Advertisment

രാഹുൽ ഗാന്ധിയുടെ കോട്ടയം പര്യടനം; സാമ്പത്തിക ബാധ്യതയെചൊല്ലി യുഡിഎഫിൽ ഭിന്നത രൂക്ഷം

New Update
rahul gandhi kottayam-3

കോട്ടയം: കോൺഗ്രസ്‌ നേതാവ് രാഹുൽ ഗാന്ധിയുടെ  കോട്ടയത്തെ തെരഞ്ഞെടുപ്പു പര്യടനം അവസാനിച്ചുവെങ്കിലും സാമ്പത്തിക ബാധ്യതയെ ചൊല്ലി കോൺഗ്രസ്‌, കേരള കോൺഗ്രസ്‌ ജോസഫ് വിഭാഗം നേതാക്കൾ തമ്മിൽ പോര് മുറുകുന്നു. വൻ തുക ചെലവഴിച്ച്‌ രാഹുൽ ഗാന്ധിയെ കോട്ടയത്ത്‌ കൊണ്ടുവന്നെങ്കിലും അതിന്റെ നേട്ടം ലഭിച്ചത് തോമസ് ചാഴികാടനാണെന്നാണ് പൊതുവെ വിലയിരുത്തൽ.

Advertisment

ഇന്ത്യ മുന്നണി സ്ഥാനാർഥി തോമസ് ചാഴികാടൻ ആണെന്നും ഇന്ത്യ മുന്നണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണസമിതിയിൽ ജോസ് കെ മാണി എംപി അംഗവുമാണെന്ന് കേരള കോൺഗ്രസ്‌ എം നേതാക്കൾ പറഞ്ഞു.

പത്തനം തിട്ട, മാവേലിക്കര, കോട്ടയം എന്നീ മൂന്ന് പാർലമെന്റ് സ്ഥാനാർഥികൾക്ക്  വേണ്ടിയായിരുന്നു രാഹുലിന്റെ പ്രചാരണമെങ്കിലും പത്തനംതിട്ട, മാവേലിക്കര സ്ഥാനാർത്ഥികൾ യോഗത്തിൽ പോലും എത്താതിരുന്നത് വൻ സാമ്പത്തിക ബാധ്യത വരുന്നതിനാലാണ് എന്നാണ് അറിയാൻ സാധിച്ചത്.

മൂന്ന് സ്ഥാനാർഥികളും തുല്യമായി ചെലവ് വഹിക്കണമെന്നതായിരുന്നു നേരത്തെയുള്ള ധാരണ. പക്ഷേ മറ്റ് രണ്ട് സ്ഥാനാർഥികൾ വിട്ടു നിന്നതോടെ കോട്ടയത്തെ സ്ഥാനാർഥി തന്നെ മുഴുവൻ തുകയും എഐസിസി നേതൃത്വത്തിന് കൊടുക്കേണ്ടി വന്നു എന്നതാണ് ജോസഫ് വിഭാഗത്തെ ചൊടിപ്പിച്ചത്.

മാത്രവുമല്ല, മുഴുവൻ തുകയും വഹിച്ചിട്ടും തനിക്ക് വേണ്ടി രാഹുൽ വോട്ട് ചോദിച്ചില്ല എന്ന പരാതിയും ബാക്കി നിൽക്കുന്നു. കൂടാതെ ഇലക്ഷൻ കമ്മീഷൻ മുൻപാകെ ഏതാണ്ട് 50 ലക്ഷത്തോളം രൂപ കണക്ക് കൊടുക്കേണ്ട സാഹചര്യവും സംജാതമായി.

ഇത് കേരള കോൺഗ്രസ്‌ നേതൃത്വം ചോദ്യം ചെയ്തപ്പോൾ കോൺഗ്രസ്‌ നേതാക്കൾ മറുപടി പറയാതെ സ്ഥലം വിടുകയായിരുന്നു. യോഗത്തിന് ആള് കുറഞ്ഞതിനെചൊല്ലിയും ജോസഫ് വിഭാഗവും കോൺഗ്രസ്‌ നേതൃത്വവുമായി വാക്ക് തർക്കം ഉണ്ടായി. രാഹുൽ ഗാന്ധി വന്നപ്പോൾ ആള് കുറഞ്ഞത് ജോസഫ് വിഭാഗത്തിനു ജില്ലയിൽ ശക്തി ഇല്ലാത്തതിനാലാണെന്ന് കോൺഗ്രസ്‌ നേതൃത്വം ആരോപിച്ചപ്പോൾ, രാഹുലിന്റെ പരിപാടിക്ക് ആളെ കൊണ്ടുവരേണ്ട ചുമതല കോൺഗ്രസ്‌ ജില്ലാ നേതൃത്വത്തിനാണെന്ന് ജോസഫ് വിഭാഗവും തിരിച്ചടിച്ചു.

ഏതായാലും രാഹുൽ ഗാന്ധിയുടെ വരവിൽ പുലിവാൽ പിടിച്ചിരിക്കുന്ന കോട്ടയം ജില്ലാ യുഡിഎഫ് നേതൃത്വത്തോട് വിശദീകരണം ചോദിച്ചിരിക്കുകയാണ് കെപിസിസി നേതൃത്വം എന്നാണ് അറിയാൻ കഴിഞ്ഞത്.

Advertisment