Advertisment

വേണാട് എക്‌സ്പ്രസ് ഇന്നു മുതല്‍ താത്കാലികമായി എറണാകുളം സൗത്ത് സ്‌റ്റേഷന്‍ ഒഴിവാക്കി യാത്ര തുടരും; പ്ലാറ്റ്‌ഫോം ലഭ്യതക്കുറവില്‍ എന്നും സൗത്ത് ഔട്ടറില്‍ കിടക്കേണ്ടി വരുന്ന ഗതികേടിനു പരിഹാരമാകുമെന്നു യാത്രക്കാര്‍

നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തും.ഇത് വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന സ്ത്രീകളും വിദ്യാര്‍ഥികളും അടക്കം മുഴുവന്‍ യാത്രികര്‍ക്കും ഗുണപ്രദമാണ്.  

New Update
venad express

കടുത്തുരുത്തി: വേണാട് എക്‌സ്പ്രസ് ഇന്നു മുതല്‍ താത്കാലികമായി എറണാകുളം സൗത്ത് സ്‌റ്റേഷന്‍ ഒഴിവാക്കി യാത്ര തുടരുമെന്ന തീരുമാനത്തെ സ്വാഗതം ചെയ്തു ജില്ലയിലെ യാത്രക്കാര്‍. പ്ലാറ്റ്‌ഫോം ലഭ്യതക്കുറവില്‍ എന്നും സൗത്ത് ഔട്ടറില്‍ കിടക്കേണ്ടിവരുന്ന ഗതികേടിനും ഇതോടെ പരിഹാരമാകുമെന്നും യാത്രക്കാര്‍ പറയുന്നു.

Advertisment

തിരുവനന്തപുരത്ത് നിന്നു ഷൊര്‍ണൂര്‍ക്കും തിരിച്ചുമുള്ള വേണാട് എക്‌സ്പ്രസ് സര്‍വീസുകള്‍  എറണാകുളം ജങ്ഷന്‍(സൗത്ത്) സ്‌റ്റേഷനില്‍ എത്താതെ എറണാകുളം ടൗണ്‍ (നോര്‍ത്ത്) വഴി സര്‍വീസ് നടത്തുന്നത് യാത്രികര്‍ക്കു വലിയ സമയലാഭമാണ് ഉണ്ടാക്കുന്നത്.

ദിവസവും രാവിലെ 10 നു ശേഷം സൗത്തില്‍ എത്തിയിരുന്ന വേണാട് ഇനി മുതല്‍ രാവിലെ 9.50 ന് നോര്‍ത്തില്‍ എത്തും. എറണാകുളത്ത് ജോലി ചെയ്യുന്ന നൂറുകണക്കിന് ആളുകള്‍ക്കു സൗകര്യപ്രദമാണ്. ഇതോടെ, എറണാകുളം നോര്‍ത്ത് - ഷൊര്‍ണൂര്‍ റൂട്ടില്‍ വേണാട് എക്‌സ്പ്രസ് നിലവിലെ സമയ ക്രമത്തേക്കാള്‍ 30 മിനിറ്റോളം മുന്‍പേ എത്തുമെന്നാണു യാത്രക്കാര്‍ കരുതുന്നത്.

ഇത് എറണാകുളത്തിനു വടക്കോട്ടുള്ള യാത്രികര്‍ക്ക് അനുഗ്രഹമാണ്. നിലവില്‍ 12.50 ന് ഷൊര്‍ണൂര്‍ എത്തിയിരുന്ന വേണാട് ഇനി മുതല്‍ 12.25 ന് ഷൊര്‍ണൂര്‍ എത്തും. ഇതോടെ 12.35 ന് ഷൊര്‍ണൂര്‍ വഴി മംഗലാപുരം വരെ പോകുന്ന ചെന്നൈ എഗ്മോര്‍ മാംഗളൂര്‍ എക്‌സ്പ്രസിന് കണക്ഷന്‍ ലഭിക്കും.

അതായത് ഇനി മുതല്‍ വേണാടിന് പോയാല്‍ കോഴിക്കോട്,കണ്ണൂര്‍ കാസര്‍ഗോഡ്,മംഗലാപുരം വരെയുള്ള യാത്ര സാധ്യമാവുമെന്നതും പുതിയ പരിഷ്‌കാരത്തിന്റെ നേട്ടമായി ചൂണ്ടികാണിക്കുന്നു. ഇതേ രീതിയില്‍ രാവിലെ 11.18നു തൃശൂര്‍ എത്തുന്ന വേണാടില്‍ എത്തുന്ന യാത്രികര്‍ക്ക് 11.35നുള്ള ഗുരുവായൂര്‍ പാസഞ്ചര്‍ ട്രെയിനും ലഭിക്കും.

തിരിച്ചുള്ള യാത്രയില്‍ പതിവ് സമയത്ത് ഷൊര്‍ണൂര്‍ നിന്ന് പുറപ്പെടുന്ന വേണാട് എക്‌സ്പ്രസ് 5.15 ന് എറണാകുളം ടൗണില്‍ എത്തി 5.20 ന് പുറപ്പെടുന്നത് നിലവിലെ സൗത്തിലെ സമയം തന്നെ ആയതിനാല്‍ സൗകര്യപ്രദമാണെന്ന് സ്ഥിരം യാത്രികര്‍ ചൂണ്ടിക്കാട്ടുന്നു.

നോര്‍ത്ത് മുതല്‍ തിരുവനന്തപുരം വരെ എല്ലാ സ്റ്റേഷനിലും 15 മിനിറ്റോളം നേരത്തെ എത്തും.ഇത് വൈകിട്ട് ജോലി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന സ്ത്രീകളും വിദ്യാര്‍ഥികളും അടക്കം മുഴുവന്‍ യാത്രികര്‍ക്കും ഗുണപ്രദമാണ്.  

നിലവില്‍ 2.35 ന് ഷൊര്‍ണൂര്‍ നിന്നു യാത്ര പുറപ്പെടുന്ന വേണാട് അതിനുപകരം 3.05 ന് പുറപ്പെട്ടാല്‍ ബെംഗളൂരു എറണാകുളം ഇന്റര്‍സിറ്റി, ന്യൂഡെല്‍ഹി തിരുവനന്തപുരം കേരള എക്‌സ്പ്രസ് എന്നിവയ്ക്കായി പിടിച്ചിടുന്നത് ഒഴിവാക്കാമെന്നും അതുവഴി വേണാടിലെ യാത്ര വൈകിട്ടും കൂടുതല്‍ പ്രയോജനപ്രദമാക്കാമെന്നും യാത്രികര്‍ പറയുന്നു.

നിലവില്‍ എറണാകുളം ജങ്ഷന്‍ ഒഴിവാക്കി ടൗണ്‍ വഴി നടത്തുന്ന സര്‍വീസ് എറണാകുളം ജങ്ഷനിലെ അറ്റകുറ്റപ്പണിക്ക് വേണ്ടിയാണെങ്കിലും ഇത് സ്ഥിരമാക്കണമെന്ന് യാത്രക്കാരുടെ സംഘടനകള്‍ ആവശ്യം ഉയര്‍ത്തുന്നു.

Advertisment