Advertisment

കെ.എസ്. ആർ.ടി.സി ബസില്‍ സഹയാത്രികയായ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി യുവാവ്; പെൺകുട്ടി ബഹളം വെച്ചതോടെ ഓടിക്കൊണ്ടിരുന്ന ബസിൻ്റെ ജനാലവഴി ചാടി രക്ഷപെടാൻ ശ്രമിച്ച യുവാവിനെ പിടികൂടി സഹയാത്രികർ; പിടിയിലായത് നഴ്സായി ജോലി ചെയ്യുന്നയാൾ

വിദ്യാര്‍ഥിനി കൊട്ടാരക്കരയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു. കോട്ടയത്ത് ബസ് എത്തിയപ്പോള്‍ പിന്‍ നിര സീറ്റുകള്‍ ഒഴിഞ്ഞു കിടന്നു. നഴ്‌സായ യുവാവ് അടുത്ത് ഇരുന്ന ശേഷം മുട്ടുചിറയായപ്പോള്‍ കയറിപ്പിടിക്കുകയായിരുന്നു.

New Update
ksUntitled4.jpg

കടുത്തുരുത്തി: കെ.എസ്. ആർ.ടി.സി ബസില്‍ വച്ചു സഹയാത്രികയായ വിദ്യാര്‍ഥിനിയോട് നഴ്സായ യുവാവ് അപമര്യാദയായി പെരുമാറി, പെൺകുട്ടി ബഹളം വെച്ചതോടെ ഓടിക്കൊണ്ടിരുന്ന ബസിൻ്റെ ജനാലവഴി  ചാടി രക്ഷപെടാൻ ശ്രമിച്ച  യുവാവിനെ സഹയാത്രികർ ചേർന്നു പിടികൂടി.

Advertisment

തുടര്‍ന്നു ബസ് നിർത്തി ജീവനക്കാരും യാത്രക്കാരും ചേര്‍ന്നു യുവാവിനെ കടുത്തുരുത്തി പോലീസില്‍ ഏല്‍പ്പിച്ചു. കോട്ടയം സ്വദേശി മോബി സി. ജോര്‍ജിനെയാണു പോലീസ് അറസ്റ്റു ചെയ്തത്. ഇന്നലെ  ഉച്ചകഴിഞ്ഞു മൂന്നോടെ  തിരുവനന്തപുരത്തു നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസില്‍ മുട്ടുചിറയില്‍ വച്ചായിരുന്നു സംഭവം.

വിദ്യാര്‍ഥിനി കൊട്ടാരക്കരയില്‍ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്നു. കോട്ടയത്ത് ബസ് എത്തിയപ്പോള്‍ പിന്‍ നിര സീറ്റുകള്‍ ഒഴിഞ്ഞു കിടന്നു. നഴ്‌സായ യുവാവ് അടുത്ത് ഇരുന്ന ശേഷം മുട്ടുചിറയായപ്പോള്‍ കയറിപ്പിടിക്കുകയായിരുന്നു.

ഇതേ തുടര്‍ന്ന് യുവതി ബഹളം വച്ചു. വണ്ടി അടുത്ത സ്‌റ്റേഷനിലേക്ക് വിടണമെന്നും പരാതിയുണ്ടെന്നും പറഞ്ഞതോടെ ബസിലുണ്ടായിരുന്ന രണ്ടു ചെക്കര്‍മാരും, കണ്ടക്ടറും, ഡ്രൈവറും ചേര്‍ന്നു വണ്ടി കടുത്തുരുത്തി സ്‌റ്റേഷനിലേക്കു വിടാന്‍ ശ്രമിച്ചു.

ഈ സമയം  വണ്ടി വേഗതയിലായതോടെ ജനല്‍ വഴി പുറഞ്ഞേക്ക് ചാടാന്‍ ശ്രമിച്ച യുവാവിന്റെ കാലില്‍ പിടിച്ചു വലിച്ചു നിര്‍ത്തിയ ശേഷം ബസ് നിര്‍ത്തിക്കുകയായിരുന്നു. ഇതോടെ വിദ്യാര്‍ഥിനിയോട് മാപ്പു പറഞ്ഞു തടിയൂരാനായി ശ്രമിച്ചെങ്കിലും യുവതി പരാതിയില്‍ നിന്നും പിന്‍മാറിയില്ല.

യുവാവിനെ കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍ എത്തിച്ച ശേഷം ബസ് യാത്ര തുടര്‍ന്നു. യുവാവിനെ ഇന്നു കോടതിയില്‍ ഹാജരാക്കും.

Advertisment