Advertisment

കടുത്ത വേനലില്‍ കരിഞ്ഞുണങ്ങിയത് 2.20 കോടിയുടെ കാര്‍ഷിക വിളകള്‍ മഴ പെയ്യാന്‍ മടിച്ചാല്‍ കര്‍ഷകര്‍ നേരിടാന്‍ പോകുന്നത് ഇരട്ടി ദുരിതം 46.20 ഹെക്ടറിലെ കൃഷി നശിച്ചുവെന്നാണു കൃഷി വകുപ്പ്

New Update
crisis1.jpg

കോട്ടയം: കടുത്ത വേനലില്‍ 46.20 ഹെക്ടറിലെ കൃഷി കരിഞ്ഞുണങ്ങി കര്‍ഷകര്‍ക്കു സംഭവിച്ചത് 2.20 കോടിയുടെ നഷ്ടം. മൂന്നു മാസമായി ശക്തമായ വേനലില്‍ പല കൃഷിയിടങ്ങളും പൂര്‍ണമായി ഉണങ്ങി നശിച്ചു. ഇവിടങ്ങളില്‍ മഴ ആരംഭിക്കുമ്പോള്‍ പുതിയ കൃഷി ആരംഭിക്കുക മാത്രമേ നിവൃത്തിയുള്ളൂവെന്നു കര്‍ഷകര്‍ പറയുന്നു.

Advertisment

വിവിധ താലൂക്കുകളിലായി 46.20 ഹെക്ടറിലെ കൃഷി നശിച്ചുവെന്നാണു കൃഷി വകുപ്പിന്റെ കണക്ക്.  691 കര്‍ഷകര്‍ക്കാണ് നഷ്ടമുണ്ടായത്. വാഴക്കൃഷിക്കാണു കൂടുതല്‍ നാശം നേരിട്ടത്. കുരുമുളക്, ജാതി, തെങ്, കാപ്പി, കൊക്കോ, ഗ്രാമ്പു ഉള്‍പ്പെടെയുള്ള നാണ്യവിളകളും പച്ചക്കറി കൃഷിയും പൈനാപ്പിള്‍ കൃഷിയും നശിച്ചിട്ടുണ്ട്.

വാഴക്കാര്‍ക്കാണ് ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടായത്. കുലച്ചതും കുലക്കാത്തതുമായ വാഴകള്‍ ഒടിഞ്ഞുവീഴുകയാണ്. കുലച്ച് പാകമാകും മുമ്പ് വാഴകള്‍ നശിക്കുന്നത് കര്‍ഷകര്‍ക്ക് കനത്ത ആഘാതമാണ് ഏല്‍പ്പിച്ചിരിക്കുന്നത്. പാതി വിളവെത്തിയ കുലകള്‍ക്ക് വിലനല്‍കാന്‍ വ്യാപാരികളും തയ്യാറാകുന്നില്ല. പച്ചക്കറി വ്യാപാരികള്‍ക്കും ഏത്തക്കുലകളോട് പ്രിയമില്ലാതെ വന്നതോടെ കന്നുകാലികള്‍ക്കു തീറ്റയായി നല്‍കുകയാണ് പലരും. വായ്പകളെടുത്തു  വാഴക്കൃഷി ചെയ്തവരെല്ലാം വലിയ നഷ്ടത്തിന്റെകെണിയിലായി. ഓണത്തിനായി ഒരുക്കുകയും നനയ്ക്കുകയും ചെയ്തിരുന്ന വാഴകള്‍ പോലും വെയിലിന്റെ കാഠിന്യത്തില്‍  ഒടിഞ്ഞു വീഴുന്നതായി കര്‍ഷകര്‍ പറയുന്നു.

ജലക്ഷാമത്തെതുടര്‍ന്ന് പച്ചക്കറികളും നശിച്ചു. കൃത്യമായി നനക്കാന്‍ കഴിയാത്തതാണു നഷ്ടം വര്‍ധിപ്പിച്ചത്. റബറിനെയും ഉണക്ക് ബാധിച്ചു. ടാപ്പിങ്ങ് നടക്കുന്ന സ്ഥലങ്ങളില്‍ പാല്‍ ഉല്‍പാദനവും കുറഞ്ഞു. പൈനാപ്പിള്‍  പൂര്‍ണമായി ഉണങ്ങിയില്ലെങ്കിലും വലിപ്പത്തിലും തൂക്കത്തിലും വന്‍ കുറവുണ്ടായത് കര്‍ഷകരെ നിരാശരാക്കി.

ഫെബ്രുവരി ഒന്നുമുതല്‍ കഴിഞ്ഞ ദിവസം വരെയായി കൃഷിവകുപ്പ്  ഉദ്യോഗസ്ഥര്‍ വരള്‍ച്ചബാധിത മേഖലകള്‍ സന്ദര്‍ശിച്ചാണ് വിവരങ്ങള്‍ ശേഖരിച്ചത്. കര്‍ഷകര്‍ വിളനാശത്തിനുള്ള നഷ്ടപരിഹാരത്തിനുള്ള അപേക്ഷകളുമായി കൃഷിഭവനുകളില്‍ കൂടുതലായി എത്തുന്നതോടെ നഷ്ടക്കണക്ക് ഇനിയും ഉയരും.

Advertisment