Advertisment

ഏറ്റവും പുതിയ എ.ബി.സി റിപ്പോര്‍ട്ട് പ്രകാരം പ്രമുഖ പത്രങ്ങളുടെയെല്ലാം കോപ്പികളില്‍ വന്‍ ഇടിവ്. 2018 നു ശേഷംമാത്രം മനോരമയുടെ എണ്ണത്തിലുണ്ടായ കുറവ് 5.52 ലക്ഷം കോപ്പികള്‍. മാതൃഭൂമിയ്ക്ക് ആകെയുള്ളത് നിലവില്‍ 10 ലക്ഷം കോപ്പികള്‍. വായനക്കാര്‍ ഡിജിറ്റല്‍ വായനയിലേയ്ക്ക് തിരിഞ്ഞതോടെ അച്ചടി മാധ്യമങ്ങള്‍ നേരിടുന്നത് വലിയ പ്രതിസന്ധികള്‍

മനോരമക്ക് 5.52 ലക്ഷം കോപ്പിയാണ് കുറഞ്ഞതെങ്കിൽ മാതൃഭൂമിയ്ക്ക് അതിനേക്കാൾ ഭീകരമായ നഷ്ടമാണ് പ്രചാരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്ക് പ്രകാരം മാതൃഭൂമിയുടെ സർ‍ക്കുലേഷൻ പത്ത് ലക്ഷമാണ്. മനോരമയേക്കാൾ ഏതാണ്ട് 8 ലക്ഷം കോപ്പി കുറവ്. 14 ലക്ഷം കോപ്പിയുണ്ടായിരുന്നിടത്ത് നിന്നാണ് മാതൃഭൂമി പടവലങ്ങയുടെ വളർച്ച പോലെ താഴേക്ക് പതിച്ചത്.

New Update
News papar ratings

കോട്ടയം: പ്രചാരത്തിൽ വർദ്ധനയെന്ന് ഊറ്റം കൊളളുമ്പോഴും മലയാളത്തിലെ ദിനപത്രങ്ങളുടെയെല്ലാം വള‍ർച്ച താഴോട്ട്. മലയാള മനോരമയും മാതൃഭൂമിയുമാണ് പ്രചാരം കുറഞ്ഞ് താഴേക്ക് കൂപ്പുകുത്തുന്നത്. ഓഡിറ്റ് ബ്യൂറോ ഓഫ് സർക്കുലേഷൻ (എ.ബി.സി) റിപ്പോർട്ടിനെ ഉദ്ധരിച്ച് കൊണ്ട് മലയാള മനോരമ തന്നെ പ്രസിദ്ധികരിച്ച കണക്ക് പ്രകാരം അവരുടെ പ്രചാരം നിലവില്‍ 18.16 ലക്ഷം കോപ്പികളാണ്.

Advertisment

വാർത്ത വായിക്കുന്ന വായനക്കാർക്ക് പത്രം വളർച്ചയുടെ പാതയിലാണെന്ന് തോന്നാമെങ്കിലും വസ്തുത അതല്ല. 2018 സെപ്റ്റംബർ 25 ന് മനോരമ എ.ബി.സിയെ ഉദ്ധരിച്ച് കൊണ്ട് പ്രസിദ്ധീകരിച്ച കണക്ക് പ്രകാരം പത്രത്തിൻെറ അന്നത്തെ സർ‍ക്കുലേഷൻ 23.68 ലക്ഷമായിരുന്നു. അതായത് ഇന്നത്തേക്കാൾ 5.52 ലക്ഷം പത്രം കൂടുതൽ.


മറ്റൊരു വിധത്തിൽ പറഞ്ഞാൽ 2018ൽ ഉണ്ടായിരുന്നതിനേക്കാൾ 5.52 ലക്ഷം പത്രങ്ങൾ മനോരമക്ക് നഷ്ടമായി. പത്രത്തിൻെറ പ്രചാരം ഈ വിധം കുറയുമ്പോഴാണ് വായനാക്കാരെ പ്രചാരത്തിൽ വളർച്ചയുണ്ടെന്ന് തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുളള വാർത്തകൾ വരുന്നത്.

മനോരമക്ക് 5.52 ലക്ഷം കോപ്പിയാണ് കുറഞ്ഞതെങ്കിൽ മാതൃഭൂമിയ്ക്ക് അതിനേക്കാൾ ഭീകരമായ നഷ്ടമാണ് പ്രചാരത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഏറ്റവും പുതിയ കണക്ക് പ്രകാരം മാതൃഭൂമിയുടെ സർ‍ക്കുലേഷൻ പത്ത് ലക്ഷമാണ്. മനോരമയേക്കാൾ ഏതാണ്ട് 8 ലക്ഷം കോപ്പി കുറവ്. 14 ലക്ഷം കോപ്പിയുണ്ടായിരുന്നിടത്ത് നിന്നാണ് മാതൃഭൂമി പടവലങ്ങയുടെ വളർച്ച പോലെ താഴേക്ക് പതിച്ചത്.

ഇപ്പോൾ ഇവരെല്ലാം എ.ബി.സിക്ക് സമ‍ർപ്പിച്ചിരിക്കുന്ന ലക്ഷങ്ങളുടെ കണക്കുകളും അത്ര കൃത്യമല്ലെന്ന് ഈ സ്ഥാപനങ്ങളിലെ ജീവനക്കാർ തന്നെ അടക്കം പറയുന്നുണ്ട്. പത്രത്തിൻെറ പ്രചാരം പത്ത് ലക്ഷത്തിൽ താഴെയാണെന്ന് ഔദ്യോഗികമായി വന്നാൽ അത് പരസ്യ വരുമാനത്തെ ബാധിക്കും. പത്ത് ലക്ഷത്തിൽ താഴെ പ്രചാരമുളള പത്രങ്ങളുടെ പരസ്യ നിരക്ക് കുറവാണ്.


യഥാർത്ഥ കണക്ക് പുറത്ത് വന്നാൽ ഇപ്പോൾ പരസ്യ ദാതാക്കളിൽ നിന്ന് വാങ്ങിക്കൊണ്ടിരിക്കുന്ന റേറ്റിൽ കുറവ്  വരുത്തേണ്ടി വരും എന്നതാണ് സ്ഥിതി. അതിനാല്‍ പല സ്ഥാപനങ്ങളും പരസ്യക്കാരെ കാണിക്കാന്‍ പ്രചാരം ഉയര്‍ത്തി കാണിക്കുന്നതാണ് പ്രവണത.


മുത്തശി പത്രങ്ങളുടെ പ്രചാരം ഇത്രയും കുറഞ്ഞപ്പോൾ കേരള കൗമുദി, മാധ്യമം, ദീപിക തുടങ്ങിയ പത്രങ്ങളുടെ സ്ഥിതിയും ആശാവഹമല്ല. എല്ലാ പത്രങ്ങളുടെയും പ്രചാരം കുത്തനെ ഇടിയുകയാണ്. സി.പി.എം മുഖപത്രമായ ദേശാഭിമാനി മാത്രമാണ് പ്രചാരത്തിൽ  അൽപ്പമെങ്കിലും വള‍‍ർച്ച കാണിക്കുന്നത്. പാർട്ടി ഭരണത്തിലായതിനാലും സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇടയ്ക്കിടെ നടത്തുന്ന ക്യാമ്പയിനും കാരണം ദേശാഭിമാനിയുടെ പ്രചാരം ഏഴര ലക്ഷത്തിനും എട്ട് ലക്ഷത്തിനും ഇടയിൽ നിൽക്കുന്നു.

ഒരു ഘട്ടത്തിൽ മാതൃഭൂമിയെ മറികടന്ന് ദേശാഭിമാനിയെ പ്രചാരത്തിൽ രണ്ടാം സ്ഥാനത്തേക്ക് എത്തിക്കാൻ ക്യാമ്പയിൻ നടന്നെങ്കിലും യാഥാ‍ർത്ഥ്യമായില്ല. കോട്ടയത്ത് മാതൃഭൂമിയെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളിയതും കണ്ണൂരിൽ മലയാള മനോരമയെ മൂന്നാം സ്ഥാനത്തേക്ക് പിന്തളളിയതുമായിരുന്നു ദേശാഭിമാനി കൈവരിച്ച നേട്ടം. പിന്നീട് പലവട്ടം ക്യാമ്പയിൻ നടന്നെങ്കിലും പ്രചാരം ഏഴര ലക്ഷം  എട്ട് ലക്ഷം എന്ന നിലയിൽ തന്നെ കിടക്കുകയാണ്.

കഴിയാവുന്ന എല്ലാവരെ കൊണ്ടും പാ‍ർട്ടി സമ്മ‍ർദ്ദം ചെലുത്തി പത്രം വാങ്ങിപ്പിച്ച് കഴിഞ്ഞതിനാൽ ദേശാഭിമാനിയുടെ വളർച്ച അതിൻെറ പരമാവധിയിൽ എത്തി നിൽക്കുകയണ്.


കോവിഡും വായനക്കാരിൽ നല്ലൊരുപങ്കും ഡിജിറ്റൽ മാധ്യമങ്ങളിലേക്ക് മാറിയതുമാണ് മലയാള മനോരമയും മാതൃഭൂമിയും അടക്കമുളള ദിനപത്രങ്ങളുടെ പ്രചാരം വൻതോതിൽ ഇടിയാൻ കാരണം. കോവി‍ഡ് വന്നതോടെ റെയിൽവേ സ്റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും അടക്കമുളള ഒറ്റകോപ്പി വീതമുളള ന്യൂസ് സ്റ്റാന്റുകളിലെ വിൽപ്പന ഇല്ലാതായി.


കോവിഡ് കാലം കഴിഞ്ഞിട്ടും ആ വിൽപ്പന തിരിച്ചുവന്നില്ല. റെയിൽവേ സ്റ്റേഷനിൽ നിന്ന് പത്രം വാങ്ങി വായിക്കുന്ന ട്രെയിൻ യാത്രക്കാരുടെ എണ്ണം  നന്നേ കുറഞ്ഞു. ജനശതാബ്ദി പോലുളള ട്രെയിനിൽ പത്രങ്ങൾ വിതരണം ചെയ്തിരുന്നതും നിലച്ചു.

മാതൃഭൂമിക്ക് വിനയായി വിവാദങ്ങള്‍ 

പത്രങ്ങളുടെ പ്രചാരം കുറയാനുളള പൊതു സാഹചര്യം ഇതാണെങ്കിലും മാതൃഭൂമിയുടെ പ്രചാരം കുറഞ്ഞതിൻെറ മറ്റൊരു കാരണം ചില വിവാദങ്ങളാണ്. 2016ൽ പ്രവാചകൻ മുഹമ്മദ് നബിയ്ക്കെതിരായ പരാമർശം അബദ്ധത്തിൽ പ്രസിദ്ധീകരിച്ചത് മുതലാണ് മാതൃഭൂമിയുടെ പ്രചാരം ഗണ്യമായി ഇടിയാൻ തുടങ്ങിയത്. മുസ്ളിം സംഘടനകളും കച്ചവട സ്ഥാനങ്ങളും പത്രം നിർത്തി.

പെട്ടെന്ന് തന്നെ മാപ്പ് പറഞ്ഞെങ്കിലും പോയ പത്രങ്ങൾ തിരികെ വന്നില്ല. പിന്നാലെ മീശ നോവൽ വിവാദം കൂടി വന്നതോടെ മാതൃഭൂമിയുടെ പ്രചാരം വീണ്ടും കൂപ്പുകുത്തി. ആക്ഷേപകരമായ പരാമർശങ്ങളുടെ പേരിൽ എൻ.എസ്.എസ് പത്രം ബഹിഷ്കരിക്കാൻ ആഹ്വാനം ചെയ്തു. പ്രവാചക നിന്ദയിൽ മാപ്പ് പറഞ്ഞ മാതൃഭൂമി മാനേജ്മെന്റ് മീശ പ്രശ്നത്തിൽ അതിന് തയാറായില്ല.

ഇതോടെ മാതൃഭൂമി വാങ്ങുന്ന പ്രബല വിഭാഗമായ നായർ സമുദായം കരയോഗങ്ങൾ വഴിയുളള കാമ്പയിനിലൂടെ ബഹിഷ്കരണം ശക്തമായി നടപ്പിലാക്കി  ക്ഷേത്രാചാരങ്ങളെ അശ്ളീലമായ ചിത്രീകരിക്കുന്ന നോവലിൽ പ്രതിഷേധിച്ച് അമ്പലങ്ങളും മാതൃഭൂമി ബഹിഷ്കരിച്ചു. അവിടെങ്ങളിലെല്ലാം ബി.ജെ.പി പത്രമായ ജന്മഭൂമി കയറിപ്പറ്റി. അപ്പോഴും ആവിഷ്കാര സ്വാതന്ത്ര്യമാണെന്ന് പറഞ്ഞ് നോവലിലെ വിവാദ പരാമർശങ്ങളെ പിന്തുണച്ച് മുഖപ്രസംഗം എഴുതുകയാണ് പത്ര മാനേജ്മെൻറ് ചെയ്തത്.

ദൗത്യം തുടരുക തന്നെ ചെയ്യുമെന്ന് പ്രഖ്യാപിച്ചുകൊണ്ടുളള മുഖപ്രസംഗം എൻ.എസ്.എസ് നേതൃത്വത്തെ വീണ്ടും പ്രകോപിപ്പിച്ചു. ഇടത്  പ്രവർത്തകരും സാംസ്കാരിക നായകരും പത്രത്തെ പിന്തുണച്ച് രംഗത്തുണ്ടായിരുന്നെങ്കിലും അതൊന്നും സർക്കുലേഷനിൽ ഒരു ചലനവും ഉണ്ടാക്കിയില്ല. വർഷം ഒന്ന് കടന്നു പോകുകയും വരുമാനം ഇടിയുകയും ചെയ്തതോടെയാണ് പത്ര മാനേജ്മെന്റ് മീശ വിവാദത്തിൽ ഖേദം പ്രകടിപ്പിച്ചത്.

അന്നത്തെ മാനേജിങ്ങ് ഡയറക്ടർ എം.പി വിരേന്ദ്രകുമാർ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് പോയി ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായരെ കണ്ട് നേരിട്ട് ഖേദം അറിയിക്കുകയായിരുന്നു. ഇതോടെ ബഹിഷ്കരണം പിൻവലിച്ചെങ്കിലും പോയ പത്രങ്ങൾ അതേ തോതിൽ തിരികെ വന്നില്ല.

Advertisment