Advertisment

ഉഷ്ണതരംഗ ജാഗ്രത; ഹരിതകര്‍മസേനയുടെ പ്രവര്‍ത്തനസമയത്തില്‍ ക്രമീകരണം. ഹരിതകര്‍മസേനാംഗങ്ങള്‍ ശേഖരത്തിനു പോകുമ്പോള്‍ വീടുകളിലും സ്ഥാപനങ്ങളിലും കുടിവെളളം ലഭ്യമാക്കാനും നിര്‍ദേശം

New Update
haritha karma sena

കോട്ടയം: കനത്ത വേനല്‍ച്ചൂടിന്റെ പശ്ചാത്തലത്തില്‍ ഉഷ്ണതരംഗ ജാഗ്രതാ മുന്നറിയിപ്പുള്ള ജില്ലകളില്‍ ഹരിതകര്‍മ്മസേനാംഗങ്ങളുടെ വാതില്‍പടി മാലിന്യശേഖരണ സമയത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തി. വാതില്‍പടി ശേഖരണം രാവിലെ 11 വരെയും ഉച്ചകഴിഞ്ഞ് മൂന്നിനു ശേഷവുമായി ക്രമീകരിക്കാനാണ് തദ്ദേശസ്വയംഭരണവകുപ്പിന്റെ നിര്‍ദേശം.

Advertisment

വാതില്‍പടി ശേഖരണത്തിന് പോകുന്ന ഹരിതകര്‍മ്മസേനാംഗങ്ങള്‍ ആവശ്യത്തിന് കുടിവെള്ളം, ഒആര്‍എസ്, സണ്‍സ്‌ക്രീം/ലോഷനുകള്‍ എന്നിവ കരുതണം. ആവശ്യമെങ്കില്‍ യൂണിഫോമിന്റെ ഭാഗമായുള്ള കട്ടികൂടിയ ഓവര്‍കോട്ടുകള്‍ താല്‍ക്കാലികമായി ഒഴിവാക്കാം. അയഞ്ഞതും ഇളം നിറത്തിലുമുള്ള പരുത്തി വസ്ത്രങ്ങള്‍, കുട, തൊപ്പി, പാദരക്ഷകള്‍ എന്നിവ ഉപയോഗിക്കുക.

പ്രായമായവര്‍, ഗര്‍ഭിണികള്‍ മറ്റു രോഗങ്ങള്‍ മൂലം അവശത അനുഭവിക്കുന്ന ഹരിതകര്‍മ്മസേനാംഗങ്ങള്‍ എന്നിവര്‍ വാതില്‍പടി ശേഖരണത്തിന് പോകുമ്പോള്‍ സൂര്യപ്രകാശം നേരിട്ട് ഏല്‍ക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.

വാതില്‍പ്പടി ശേഖരണം നടത്തുമ്പോള്‍ വിശ്രമിക്കുന്നതിന് തദ്ദേശസ്ഥാപനത്തിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളോ സ്ഥാപനങ്ങളോ ഉപയോഗിക്കാം. ഹരിതകര്‍മസേനാംഗങ്ങള്‍ ശേഖരത്തിനു പോകുമ്പോള്‍ വീടുകളിലും സ്ഥാപനങ്ങളിലും കുടിവെളളം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ തദ്ദേശസ്വയംഭരണ സ്ഥാപനം ഒരുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു.

Advertisment