Advertisment

അൻപതു ലക്ഷത്തോളം രൂപ മുടക്കി വാങ്ങിയ പോളവാരൽ യന്ത്രം ഒറ്റ ദിവസ ത്തിനുള്ളിൽ കേടായെന്നു ജില്ലാ പഞ്ചായത്ത്. കേടായ യന്ത്രം എവിടെയെന്ന് ലീഗൽ സർവിസ് അതോറിറ്റി. മറുപടി ലഭിക്കാതെ വന്നതോടെ യന്ത്രം കാണണമെന്നും ആവശ്യം.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
pola.1713977673.jpg

കോട്ടയം: അൻപതുലക്ഷത്തോളം രൂപ മുടക്കി വാങ്ങിയ പോളവാരൽ യന്ത്രം ഉദ്ഘാന ദിവസം തന്നെ  കേടായെന്നു ജില്ലാ പഞ്ചായത്ത്. എന്നാൽ, ആ യന്ത്രമൊന്നു കാണണമെന്ന് ജില്ല ലീഗൽ സർവിസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്‌ജ് രാജശ്രീ രാജഗോപാൽ. കോട്ടയം - ആലപ്പുഴ ജലപാതയിലെ പോള ശല്യം സംബന്ധിച്ച പരാതി പരിഗണിക്കവേ ആയിരുന്നു സെക്രട്ടറിയുടെ പരാമർശം.

Advertisment

പോള ശല്യം കൊണ്ട് പടിഞ്ഞാറൻ നിവാസികൾ പൊറുതിമുട്ടുന്നതിനിടെയാണു ലീഗൽ സർവീസ് അതോറിറ്റിയുടെ ഇടപെടൽ. പോള വാരൽ യന്ത്രം കേടായ വിവരം ജില്ല പഞ്ചായത്തിനുവേണ്ടി ഹാജരായ സീനിയർ സൂപ്രണ്ടാണ് അറിയിച്ചത്. യന്ത്രം ഉപയോഗിച്ച് ഉപരിതലത്തിലെ പോള മാത്രമേ നീക്കാനാവൂ എന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ യന്ത്രം ഇപ്പോൾ എവിടെയാണെന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാനായില്ല. തുടർന്നാണ് പോള വാരൽ യന്ത്രം കാണണമെന്ന് സെക്രട്ടറി ആവശ്യപ്പെട്ടത്. അടുത്ത ദിവസം സ്ഥലം സന്ദർശിക്കാനും തീരുമാനിച്ചു.

2018ൽ സഖറിയാസ് കുതിരവേലി അധ്യക്ഷനായിരിക്കെയാണ് ഒരു മണിക്കുറിൽ അഞ്ചു ടൺ പോള വാരാൻ ശേഷിയുള്ള യന്ത്രം വാങ്ങിയത്. എന്നാൽ, കുമരകത്ത് ഉദ്ഘാടനത്തിനിടെ കേടായ യന്ത്രം ഏറെക്കാലം വെള്ളത്തിൽകിടന്ന് തുരുമ്പെടുത്തു. പിന്നീട് കരക്കുകയറ്റി കോടിമതയിൽ എത്തിച്ചിരുന്നു. യന്ത്രത്തിൻ്റെ സൂക്ഷിപ്പുകാർ കൃഷി വകുപ്പായതിനാൽ അവരെക്കൂടി കേസിൽ കക്ഷിചേർക്കാനും തീരുമാനമായി.

മലിനീകരണ നിയന്ത്രണബോർഡിന്റെ കോട്ടയം, ആലപ്പുഴ ജില്ല മേധാവികൾ ഹാജരായിരുന്നു. നഗരത്തിലെ മാലിന്യ പൈപ്പുകൾ ആറ്റിലേക്കു തുറക്കുന്നതിനാലാണ് പോള തഴച്ചുവളരുന്നതെന്ന് ഇവർ പറഞ്ഞു.

ബോട്ടുകളിലെ മാലിന്യം വെള്ളത്തിലേക്കു തള്ളുന്നതും പോള വളരാൻ ഇടയാക്കുന്നു. തണ്ണീർമുക്കം ബണ്ട് പൂർണമായി തുറക്കാത്തതാണ് പോള അടിയാൻ കാരണമെന്നും ഇവർ ചൂണ്ടിക്കാട്ടി. ഇന്നലെ ഹാജരാകാതിരുന്ന ഇറിഗേഷൻ, ജലഗതാഗതവകുപ്പ് പ്രതിനിധികൾക്ക് രജി‌സ്റ്റേഡ് നോട്ടീസ് അയക്കാൻ നിർദേശം നൽകി. കേസ് ജൂൺ ആറിനു വീണ്ടും പരിഗണിക്കും.

Advertisment