Advertisment

അരുണാചലിലെ മീനടം സ്വദേശികളായ ദമ്പതികളുടെയും അധ്യാപികയായ സുഹൃത്തിന്റെയും മരണത്തില്‍ നടുങ്ങി നാട്; ജോലി ഉപേക്ഷിച്ചു നവീനും ഭാര്യ ദേവിയും മീനടത്തെ വീട്ടില്‍ ഉണ്ടായിരുന്നതു കഴിഞ്ഞ ഒരു വര്‍ഷമായി; നാട്ടുകാരോടും അടുപ്പം കാട്ടിയിരുന്നില്ല

New Update
meenadam Untitleeed.jpg

കോട്ടയം: അരുണാചല്‍ പ്രദേശിലെ ദമ്പതികളുടെയും സുഹൃത്തിന്റെയും മരണത്തില്‍ നടുങ്ങി നാട്. ബ്ലാക്ക് മാജിക്കിനെക്കുറിച്ചും മരണാനന്തര ജീവതത്തെക്കുറിച്ചുമെല്ലാം മൂവരും ഇന്റര്‍നെറ്റില്‍ തെരഞ്ഞെുവെന്ന വിവരം കൂടി പുറത്തുവന്നതോടെ നവീനും ദേവിയും ഇങ്ങനെ ചെയ്യുമോയെന്ന അമ്പരപ്പിലാണു നാട്ടുകാര്‍. കഴിഞ്ഞ ഒരു വര്‍ഷമായി ഇരുവരും മീനടത്തെ വീട്ടിലുണ്ടായിരുന്നുവെങ്കിലും നാട്ടുകാരുമായി സമ്പര്‍ക്കം കുറവായിരുന്നു.

Advertisment

ഇന്നലെ ഉച്ചകഴിഞ്ഞാണ് അരുണാചല്‍ പ്രദേശിലെ ഇറ്റാനഗറില്‍ കോട്ടയം സ്വദേശികളായ ദമ്പതികളെയും സൃഹൃത്തിനെയും ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയെന്ന  വാര്‍ത്ത പരന്നത്. മണിക്കൂറുകള്‍ക്കു ശേഷമാണു മീനടം സ്വദേശികളാണെന്നറിയുന്നത്. വെട്ടത്തുകവല ഇലക്കൊടിഞ്ഞി റോഡില്‍ മൂന്നാംമൈലിനു സമീപം നെടുംപായ്കയില്‍ തോമസിന്റെ മകന്‍ നവീനും ഭാര്യ ദേവിയുമാണ് മരിച്ച ദമ്പതികള്‍ എന്നറിഞ്ഞതോടെ നാട്ടുകാര്‍ ഇവിടേയ്‌ക്കെത്തി.

ആദായ നികുതി വകുപ്പില്‍ ഉദ്യോഗസ്ഥനായിരുന്ന തോമസും കെ.എഫ്.സിയില്‍ ജോലിക്കാരിയായിരുന്ന ഭാര്യയും കൂടുതല്‍ കാലവും ജോലി സംബന്ധമായി തിരുവനന്തപുരത്തായിരുന്നു. നവീനും തിരുവനന്തപുരത്തായിരുന്നു. ആയുര്‍വേദ ഡോക്ടറാകാനുള്ള പഠനത്തിനിടെയാണു സഹപാഠിയായ ദേവിയെ പ്രണയിക്കുന്നതും പിന്നീട് വിവാഹം കഴിക്കുന്നതും. പിന്നീട് ഇരുവരും ആയുര്‍വേദ മേഖല ഉപേക്ഷിച്ചു നവീന്‍ ഓണ്‍ലൈന്‍ ട്രേഡിങ് മേഖലയിലേക്കും ദേവി ജര്‍മന്‍ അധ്യാപക മേഖലയിലേക്കും തിരിഞ്ഞിരുന്നു.

ഒരു വര്‍ഷമായി ഇരുവരും മീനടത്തെ വീട്ടിലുണ്ടായിരുന്നുവെങ്കിലും ഇക്കാലയളവില്‍ നാട്ടുകാരുമായി സമ്പര്‍ക്കം കുറവായിരുന്നു. ഇക്കാലയളവിലാണ് നവീനും ദേവിയും പുനര്‍ജന്മത്തെിലും ബ്ലാക്ക് മാജിക്കിനെക്കുറിച്ചും കൂടുതല്‍ ആകൃഷ്ടരാവുന്നതെന്നാണു സൂചന. മന്ത്രവാദ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സംഘടനയില്‍ ഇരുവരും അംഗങ്ങളായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

നവീനും ദേവിയും മാര്‍ച്ച് 17നാണ് കോട്ടയത്തെ വീട്ടില്‍നിന്നു പോയത്. ടൂര്‍ പോവുകയാണെന്നും എങ്ങോട്ടാണ് പോകുന്നതെന്ന് ആരോടും പറഞ്ഞിരുന്നില്ലെന്നും നാട്ടുകാര്‍ പറഞ്ഞു. നവീന്റെ മാതാവും പിതാവും തിരുവനന്തപുരത്ത് ജോലി ചെയ്തതിനാല്‍ ചെറുപ്പം മുതല്‍ നവീനും തിരുവനന്തപുരത്തായിരുന്നു.

ചുരുക്കം ചിലര്‍ മാത്രമാണ് നവീന് സുഹൃത്തുക്കളായി മീനടത്തുള്ളത്. അവര്‍ക്കും നടന്നതൊന്നും ഇനിയും വിശ്വസിക്കാനായിട്ടില്ല. 13 വര്‍ഷമായി വിവാഹം കഴിഞ്ഞെങ്കിലും കുട്ടികള്‍ വേണ്ടെന്ന തീരുമാനത്തിലായിരുന്നു ഇരുവരും.

ആ ഒരു രീതിയിലേക്ക് ഇവരുടെ മനസ്സ് മാറിയിരുന്നു. ഇരുവരും അംഗങ്ങളായ ഒരു സംഘടന വഴിയാണ് ഇവര്‍ അരുണാചലിലേക്കു പോയതെന്നാണു പറയുന്നത്. ദേഹം മുഴുവന്‍ വരഞ്ഞ് മുറിച്ച് രക്തം വാര്‍ന്നാണു മരിച്ചതെന്നാണു പറയുന്നത്. ആ ഒരു രീതിയിലേക്ക് ഇവരുടെ മനസിനെ മാറ്റിക്കാണുമെന്നും നാട്ടുകാര്‍ വിശ്വസിക്കുന്നു.

Advertisment