതവും ദുരിത്തിലലാണ്.  ജലം മലിനമായതിനാല്‍ മത്സ്യ ലഭ്യത കുറഞ്ഞതായി തൊഴിലാളികള്‍ പറയുന്നു.

ഷട്ടര്‍ തുറക്കുന്നതു വൈകിയാല്‍ ഓരു ജലത്തില്‍ പ്രജനനം നടത്തുന്ന മത്സ്യങ്ങളുടെ അളവു വീണ്ടും കുറയും. ബണ്ട് തുറക്കുന്നതിനൊപ്പം ഓരുവെള്ളത്തിനൊപ്പം പലയിനം മീനുകള്‍ കയറിവരുന്നതും മത്സ്യതൊഴിലാളികള്‍ക്ക് ആശ്വാസമായിരുന്നു.

Advertisment